Thursday, November 5, 2015

അക്ഷരച്ചെപ്പ് തുറന്നു; പുസ്തക വസന്തം വരവായി


അഫ്‌സല്‍ കോണിക്കല്‍
ദുബൈ: വായനാ വസന്തത്തിന് തുടക്കം കുറിച്ചു കൊണ്ട് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. ഇന്നലെ (ബുധന്‍) ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ്  സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, സഊദി രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായി ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് അക്ഷര വാതില്‍ തുറന്നത്. അറബിയില്‍ ഭാഷാന്തര കൃതികള്‍ക്ക് രണ്ട് ദശലക്ഷം ദിര്‍ഹമിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടാണ് വൈജ്ഞാനിക മഹോത്സവത്തിന് തുടക്കമിട്ടത്. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഫൈസല്‍ ഖാലിദ് രാജകുമാരനെ പേഴ്‌സണാലിറ്റി ഓഫ്  ദി ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രിന്‍സ് ഖാലിദിന്റെ സാന്നിധ്യം പുസ്തക മേളയെ ധന്യമാക്കിയതായി ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
11 ദിവസം നീളുന്ന വൈജ്ഞാനിക മേളയില്‍ 1500 തലക്കെട്ടുകളില്‍ 1.5 ദശലക്ഷം പുസ്തകങ്ങള്‍ പുറത്തിറക്കുന്നുണ്ട്. പ്രസാധന രംഗത്തെ മികച്ച റെക്കോര്‍ഡാണിത്.
അജ്ഞതക്കെതിരായ വിളക്കുമാടമാണ് പുസ്തകങ്ങള്‍. അത് നമ്മെ വിശ്വാസത്തിലേക്കും തീര്‍ച്ചകളിലേക്കും നയിക്കും. എല്ലാ പുസ്തകങ്ങളെയും അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യില്ല.  ആര്‍ക്കെങ്കിലുമെതിരെ വിദ്വേഷം പരത്താത്ത ഏതു പുസ്തകവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്വാഗതം ചെയ്യപ്പെടുമെന്നും ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
ശൈഖ് സുല്‍ത്താന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം പിന്നീട് പുസ്തകോത്സവത്തില്‍ നടക്കും. ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മേളയില്‍ തന്റെ പുതിയ പുസ്തകത്തെ കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. പ്രസിദ്ധീകരണത്തിനു മുന്‍പ് ഉള്ളടക്കം പരിശോധിച്ച് ഉറപ്പാക്കിയാണ് മേളയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ശൈഖ് സുല്‍ത്താന്‍ സംസ്‌കാരത്തിന്റെ സുല്‍ത്താനാണെന്ന് ചടങ്ങില്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളെ സംസ്‌കാരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതാണ് ഇന്ന് നേരീടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചിലരുടെ മനസ്സുകളില്‍ ചെകുത്താന്‍ ആശയങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് തടയിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്താകമാനം നടക്കുന്ന വിവിധ സംഭവ വികാസങ്ങളാല്‍ മുറിപ്പെടുന്ന ഇക്കാലത്ത് സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ് പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്.ഐ.ബി.എഫ്) ഡയറക്ടര്‍ അഹമദ് അല്‍ അമീരി പറഞ്ഞു.


പ്രാവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കും: അംബാസഡര്‍
ഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം. വിവിധ പ്രസാധകരുമായി സഹകരിച്ച് ലേബര്‍ ക്യാംപുകളില്‍ അടക്കം പുസ്തകങ്ങള്‍ വിതരണം ചെയ്യും. മേളയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യക്കാരുടെ പ്രാധിനിത്യം വര്‍ധിച്ചു വരികയാണ്. മലയാളികളുടെ പ്രാധിനിത്യം വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ട്. വിശേഷിച്ചും ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ പരമാവധി സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എംബസിക്ക് ലഭിക്കുന്ന പുസ്തകങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ സംഘടനകള്‍ക്കും നല്‍കുന്നുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറാണ്.
 മേളയില്‍ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണാലയങ്ങള്‍ പങ്കെടുത്ത രാജ്യം ഇന്ത്യയാണ്. 112 പ്രസിദ്ധീകരണ ശാലകളാണ് ഇന്ത്യയില്‍ നിന്നും മേളക്കെത്തിയത്. പുസ്തക പ്രസിദ്ധീകരണ രംഗം വളരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വായനക്ക് കൂടുതല്‍ വൈവിധ്യവും നമുക്ക് ലഭ്യമാകുന്നുണ്ട്.  ചില ടൈറ്റിലുകള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് അച്ചടിക്കുന്നത്. ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ രംഗം വ്യാപകമായിട്ടുണ്ടെങ്കിലും പുസ്തകങ്ങള്‍ക്കും പത്രങ്ങള്‍ക്കും അതിന്റേതായ ഇടമുണ്ട്. അതൊരു പതിവാകുന്നതിലും മേഖലയ്ക്ക് വളര്‍ച്ചയുണ്ടാകുന്നതിലും സന്തോഷമുണ്ട്. പ്രവാസികള്‍ക്കിടയില്‍ വായന മരിച്ചിട്ടില്ലെന്നും അത് കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് സാഹിത്യ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരെയും പ്രസാധക/ സ്‌പോണ്‌സര്‍ കമ്പനികളെയും ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ ഉപഹാരം നല്‍കി ആദരിച്ചു. നാഷണല്‍ ബുക് ട്രസ്റ്റ് (ഇന്ത്യ) പ്രതിനിധി മികച്ച വിദേശ പ്രസിദ്ധീകരണാലയത്തിനുള്ള ഉപഹാരം ശൈഖ് സുല്‍ത്താനില്‍ നിന്നും സ്വീകരിച്ചു. ലോകത്തെ ഏറ്റവും മികച്ച നാല് പുസ്തക മേള കളിലൊന്നാണ് ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവം. ഇന്ത്യയടക്കം 64 രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 210 ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഷാര്‍ജ അന്താരാഷ്ട്ട്ര പുസ്തകോത്സവം ഒരുക്കുന്നത്.
മലയാളത്തില്‍ നിന്നും പ്രഭാഷണ കലയിലെ കുലപതി എം.പി അബ്ദു സമദ് സമദാനി, ചെറുകഥകളുടെ തമ്പുരാന്‍ ടി.പത്മനാഭന്‍, നടന്‍ മോഹന്‍ ലാല്‍, കവി സച്ചിദാനന്ദന്‍, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, ടി.ഡി രാമകൃഷ്ണന്‍, ഡോ. പി.വി.ഗംഗാധരന്‍, എന്‍.എസ്. മാധവന്‍, മുരുകന്‍ കാട്ടാക്കട, ഡോ. ഡി. ബാബു പോള്‍, നടനും സംവിധായകനുമായ ബാല ചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുത്ത് സന്ദര്‍ശകരുമായി സംവദിക്കും.

Post a Comment