Saturday, June 27, 2015

കൂട്ടത്തിലൊരാള്‍

താന്‍ തരക്കേടില്ല എന്ന തോന്നല്‍ ജീവിതത്തില്‍ പലപ്പോഴും നമ്മിലേക്ക് അരിച്ചു കയറുന്നു. ആ ചിന്തകളെ ആട്ടിയോടിക്കുമ്പോഴാണ് മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി പുനര്‍ ജനിക്കുന്നത്. വഴി തെറ്റി ഒരുപാട് ദുരംമുന്നോട്ട് നടന്നിരിക്കുന്നു. വഴിയടയാളങ്ങള്‍ കാണാനില്ല. ലക്ഷ്യം കാണാത്ത യാത്ര. ഇനി തിരിച്ചു നടക്കണം, ലക്ഷ്യത്തിലേക്ക്. അതിനുള്ള സമയമാണിപ്പോള്‍. തിരിഞ്ഞു നില്‍ക്കുമ്പോള്‍ മുന്നില്‍ കാണാം. ദിശാസൂചികള്‍. ദൂരമേറെയുണ്ട്. എങ്കിലും വഴി വ്യക്തമാണ്. കൃത്യതയുണ്ട്. അടയാളങ്ങളുണ്ട്. അതിരുകളുണ്ട്. അതാണല്ലോ പുണ്യ റമദാന്‍. പക്ഷെ, തിരിഞ്ഞു നല്‍ക്കാനുള്ള മനസ്സുണ്ടാകണം. മറ്റു കാലങ്ങളില്‍ ഇങ്ങനെയൊരു തിരിഞ്ഞു നടത്തം അല്‍പ്പം കടുപ്പമാണ്. കാരണം ഒറ്റയ്ക്കാണ്. കൂടെയാരുമില്ല. റമദാന്‍ അങ്ങനെയല്ല. പുണ്യത്തിലേക്കുള്ള തിരിഞ്ഞു നടത്തത്തിന് കൂടെയാളുണ്ട്. ആളുകളുണ്ട്. സമൂഹമുണ്ട്. നാം, കൂട്ടത്തിലൊരാള്‍ മാത്രം. ഒന്നിച്ചുള്ള ആ നടത്തം പുണ്യത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. വഴി തെറ്റില്ല, വഴിയടയാളങ്ങള്‍ മായില്ല. റമദാനില്‍ അവ തിളങ്ങി നില്‍ക്കും. അതാണ് അല്ലഹു വ്യക്തമാക്കുന്നത്. സ്വര്‍ഗത്തിലേക്കുള്ള പാത വിശാലമാകുമെന്ന്. പൈശാചികതയെ അടച്ചു പൂട്ടുമെന്ന്. റമദാന്‍, പുണ്യങ്ങളിലേക്കുള്ള അതിവേഗ പാതയാണ്. അവിടെ തടസ്സങ്ങളില്ല. പാതയോരത്താണ് പ്രലോപനങ്ങള്‍. പക്ഷെ, അവയെ തേടിച്ചെല്ലാന്‍ റമദാന്‍ നമ്മെ അനുവദിക്കുന്നില്ല.
നോമ്പ് ഒരിക്കലും ഒരു സാമൂഹ്യ ആരാധനാ രീതിയല്ല. എന്നാല്‍ നോമ്പുകാലം സാമൂഹ്യ ജീവിതത്തിന്റെ സജീവത അതിന്റെ പരമോന്നത തലത്തിലെത്തുന്ന കാലമാണ്.
പണം ജീവിതത്തിന്റെ അനിവാര്യതയാണ്. അത് സമ്പാദിക്കാനുള്ള അതിരുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ ശ്രമിക്കുന്നവര്‍ക്കെല്ലാം പണം ലഭിക്കാറില്ല. അത് അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അല്ലാഹുവിന്റെ അമാനത്താണത്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് അത് ചെലവഴിക്കപ്പെടേണ്ടത്. റമദാന്‍ അതിനുള്ള അവസരമാണ്. വിശ്വാസികള്‍ക്കുള്ള സര്‍വശക്തന്റെ സമ്മാനം. സമൂഹം പുണ്യങ്ങളിലേക്ക് ഒന്നിച്ചിറങ്ങുന്ന കാലം. പുണ്യ സരണിയില്‍ നമുക്ക് കൂട്ടത്തലൊരാളാകാം. പുണ്യങ്ങളിലേക്ക് തിരിഞ്ഞു നടക്കാം. പുണ്യ വസന്തത്തെ പുല്‍കാം. റമദാന്‍ നമുക്ക് അനുകൂല സാക്ഷിയായി മാറാന്‍ പ്രാര്‍ത്ഥിക്കാം.
Post a Comment