Monday, July 29, 2013

ഖാര്‍ത്തൂമിലെ അത്തായം മുട്ട്

പ്രാദേശിക സമയം പുലര്‍ച്ചെ 3.30ന് ചെണ്ടമേളത്തോടെ യുവാക്കളുടെ ശബ്ദഘോഷം. ചെറു വഴികളിലൂടെയും തെരുവുകളിലൂടെയും നീങ്ങുന്ന യുവ സംഘത്തിന്റെ ശബ്ദം അടുത്തെത്തുമ്പോള്‍ ഓരോ വീടുകളിലും വെളിച്ചം തെളിയും. ഗ്രാമങ്ങളില്‍ വീടുകള്‍ക്കു മുന്നിലും വാദ്യസംഘമെത്തും. ഇത് സുഡാന്‍. റമദാനിലെ മറ്റൊരു നോമ്പിന്റെ തുടക്കത്തിന് ആളുകളെ വിളിച്ചുണര്‍ത്തുകയാണ് യുവാക്കള്‍. ഖാര്‍ത്തൂം നഗരപ്രാന്തങ്ങളില്‍ യുവസംഘം പെരുമ്പറ മുഴക്കിക്കൊണ്ട് തങ്ങളുടെ പര്യടനം തുടരും. മുസ്‌ലിം വീടുകളൊന്നും ഉറങ്ങിക്കിടക്കുകയല്ലെന്ന് ഉറപ്പാക്കും വരെ.
 പ്രഭാത നമസ്കാരത്തിനുള്ള (സുബ്ഹ്) ബാങ്ക് വിളിക്കുള്ള സമയമാകുന്നതിനും ഒന്നര മണിക്കൂറോളം മുന്‍പാണ് യുവാക്കളുടെ ഉണക്കമുണര്‍ത്തല്‍ വാദ്യത്തിന്റെ വരവ്. ആരും നോമ്പിന്റെ അത്തായം കഴിക്കാന്‍ കഴിയാതെ പോകരുതെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമാണ്. കടുത്ത ഉറക്കക്കാരനെ പോലും ഞെട്ടിയുണര്‍ത്തുതാണ് സുഡാന്‍ സംഘത്തിന്റെ റമദാന്‍ പെരുമ്പറ.
കേരളത്തില്‍ അത്തായം മുട്ട് എന്ന പേരില്‍ മുന്‍കാലങ്ങളില്‍ ഇത് നിലവിലുണ്ടായിരുന്നു. പരമ്പരാഗതമായി ഏറ്റെടുക്കാന്‍ പിന്‍മുറക്കാരില്ലാതായപ്പോള്‍ ഈ പതിവ് കേരളത്തില്‍ നിലയ്ക്കുകയായിരുന്നു.
റമദാന്‍ ആഗതമാകുന്നതോടെ വിപണി സജീവമാകും. കടകളിലും ചന്തകളിലും സാധനങ്ങള്‍ വന്നു നിറയും. എങ്കിലും വിലപേശി വാങ്ങേണ്ടിവരും. കാരണം ഇക്കാലത്ത് സുഡാനില്‍ വില പൊതുവെ ഉയര്‍ന്നു നില്‍ക്കും. കാരണം വിപണി എത്ര സജീവമായാലും റമദാന്‍ ആവശ്യങ്ങള്‍ക്ക് തികയാത്ത അവസ്ഥയാണുള്ളത്.
സുഡാനില്‍ പതിവു പാനീയമായ അബ്രെഹ് റമദാനില്‍ കൂടുതല്‍ ചെലവാകും. ചോളം കൊണ്ടുള്ള ഈ പാനീയം ചുവപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും. പ്രകൃതിദത്തമായ ഈ പാനീയം ദാഹമകറ്റാന്‍ ഉത്തമമാണ്. ഗോതമ്പ് പൊടിയില്‍ പാല്‍ ചേര്‍ത്തുണ്ടാക്കുന്ന റോയെഗാഗ് ആണ് മറ്റൊരു സുഡാനി വിഭവം.
റമദാനിലെ സുഡാനിലെ പള്ളികള്‍ നിറഞ്ഞു കവിയും. റമദാന്‍ പരിപാടികള്‍ റേഡിയോകളില്‍ പ്രക്ഷേപണം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇഫ്താര്‍ വിരുന്നുകളും ഇക്കാലത്ത് സജീവമാകും.
യാത്രക്കാര്‍ക്ക് നോമ്പു തുറക്കാനാവശ്യമായ വിഭവങ്ങള്‍ നല്കുന്ന സംഘങ്ങളും പതിവു കാഴ്ചയാണ്. നോമ്പു തുറ സമയത്ത് വീട്ടിലോ പള്ളികളിലോ എത്താന്‍ സാധിക്കാത്തവര്‍ക്ക് കാരക്കയും വെള്ളവും നല്കും.
റമദാനില്‍ രാത്രി നമസ്കാരങ്ങള്‍ക്ക് പള്ളികളില്‍ വിശ്വാസികള്‍ നിറയും. ഏറെ രസകരമായ കാര്യം സുഡാനില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പള്ളികളിലെത്തുക സ്ത്രീകളാണെന്നുള്ളതാണ്. കുട്ടികളുടെ കരച്ചിലും പെണ്‍കുട്ടികളുടെ അടക്കിയുള്ള ചിരികളും സുഡാനി പള്ളികളില്‍ നിത്യകാഴ്ച.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്ന്. കഴിഞ്ഞ വര്‍ഷം തെക്കന്‍ സുഡാന്‍ വേറിട്ടു പോയതോടെ രാജ്യത്തിന്റെ വിസ്തൃതി അല്‍പ്പം കുറഞ്ഞു. എണ്ണ  സമ്പന്നമെങ്കിലും നിലയ്ക്കാത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം പട്ടിണി വിട്ടുമാറാത്ത ദേശം. ഔദ്യോഗിക ഭാഷകള്‍ അറബി, ഇംഗ്ലീഷ്. തലസ്ഥാനം ഖാര്‍ത്തൂം. വന്‍നഗരം ഉംദുര്‍മാന്‍. ഫെഡറല്‍ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്. പ്രസിഡന്റ് പശ്ചാത്യ ഉപരോധ ശ്രമങ്ങളാല്‍ ശ്രദ്ധേയനായ ഉമര്‍ അല്‍ ബശീര്‍. നാണയം സുഡാനീസ് പൗണ്ട്. അതിരുകള്‍: ഈജിപ്ത്, ചെങ്കടല്‍, എരിത്രിയ, എത്യോപ്യ, തെക്കന്‍ സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചാഡ്, ലിബിയ. ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, ഇസ്‌ലാമിക രാഷ്ട്ര സംഘടന (ഒ ഐ സി), ചേരി ചേരാ സഖ്യം എന്നിവയില്‍ അംഗം. പിരമിഡുകളുടെ നാടു കൂടിയാണ് ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുഡാന്റെ പ്രദേശങ്ങള്‍


Post a Comment