Thursday, July 25, 2013

റമദാന്‍ ബസാറുകള്‍


a crowded ramadan bazar in kolalampur suburb
ramadan world
മലേഷ്യക്കാര്‍ക്ക് റമദാന്‍ സാഹോദര്യത്തിന്റെ കാലമാണ്. പ്രത്യേകിച്ച് മലയ വിഭാഗക്കാര്‍ക്ക്. മലേഷ്യക്കാര്‍ കുട്ടികളെ ഏഴു വയസ്സു മുതല്‍ തന്നെ നോമ്പെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ പകുതി ദിവസമാണ് കുട്ടികളുടെ നോമ്പ്. ക്രമേണ 12 വയസ്സാകുന്നതോടെ കുട്ടികള്‍ പൂര്‍ണ തോതില്‍ നോമ്പനുഷ്ഠിക്കാന്‍ പ്രാപ്തരാകുന്നു.
പ്രത്യേക റമദാന്‍ ബസാറുകള്‍ മലേഷ്യയിലെ റമദാന്‍ കാഴ്ചകളിലൊന്നാണ്. ഉച്ച കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിക്കുന്ന ഇത്തരം ബസാറുകളില്‍ ഭക്ഷ്യവിഭവങ്ങളും മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാകും. ആളുകള്‍ നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ റമദാന്‍ ബസാറുകളെ ആശ്രയിക്കാറുണ്ട്. ഹോട്ടലുകള്‍ റമദാന്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്നു. റമദാന്‍ ബസാറുകളിലെത്തുന്നത് നോമ്പുകാര്‍ മാത്രമല്ല. മലേഷ്യയില്‍ മതഭേദമന്യേയുള്ള ഉത്സവ സ്ഥലമാണ് റമദാന്‍ ബസാറുകള്‍. മഗ്‌രിബ് ബാങ്കിന്റെ സമയമാകുന്നതോടെ മുസ്‌ലിംകള്‍ നോമ്പ് തുറക്കും. ബുക പോസ എന്നാണ് നോമ്പ് തുറ (ഇഫ്താര്‍) പ്രാദേശികമായി അറിയപ്പെടുന്നത്. നോമ്പ് തുറയോടെ മഗ്‌രിബ് നമസ്കാരത്തിനായി മസ്ജിദുകളില്‍ ഒത്തു ചേരും. മസ്ജിദുകളിലും സാധാരണ നോമ്പുതുറ വിഭവങ്ങള്‍ ലഭ്യമായിരിക്കും. തുടര്‍ന്ന് ഇഷാഅ് നമസ്കാരത്തിനു ശേഷം തറാവീഹ് നമസ്കാരവും ഉണ്ടാകും. തറാവീഹ് നമസ്കാരത്തിന് സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് മലേഷ്യയില്‍ പതിവാണ്.  ക്ഷീണം തീര്‍ക്കാന്‍ ലഘുഭക്ഷണങ്ങളും പള്ളികളില്‍ ഉണ്ടാകും.
മലയ മുസ്‌ലിംകള്‍ പുലര്‍ച്ചെ അത്തായം തയ്യാറായാല്‍ കുടുംബങ്ങള്‍ ഒരുമിച്ചിരുന്നാണ് കഴിക്കുക. തുടര്‍ന്ന് അവര്‍ പ്രഭാത നമസ്കാരത്തിനുള്ള (സുബ്ഹ്) തയ്യാറെടുപ്പുകള്‍ നടത്തുന്നു. പ്രഭാതമായാല്‍ പിന്നീട് പതിവു ജോലികള്‍. റമദാന്‍ എന്ന പേരില്‍ ആരും വെറുതെയിരിക്കില്ല. ഭക്ഷണം പാകം ചെയ്യുന്ന മുസ്‌ലിംകളെ നിങ്ങള്‍ക്കവിടെ കാണാം. എന്നാല്‍ എന്നാല്‍ ഭക്ഷണ സദസ്സുകളില്‍ അവരുണ്ടാകില്ല. മറ്റെല്ലാ ജോലികളും പതിവു പോലെ അവര്‍ ചെയ്തു തീര്‍ക്കുന്നു.
 മലയ മുസ്‌ലിംകളുടെ നിത്യജീവിത്തില്‍ നോമ്പ് കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. റമദാന്‍ അവര്‍ക്ക് വിശ്രമ കാലവുമല്ല. ഇക്കാലത്ത് മുസ്‌ലിംകള്‍ പൊതു സ്ഥലത്തു വെച്ച് തിന്നുന്നതും കുടിക്കുന്നതും കടുത്ത അപരാധമായാണ് കണക്കാക്കുന്നത്. റമദാനോടുള്ള ആദരവ് പ്രകടിപ്പിച്ച് മറ്റു മതക്കാരും  പൊതുസ്ഥലങ്ങളിലെ തീറ്റയും കുടിയും ഒഴിവാക്കും. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും പകല്‍ സമയങ്ങളില്‍ അടഞ്ഞു കിടക്കും.
തെക്കു കിഴക്കന്‍ ഏഷ്യയിലെ ശ്രദ്ധേയമായ രാജ്യം. തലസ്ഥാനം ക്വാലാലംപൂര്‍. ഭാഷ മലയ. നാണയം റിംഗിറ്റ്. പെനിസുലാര്‍ മലേഷ്യ, മലേഷ്യന്‍ ബോര്‍ണിയോ എന്നീ മേഖലകളെ വേര്‍തിരിച്ച് തെക്കന്‍ ചൈന കടല്‍. അതിര്‍ത്തികള്‍ തായ്‌ലാന്റ്, ഇന്തോനേഷ്യ, ബ്രൂണെ. ജലാതിര്‍ത്തികള്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്. ജനസംഖ്യ മൂന്നു കോടിയോളം. ഇതില്‍ 2.3 കോടി ജനങ്ങളും വസിക്കുന്നത് പെനിസുലയില്‍. 13 പ്രവിശ്യകളുള്ള ഫെഡറല്‍ ഭരണ സംവിധാനമാണ് മലേഷ്യയിലുള്ളത്. രാഷ്ട്രത്തലവന്‍ രാജാവ്. സര്‍ക്കാറിനെ നയിക്കുന്നത് പ്രധാനമന്ത്രി. ഔദ്യോഗിക മതം ഇസ്‌ലാം. എന്നാല്‍ എല്ലാ മതങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.
Post a Comment