Wednesday, December 2, 2015

യെമന്‍: അറബ് പ്രതിരോധത്തിന്റെ രാഷ്ട്രീയം

ദുബൈ: അറബ് ജനതക്കു വേണ്ടി പൊരുതി രക്തതസാക്ഷികളായ യു.എ.ഇ സൈനികര്‍ക്കു വേണ്ടി രാജ്യം ഒരു നിമിഷം മൗനത്തിലാണ്ടപ്പോള്‍ സ്വദേശികളെ പോലെ പ്രവാസികളും അതില്‍ പങ്കു കൊണ്ടു. രാജ്യത്തിന്റെയും അറബ് മേഖലയുടെയും ഭാവിക്കായി പൊരുതി മരിച്ച ധീര യോദ്ധാക്കള്‍ എന്നെന്നും അനുസ്മരിക്കപ്പെടുമെന്ന് നേതാക്കളും ജനങ്ങളും ഒരുപോലെ ആവര്‍ത്തിച്ചു.

രക്തസാക്ഷികളുടെ ത്യാഗത്തോട് തട്ടിച്ചു നോക്കുമ്പോള്‍ രാജ്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാഷ്ട്രത്തിന്റെ ഔന്നത്യം ഉറക്കെ പ്രഖ്യാപിക്കാനും അറബ് മേഖലയെ തീവ്ര സംഘങ്ങളില്‍ നിന്നും രക്ഷിക്കാനുമാണ് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തില്‍ യു.എ.ഇ മുഖ്യ പങ്കാളിത്തം വഹിക്കുന്നത്. യമനില്‍ വ്യവസ്ഥാപിത സര്‍ക്കാറിനെ അട്ടിമറിച്ച് ഹൂത്തികള്‍ അധികാരം പിടിച്ചപ്പോള്‍ അറബ് സമൂഹത്തിന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രാരംഭഘട്ടത്തില്‍ നേരിട്ട തിരിച്ചടികള്‍ ശത്രുക്കള്‍ ആഘോഷമാക്കിയപ്പോള്‍ അന്ന് തന്നെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ പരമാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ പോരാട്ടം വിജയം വരെ എന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അറബ് സമുദ്ര പാദയുടെ കര്‍ണ നാഡിയായ ബാബ് അല്‍ മന്ദിബ് തിരിച്ചു പിടിച്ചുകൊണ്ടാണ് അറബ് സഖ്യം ഇതിന് മറുപടി പറഞ്ഞത്. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഇതോടെയാണ് ഐക്യരാഷ്ട്ര സഭയോട് ഒത്ത് തീര്‍പ്പ് സന്നദ്ധത അറിയിച്ചത്. ഇതിന് വ്യക്തമായ മറുപടി യു.എ.ഇ നേതൃത്വം നല്‍കിയിരുന്നു. ഐക്യ അറബ് എമിറേറ്റ്‌സ് രൂപീകരണ കാലം മുതല്‍ തന്ന രാഷ്ട്രത്തിന്റെ അതിരുകളില്‍ ഇറാന്‍ അവകാശവാദമുന്നിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗള്‍ഫ് രാഷ്ട്രങ്ങളുടെ മേഖലയിലും ആഗോള തലത്തിലുമുള്ള മേല്‍ക്കോയ്മ തകര്‍ക്കുകയാണ് ഇറാന്റെ ലക്ഷ്യം. അതിനായി ഏതുതരത്തിലുള്ള തന്ത്രങ്ങളും പയറ്റാന്‍ ആ രാജ്യം സന്നദ്ധമാണ്. സമാനമായതോ അതിലും മ്ലേച്ഛമായതോ ആയ രീതിയില്‍ രണ്ടര പതിറ്റാണ്ട് മുന്‍പ് മസ്ജിദുല്‍ ഹറം കയ്യേറാന്‍ ഇറാനില്‍ നിന്നുള്ള ഷിയാക്കള്‍ ശ്രമിച്ചത് ലോക ചരിത്രത്തില്‍ മായാതെ കിടക്കുന്ന കറകളില്‍ ഒന്നാണ്. അക്രമിക്ക് പോലും അഭയം നല്‍കപ്പെട്ട പുണ്യ ഗേഹത്തിന്റെ പരിസരത്തെയാണ് അന്ന് ഇറാന്‍ രക്തപങ്കിലമാക്കിയത്. യമനില്‍ ഹൂത്തികള്‍ക്ക് ആയുധവും പരിശീലനവും നല്‍കുന്നതും ഇതേ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
