Saturday, May 7, 2016

ചെക്കുകളില്‍ ഒപ്പിടാന്‍ സ്വന്തം പേന മാത്രം

 പുതുരൂപത്തില്‍ തിരിച്ചെത്തുന്ന മാജിക് പെന്‍ തട്ടിപ്പ് മറികടക്കാന്‍ ചെക്കുകളില്‍ ഒപ്പിടാന്‍ സ്വന്തം പേന മാത്രം ഉപയോഗിക്കുക അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. റാക് ബാങ്ക് ഇതുസംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അയച്ച് ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനക്കാര്‍ എന്ന പേരിലാണ് പ്രധാനമായും ഇവര്‍ ഉപയോക്താക്കളെ സമീപിക്കുന്നതെന്ന് റീട്ടെയില്‍ ബാങ്കിങ് മേധാവി ഇയാന്‍ ഹോഡ്ജസ് പറഞ്ഞു. മാജിക് പെന്‍ തട്ടിപ്പ് നടക്കുന്നതായി യു.എ.ഇയിലെ നിരവധി ബാങ്കുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രെഡിറ്റ കാര്‍ഡ്/ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നത്. തുടര്‍ന്ന് അപേക്ഷയും തുക എഴുതിയ ചെക്കും ഒപ്പിട്ടു വാങ്ങുന്നു. മാജിക് പെന്‍ ഉപയോഗിച്ച് പൂരിപ്പിക്കുന്ന ചെക്കിലെ വിവരങ്ങള്‍ നിശ്ചിത സമയത്തിനകം മാഞ്ഞു പോകുന്നതോടെ തുക തിരുത്തി ചെക്ക് മാറല്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ സാധ്യമാകുന്നു.  മാഞ്ഞു പോകുന്ന മഷിയുപയോഗിച്ച് ചെക്കുകള്‍ ഒപ്പിട്ടു നല്‍കി ഉപയോക്താക്കളെയും ബാങ്കുകളെയും കബളിപ്പിക്കുന്ന തട്ടിപ്പ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ തട്ടിപ്പ് രീതിയനുസരിച്ച് പലപ്പോഴും വ്യാജ ബാങ്ക് പ്രതിനിധികള്‍ നല്‍കുന്ന മാജിക് പെന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ തന്നെയാകും ചെക്കിലെ വിവരങ്ങള്‍ പൂരിപ്പിക്കുക. അല്ലെങ്കില്‍  അപേക്ഷകന്റെ മുന്നില്‍ വെച്ചുതന്നെ ചെക്കുകളില്‍ പേരും ഗുണഭോക്താവിന്റെ പേരും തുകയും രേഖപ്പെടുത്തുന്നതിനാല്‍ യാതൊരു അസ്വാഭാവികതയും കണ്ടെത്താന്‍ ഉപയോക്താവിന് കഴിയില്ല. അതിനാലാണ് സ്വന്തം പേന മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്.
 യാതൊരു കാരണവശാലും ബ്ലാങ്ക് ചെക്കുകള്‍ നല്‍കരുതെന്നും ചൊവ്വാഴ്ച ഉപയോക്താക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. റാക് ബാങ്കിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ നിന്നാണ് ഉപയോക്താക്കള്‍ക്ക് സന്ദേശമെത്തിയത്. 
ബാങ്ക് പ്രതിനിധികളുടെ ഫോട്ടോ ഐ.ഡി പരിശോധിക്കുക, ഒപ്പിടാന്‍ സ്വന്തം പേന മാത്രം ഉപയോഗിക്കുക, മറ്റുള്ളവര്‍ തരുന്ന പേന ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക, സംശയം തോന്നിയാല്‍ ബാങ്കിന്റെ  ലാന്റ് ഫോണ്‍ നമ്പറില്‍ വിളിച്ച് ബാങ്ക് പ്രതിനിധിയാണെന്ന് ഉറപ്പാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും റാക് ബാങ്ക് റീട്ടെയില്‍ ബാങ്കിങ് വിഭാഗം മാനേജിങ് ഡയറക്ടര്‍ ഇയാന്‍ ഹോഡ്ജസിന്റെ പേരില്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിലുണ്ട്.
Post a Comment