Thursday, July 9, 2015

വിളിച്ചുണര്‍ത്താന്‍ ചുങ്ക

പുലര്‍ച്ചെ ചുങ്കയുടെ ശമ്പ്ദം വീടുകളിലേക്ക് അടുത്തു വരും. അത്തായത്തിനു സമയമായെന്ന അറിയിപ്പാണത്. വീടുകളില്‍ ആളനക്കം കാണുമ്പോള്‍ ക്രമേണ ശബ്ദം അകന്നു പോകും. ആരും ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാണ് ചെറു റോഡുകളും ഇടവഴികളും ചേരികളും താണ്ടി ചെറു സംഘം മടങ്ങുക. നമ്മുടെനാട്ടിലെ കുഴല്‍ വിളി പോലെയാണിത്.
ശബേ ബറാത്ത് തൊട്ട് ബംഗ്ലാദേശുകാര്‍ നോമ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങും. 15 ദിവസത്തിനകം നോമ്പ് തുടങ്ങുമെന്നാണ് വിശ്വാസമെന്ന് ദുബൈയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ലൊക്കിപൂര്‍, ഖഗൂഡിയ സ്വദേശി മുഹമ്മദ് ഷബൂജ് പറഞ്ഞു. 
ബംഗ്ലാ ഗ്രാമങ്ങളില്‍ വസിക്കുന്നത് പട്ടിണിപ്പാവങ്ങളാണ്. ന്യൂനാല്‍ ന്യൂനപക്ഷമായ സമ്പന്നരെല്ലാം നഗരങ്ങളിലാണ്. നോമ്പുകാലവും ഗ്രാമ-നഗര വ്യത്യാസമുണ്ട്. ഇന്ത്യയിലെ ബിഹാറിലെ ചില പ്രദേശങ്ങള്‍ക്കു സമാനമാണ് ബംഗ്ലാദേശിലെ നൊആഖലി മേഖല.
വിദൂര ബംഗ്ലാ ഗ്രാമങ്ങളിലെ പള്ളികളില്‍ ഉച്ഛഭാഷിണികള്‍ വിരളമാണ്. മൈക്കുള്ള പള്ളിയില്‍ വലിയ മുല്ലയുണ്ടാകും. മാസം കണ്ടാല്‍ അറിയിക്കണമെന്ന് അസര്‍ നമസ്‌കാരാനന്തരം അദ്ദേഹം ഉച്ചഭാഷിണിയില്‍ ആവശ്യപ്പെടും. ചന്ദ്രപ്പിറവി കാത്ത് സ്ത്രീകളും കുട്ടികളുമൊക്കെ തുറന്ന സ്ഥലത്ത് പോയി നില്‍ക്കും. ആദ്യ കാഴ്ച അവര്‍ ഉത്സവമാക്കും. മാസം കണ്ടാല്‍ മതപുരോഹിതന്‍ തന്നെ മൈക്കില്‍ അനൗണ്‍സ് ചെയ്യുകയും ചെയ്യും. മൈക്കില്ലാത്ത പള്ളികളില്‍ നിന്ന് ചുങ്ക വിളിച്ചു കൊണ്ട് ഒരു സംഘം ഗ്രാമം ചുറ്റും. നമ്മുടെ നാട്ടിലെ കുഴല്‍വിളി പോലെയാണിത്. റോഡുകളിലും ഇടവഴികളിലും ഇവരെത്തി മാസപ്പിറവി അറിയിക്കും.
പ്രഭാതത്തില്‍ വിളിച്ചുണര്‍ത്താനുമുണ്ട് ബംഗ്ലാ ഗ്രാമങ്ങള്‍ക്ക് പ്രത്യേക രീതിയും താളവും. അഞ്ചു പത്ത് പേരടങ്ങുന്ന സംഘം ചുങ്കവിളിച്ചും ദിക്‌റുകള്‍ ചൊല്ലിയും ഗ്രാമം ചുറ്റും. ദിക്‌റിന് പ്രത്യേക ഈണവും താളവുമുണ്ട്. ഗ്രാമത്തില്‍ ആരും അത്താഴം കഴിക്കാതെ ഉറങ്ങിയില്ലെന്ന് ഉറപ്പു വരുത്തിയാണ് സംഘം മടങ്ങുക.
പെരുന്നാളിന് രണ്ടു ദിവസം മുന്‍പ് സംഘം ഓരോ വീടുകളിലുമെത്തും. ഒന്നോ രണ്ടോ ഡാക്ക വീടുകളില്‍ നിന്ന് ലഭിക്കും. പണമില്ലാത്തവര്‍ ഹുറ അരി കൊടുക്കും. ബംഗ്ലാദേശില്‍ അരി അളക്കാനുപയോഗിക്കുന്ന പാത്രമാണ് ഹുറ. ഇങ്ങനെ കിട്ടുന്ന അരി വിറ്റ് മൊത്തം പണം വീതിച്ച് സംഘാംഗങ്ങള്‍ പെരുന്നാള്‍ വസ്ത്രം വാങ്ങും.
