Wednesday, August 24, 2016

ios 10 വൈകാതെ

ഐ.ഫോണ്‍ ആരാധകരും ടെക് ലോകവും ഏറെക്കാലമായി കാത്തിരിക്കുന്ന ഐഫേണ്‍ ഓപറേറ്റിങ് സിസ്റ്റം (ഐ.ഒ.എസ്) വൈകാതെ പുറത്തിറങ്ങുമെന്ന് ആപ്പിളുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ഉപയോക്താക്കള്‍ക്ക് ഐ.ഒ.എസ് ട്രയല്‍ വേര്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഓരോരുത്തരുടെയും ഫോട്ടോകള്‍ വെവ്വേറെ ഫോള്‍ഡറുകളില്‍ സേവ് ചെയ്യുമെന്നതാണ് സാധാരണക്കാരെ ഏറെ ആകര്‍ഷിക്കുന്ന പ്രത്യേകത. ഉദാഹരണമായി ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഫോട്ടോകള്‍ വെവ്വേറെ ഫോള്‍ഡറില്‍ ലഭ്യമാകും. പിന്നീട് ഫോള്‍ഡറിലെ ഫോട്ടോകള്‍ വീഡിയോ ആക്കി മാറ്റുകയും ചെയ്യും. ഐഫോണിനെ ഇഷ്ടപ്പെടാന്‍ ആരാധകര്‍ക്ക് മറ്റൊരു കാരണം കൂടിയായി. കൂടാതെ ഫോട്ടോ എടുത്ത സ്ഥലം, തിയ്യതി, എത്ര ഫോട്ടോകള്‍ എടുത്തു എന്നിവയൊക്കെ ഐ മാപ്പിന്റെ സഹായത്തോടെ വ്യക്തമാക്കാനുള്ള സംവിധാനങ്ങളും പുതിയ ഐ.ഒ.എസില്‍ ഉണ്ടാകുമെന്നാണ് വിവരം.
ഐഫോണുകളെല്ലാം വാട്ടര്‍ പ്രൂഫുകളല്ല. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷന്‍ ജല സാന്നിധ്യം കണ്ടെത്തിയാല്‍ ചാര്‍ജര്‍ കേബിള്‍ ഡിസ്‌കണക്ട് ചെയ്യാനുള്ള മുന്നറിയിപ്പു നല്‍കും.
ഐ ഫോണില്‍ ഓഫായ ഡിസ്‌പ്ലേ ഓണ്‍ ആകണമെങ്കില്‍ ഹോം/ പവര്‍ ബട്ടണ്‍ അമര്‍ത്തേണ്ടിയിരുന്നു. എന്നാല്‍ ഐ.ഒ.എസ് പുതിയ വേര്‍ഷനില്‍ ഫോണ്‍ കയ്യിലെടുക്കുന്നതോടെ ഫോണ്‍ പ്രവര്‍ത്തന ക്ഷമമാകും. അതിനാല്‍ തന്നെ ലോക്ക് സ്‌ക്രീനില്‍ കണ്‍ട്രോള്‍ സെന്ററിലുള്ള ആപ്ലിക്കേഷനുകള്‍ ടച് സ്‌ക്രീനില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാം. കണ്‍ട്രോള്‍ സെന്റര്‍ ഐക്കണുകള്‍ കൂടുതല്‍ വലുതാക്കുകയും കാഴ്ചയില്‍ പുതുമ വരുത്തുകയും ചെയ്തിട്ടുണ്ട്.
നവീകരിച്ച ആപ്പിള്‍ മാപ്പ് ആണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ മാപ്പിനോട് മത്സരിക്കാന്‍  റൂട്ടുകളിലെ ട്രാഫിക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുന്ന വാഹനങ്ങളില്‍ വളവുകളിലും തിരിവുകളിലും നിര്‍ദേശങ്ങള്‍ ലഭിക്കും. ബദല്‍ പാതകളും അറിയിക്കും.
സിരി ആപ്ലിക്കേഷന്റെ ഉപയോഗക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നാം പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. സിരി സപ്പോര്‍ട്ട് ചെയ്യുന്ന കീ ബോര്‍ഡില്‍ സന്ദേശങ്ങള്‍ പറഞ്ഞാല്‍ മതിയാകും. വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ സന്ദേശങ്ങള്‍ സിരി നിര്‍ദേശത്തിലൂടെ നല്‍കാമെന്നതാണ് പ്രത്യേകതയായി പറയപ്പെടുന്നത്. ഹോം ആപ്പുകള്‍ക്ക് പ്രത്യേക ഫോള്‍ഡറുണ്ട്. വാര്‍ത്തകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. ബ്രേക്കിങ് ന്യൂസുകള്‍ ലോക് സ്‌ക്രീനില്‍ ലഭ്യമാകും. കൂടാതെ വോയ്പ് കോളുകള്‍ക്ക് സാധാരണ ഫോണ്‍ കോള്‍ എന്ന പോലെ ലോക് സ്‌ക്രീനില്‍ മറുപടിയും നല്‍കാം.
ടെക്‌സ്റ്റുകളും ഫോട്ടോകളും വലുതാക്കാനുള്ള ഇന്‍വിസിബിള്‍ ഇങ്ക്, കയ്യെഴുത്തിനുള്ള ഡിജിറ്റല്‍ ഇങ്ക് തുടങ്ങി ഇനിയും അനവധി പ്രത്യേകതകള്‍ ഐ.ഒ.എസ് 10ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഏതായാലും സെപ്തംബറില്‍ ഐ.ഒ.എസ് 10 പുറത്തിറങ്ങുമ്പോള്‍ മാത്രമേ ഇനിയും എന്തൊക്കെ അത്ഭുതങ്ങളൊരുക്കിയാണ് ആപ്പിള്‍ മത്സരത്തിനിറങ്ങുന്നതെന്ന് അറിയാന്‍ കഴിയൂ.
Post a Comment