മൂന്ന് പതിറ്റണ്ടിലധികം  യമന്‍ ഭരിച്ച അലി അബ്ദുല്ല സാലിഹിന് (1978-2011) മുല്ലപ്പൂ വിപ്ലാവാനന്തര കാലുഷ്യത്തെ തുടര്‍ന്ന് അധികാരം വിടേണ്ടി വന്നതോടെയാണ് യമന്‍ പൂര്‍ണമായും അരക്ഷിതമായത് പകരം വന്ന സര്‍ക്കാറുകള്‍ക്ക് വിഘടനവാദത്തെ നിയന്ത്രിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. എന്നാല്‍ അലി സാലിഹിനോട് കൂറുള്ള സൈന്യങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട് താനും. സഊദി അറേബ്യയുടെ മധ്യസ്ഥതയാണ് മറ്റൊരു ലിബിയ ആവര്‍ത്തിക്കാതെ അധികാര കൈമാറ്റം സാധ്യമാക്കിയത്. ജി.സി.സി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു അധികാര കൈമാറ്റം. എന്നാല്‍ കരാര്‍ പൂര്‍ണമായും പാലിക്കാന്‍ സാലിഹ് തയ്യാറായില്ലെങ്കിലും 2011ല്‍ അധികാരം കയ്യൊഴിയേണ്ടി വന്നു. സാലിഹ് അധികാരത്തിലിരുന്ന കാലത്തു തന്നെ ഹൂത്തികള്‍ ആ രാജ്യത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 2004ല്‍ സാലിഹിനെതിരെ ഹൂത്തികള്‍ കലാപം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. പലപ്പോഴും യമന്‍ രാഷ്ട്രത്തിന്റെ ചില മേഖലകള്‍ ഹൂത്തികള്‍ കയ്യടക്കി. സാലിഹുമായി ഒരിക്കലും യോജിക്കാനാകാത്ത ശത്രുത ഹൂത്തികള്‍ക്കുണ്ടായിരുന്നു. മേഖലയിലെ സുന്നി രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്നതു തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ഇരുമേഖലകളായി ചിതറിക്കിടന്ന രാഷ്ട്രത്തെ യോജിപ്പിച്ച് ഐക്യ യെമന്‍ രൂപീകരിച്ചതില്‍ സാലിഹിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ല. 2011 ജൂണ്‍ നാലിന് സഊദി അറേബ്യയിലേക്ക് ചികിത്സാര്‍ത്ഥം പോയ സാലിഹിന് പിന്നീട് മടങ്ങേണ്ടി വന്നില്ല. പകരം നിയമിതനായ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കു പക്ഷേ ഹൂത്തികളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ഗോത്രവര്‍ഗങ്ങള്‍ക്ക് ലിബിയ പോലെ തന്നെ യെമനിലും നിര്‍ണായക സ്വാധീനമുണ്ട്. അതിനാല്‍ തന്നെ സാലിഹിനെ പിന്തുണയ്ക്കുന്ന ഗോത്ര സൈന്യങ്ങളും അവിടെയുണ്ട്. നേരത്തെ സൈന്യത്തിന്റെ ഭാഗമായിരുന്നവര്‍ കൂടിയുള്ള മോശമല്ലാത്ത സൈനിക അടിത്തറ ഇപ്പോഴും സാലിഹിന്റേതായി യമനിലുണ്ട്. സാലിഹും ഹൂത്തികളും രഹസ്യമായി ഒന്നിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മന്‍സൂര്‍ ഹാദി സര്‍ക്കാറിനെ അട്ടിമറിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍. അവിടെയാണ് അറബ് സഖ്യത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കിയത്. മിഡില്‍ ഈസ്റ്റില്‍ യമന്‍ വഴി സ്വാധീനമുറപ്പിക്കാനുള്ള ഇറാന്‍ തന്ത്രങ്ങള്‍ യെമനില്‍ വിജയകരമായി നടപ്പാക്കപ്പെട്ടപ്പോള്‍ തങ്ങളുടെ അസ്തിത്വവും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെട്ടതായി ജി.സി.സി രാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് യെമനില്‍ നേരിട്ടുള്ള സൈനിക നടപടിക്ക് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സഖ്യം തയ്യാറായത്.