ഉച്ഛഭാഷിണിയില്ലാത്തതിനാല്‍ ബംഗ്ലാ ഗ്രാമങ്ങളില്‍ മിക്കയിടങ്ങളിലും നോമ്പ്തുറക്കുള്ള സമയം കണക്കാക്കുന്നത് ഗോധുളി (അസ്തമയ ശോഭ) നോക്കിയാണ്. വൈകിട്ട് മേച്ചില്‍ പുറങ്ങളില്‍ നിന്നും മടങ്ങുന്ന ഗോരു (പശു) നടക്കുമ്പോഴുണ്ടാകുന്ന ധൂളി (പൊടിപടലം) എന്നര്‍ത്ഥം. മഹാകവി രബീന്ദ്ര നാഥ ടാഗോര്‍ ആണത്രേ അസ്തമയ ശോഭക്ക് മനോഹരമായ ഈ പേരു നല്‍കിയത്.
ബാങ്ക് കേള്‍ക്കാത്ത പ്രദേശങ്ങളില്‍ മറ്റൊരു വിദ്യകൂടിയുണ്ട് ഗ്രാമീണര്‍ക്ക്. വളര്‍ത്തു പക്ഷികളായ കോഴി, താറാവ് എന്നിവ തിരികെ കൂട്ടില്‍ കയറിയാല്‍ ബംഗ്ലാ ഗ്രാമീണര്‍ തിരിച്ചറിയും നോമ്പ് തുറക്കാന്‍ സമയമായെന്ന്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സമയം തെറ്റില്ലെന്ന് അവര്‍ക്ക് തീര്‍ച്ചയാണ്.
തേങ്ങ ചിരവി ശര്‍ക്കര ചേര്‍ത്തുള്ള പ്രത്യേക മിശ്രിതമാണ് ഗ്രാമീണരുടെ അത്താഴം. സാധാരണക്കാരുടെ ഭക്ഷണമാണത്. സമ്പന്നരുടെ ഭക്ഷണ ശീലത്തിന് ലോകത്തെവിടെയും സമാനതകളുണ്ടിപ്പോള്‍. ഇലിഷ് മാസ് എന്ന് മീനാണ് അവരുടെ തീന്‍മേശയിലെ മുഖ്യ വിഭവം. കിലോക്ക് 1000 ഡാക്കയോളം വിലവരും.
പെരുന്നാള്‍ ദിനമറിയാന്‍ ഇപ്പോള്‍ ഗള്‍ഫിലുള്ളവരെ ആശ്രയിക്കുന്ന പതിവും ബംഗ്ലാദേശിലെ ഗ്രാമീണര്‍ക്കുണ്ട്.
പാവപ്പെട്ട ഗ്രാമീണരുടെ ഭക്ഷ്യ രീതികളിലും ദാരിദ്ര്യം നിഴലിക്കും. സാധനങ്ങളുടെ ലഭ്യത വളരെക്കുറവ്. ഈത്തപ്പഴം കിട്ടാനില്ല. കിട്ടുന്നവര്‍ ഒന്നു വീതം 30 ദിവസത്തേക്കുള്ളത് ശേഖരിച്ചു വെക്കും. അത്തായത്തിനുണ്ടാക്കിയ ചോറ് ബാക്കിയുള്ളതില്‍ പഞ്ചസാരയുള്ളവര്‍ അത് ചേര്‍ത്തും അല്ലാത്തവര്‍ ഉപ്പു ചേര്‍ത്തും ജ്യൂസ് രൂപത്തിലാക്കി കഴിക്കും. സലോനി എന്ന ഒരിനം പഴം അരച്ച് ഉള്ളിലുള്ള കുരു കളഞ്ഞ് വെള്ളത്തില്‍ കലക്കി കുടിക്കുന്നതും മേഖലയില്‍ പതിവാണ്. തറാവീഹിന് ശേഷം ഉള്ളവര്‍ എന്തെങ്കിലും ഭക്ഷണം കഴിച്ചു കിടക്കും.
ആഴ്ചയില്‍ രണ്ടു ദിവസമാണ് ചായ കുടിക്കുക. ചന്തയുണ്ടാകുന്ന ബുധന്‍, ശനി ദിവസങ്ങളില്‍. രണ്ട് ടാക്കയാണ് ചായക്കു വില.
ദാരിദ്ര്യത്തിന്റെ മറ്റൊരു പേരാണ് നൊആഖലി. തങ്ങളുടെ പുരോഗതിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഷബൂജ് സംസാരം നിര്‍ത്തിയത്.
ദുബൈയിലും ഇന്ത്യയിലുമടക്കം ലോകമെമ്പാടും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. ദരിദ്രരായ ഇവരിലധികവും താഴ്ന്ന ജോലികളാണ് ചെയ്യുന്നത്. ആക്ഷേപച്ചുവയോടെ ബംഗാളികള്‍ എന്നാണ് മലയാളികളടക്കമുള്ളവര്‍ അവരെ വിളിക്കാറ്. ബംഗ്ലാദേശി എന്ന് തങ്ങള്‍ ശരിയായി വിളിക്കപ്പെടണം എന്നാണ് അവരുടെ ആഗ്രഹം. ഇഫ്താര്‍ ടെന്റില്‍ ബംഗാളി ബായ് എന്നു വിളിച്ച സുഹൃത്തിനോട് ബംഗ്ലാദേശി സംഘം പരിഭവം പ്രകടിപ്പിച്ച അനുഭവവുമുണ്ടായി. ദരിദ്രരുടെയും താഴ്ന്ന ജോലികള്‍ ചെയ്യുന്നവരുടെയും പരിഭവങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കും നേരം??
Post a Comment