നേരത്തെ സൂചിപ്പിച്ച ബാബ് അല്‍ മന്ദിബ് കടലിടുക്ക് വഴിയാണ് ഹൂത്തികള്‍ക്ക് ഇറാന്‍ സഹായമെത്തിച്ചിരുന്നത്. അതിനാല്‍ തന്നെയാണ് കഴിഞ്ഞ മാസം ബാബ് അല്‍ മന്ദിബ് അറബ് സൈന്യത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍ പോരാളികള്‍ പിടിച്ചടക്കിയപ്പോള്‍ തന്നെ ഹൂത്തികള്‍ ചര്‍ച്ചയിലേക്ക് തിരിഞ്ഞ് തുടങ്ങിയത്. ഹൂത്തികളുടെ പിടി അയഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സാലിഹ് പക്ഷം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് മിഡില്‍ ഈസ്റ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട്. മറ്റൊരു രസകരമായ വസ്തുത ഇസ്രാഈലിന്റെയും ഇറാന്റെയും താല്‍പര്യങ്ങള്‍ യമനില്‍ സംഗമിക്കുന്നു എന്നതാണ്. മധ്യപൗരസ്ത്യ ദേശങ്ങളില്‍ കാലുഷ്യവും അരാജകത്വവും നിലനില്‍ക്കണമെന്ന് എക്കാലത്തും ഇസ്രാഈലിന് താല്‍പര്യമുണ്ട്. പുറമെ ബദ്ധവൈരികളെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അടുത്തിടെ മേഖലയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് സൂക്ഷ്മമായി കണ്ണോടിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യമാകും. ആണവ വിഷയത്തില്‍ ഇറാന്‍ - അമേരിക്ക കരാറും ഇസ്രാഈലിന്റെ മൃതുലമായ എതിര്‍പ്പും പ്രതിഷേധവും നാം നേരത്തെ കണ്ടതാണ്. ഇസ്രാഈലും ഇറാനും പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടിയാണ് വളര്‍ച്ച പ്രാപിച്ചത്. ലോകത്ത് ഫാഷിസത്തിന്റെ പൊതു രീതി ശാസ്ത്രമാണത്. ഇന്ത്യയില്‍ ഉന്നത ജാതരുടെ നിയന്ത്രണത്തിലുള്ള ആര്‍.എസ്.എസ് അടക്കമുള്ള ഫാഷിസ്റ്റ് സംഘടനകള്‍ ഒരേസമയം ദളിതര്‍ അടക്കമുള്ള കീഴാള വര്‍ഗത്തെ അധമരായി കണക്കാക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുമ്പോള്‍ തന്നെ മുസ്‌ലിം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. ഇതേ രീതി ശാസത്രം തന്നെയാണ് യെമന്‍ പ്രശ്‌നത്തില്‍ ഇറാനും ഇസ്രാഈലും സ്വീകരിക്കുന്നത്. ലക്ഷ്യം സഊദി അറേബ്യയും അതിനെ ചുറ്റിപ്പറ്റിയുള്ള മുസ്‌ലിം രാഷ്ട്രീയവും തന്നെ. അതേസമയം യെമനില്‍ 33 വര്‍ഷം ഭരണം കയ്യാളിയ സാലിഹിന് ഇപ്പോഴും അവിടെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ട്. സഖ്യ സൈന്യത്തിന്റെ ആക്രമണത്തില്‍ ഹൂത്തി വിമതര്‍ക്ക് തന്ത്രപരമായ പരാജയം നേരിട്ടപ്പോള്‍ സാലിഹ് പക്ഷം അവരില്‍ നിന്ന് അകലം പാലിക്കുന്നതായാണ് വിലയിരുത്തല്‍. ഏതായാലും യമനില്‍ അലി സാലിഹ് കൂടി സഹകരിച്ച് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വരുന്നതിനായിരിക്കും സാധ്യത കൂടുതല്‍.
 സദ്ദാംഅനന്തര ഇറാഖും കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് ശേഷമുള്ള ലിബിയയും നമ്മെ തുറിച്ചു നോക്കുന്നുണ്ട്. യമനില്‍ സ്ഥിരത ഉണ്ടായില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളും ക്രമേണ അസ്ഥിരതയിലേക്ക് നീങ്ങും. അതാണ് ഇറാനും ഇസ്രാഈലും ആഗ്രഹിക്കുന്നത് എന്നു വേണം കരുതാന്‍. അതിനെ സൈനികമായും തന്ത്രപരമായും പ്രതിരോധിക്കേണ്ടത് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കടമയാണ്. അതാണ് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക നടപടിക്ക് നിദാനമായ വസ്തുത. യുദ്ധത്തേക്കാള്‍ ഭീഷണമാണല്ലോ അരാജകത്വം.
Post a Comment