Monday, July 22, 2013

ബന്ധങ്ങള്‍ സുദൃഢമാക്കുന്ന സമയംറമദാന്‍ മാസത്തെ ഭക്തിയോടെ സ്വാഗതം ചെയ്യുകയും കണിശതയോടെ പിന്തുടരുകയും ചെയ്യുന്നവരാണ് ഇറാന്‍ മുസ്‌ലിംകള്‍. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുമാണ് റമദാന്‍ മാസത്തെ ഉപയോഗപ്പെടത്തുന്നത്.  കരുണയും കൃതജ്ഞതയും  ആത്മീയതയുമാണ് ആരാധനയുടെ മുഖങ്ങളെന്ന് അവര്‍ കരുതുന്നു. റമദാനില്‍ രാജ്യത്തുടനീളം  സംഘടിത നമസ്കാരങ്ങള്‍ക്ക് ആളുകള്‍ പള്ളികള്‍ കേന്ദ്രീകരിക്കും. ഇഫ്താര്‍ വിഭവങ്ങളും പള്ളളികളില്‍ ലഭ്യമാകും.
റമദാനില്‍ മറ്റു മാസങ്ങളേക്കാള്‍ ഉദാരമായി  ചെലവഴിക്കുന്നവരാണ് ഇറാന്‍കാര്‍. പാവങ്ങള്‍ക്കു വേണ്ടി ഭക്ഷണവും വസ്ത്രവും  വിതറണം ചെയ്യാന്‍ സംവിധാനമൊരുക്കും. റമദാന്‍ മാസത്തില്‍  പൊതു സ്ഥലങ്ങളില്‍ തിന്നുകയോ കുടിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതിന് രാജ്യത്ത് നിരോധനമുണ്ട്. കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും പകല്‍ സമയത്ത് അടഞ്ഞു കിടക്കും. പുണ്യമാസം ദൈവവുമായി കൂടുതല്‍ അടുക്കാനുള്ള  യാമായി ഇറാന്‍കാര്‍ കണക്കാക്കുന്നു.  നമസ്കാരത്തിലൂടെയും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലൂടെയും പകലന്തികള്‍ കടന്നു പോകും. പുലര്‍ത്തെയുള്ള  അത്തായത്തിന് സഹാരി എന്നാണ് ഇറാനില്‍   അറിയപ്പെടുന്നത്.
അത്തായത്തിന് രാജ്യത്ത് പൊതുവെ ഐക്യ രൂപമില്ല. ഓരോ കുടുംബത്തിലും അവരവര്‍ നിശ്ചയിക്കുന്ന തരത്തിലുള്ള ഭക്ഷണ ശീലങ്ങളാണുള്ളത്. ചിലര്‍ ചൂടുള്ള ഭക്ഷണ വിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍  മറ്റു ചിലര്‍ ബ്രഡ്, ജാം, ചീസ് തുടങ്ങിയവയില്‍ താല്‍പര്യം കാണിക്കുന്നു. ചുടു ചായയും കാരക്കയും  ചിലര്‍ പതിവാക്കുന്നു.
ഇറാന്‍ കാര്‍ പരമ്പരാഗതമായി കാരക്ക ഉപയോഗിച്ചാണ് നോമ്പ് തുറക്കാറ്. ഇതോടൊപ്പം  ചായ അല്ലെങ്കില്‍ ചൂടുവെള്ളവും ഉണ്ടാകും. ചിലര്‍ ഇഫ്താറും  ഭക്ഷണവും ഓരുമിച്ചാക്കുമ്പോള്‍ മറ്റുചിലര്‍ ഇഫ്താറിനു ശേഷം അല്‍പ്പസമയമെടുത്താണ്  ഭക്ഷണം കഴിക്കുക. പരമ്പരാഗത വിഭവങ്ങളായ സൂല്‍ബിയ,  ബാമിയെ  എന്നിവ കൂടാതെ ഹല്‍വ,  ഷോളെ സാര്‍ഡ് (അരികൊണ്ടുണ്ടാക്കിയ ഇറാനി പലഹാരം.) ആഷ് റെഷ്‌തെ, ഹലീം , വിവിധ സൂപ്പുകള്‍ എന്നിവ ഇഫ്താര്‍ മേശകളില്‍ പതിവു സ്ഥാനമുള്ളവയാണ്.
കേരളക്കരയില്‍ പതിവുള്ളവതു പോലെ  "കുട്ടികളുടെ നോമ്പ്' ഇറാനിലുമുണ്ട്.(പ്രാദേശികമായി കല്ലെ ഗോഞ്ചെഷ്കി എന്നാണ് ഇതറിയപ്പെടുന്നത്) ദുഹര്‍  നമസ്കാരത്തിന്റെ സമയം വരെ  കുട്ടികള്‍ തിന്നുകയോ കുടിക്കുകയോ ഇല്ല. ചെറിയ കുട്ടികളെ നോമ്പനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കാനും   പ്രോത്സാഹിപ്പിക്കാനുമാണിത്. ഉച്ചയോടെ നോമ്പ് തുറക്കുന്ന കുട്ടികള്‍ യഥാര്‍ത്ഥ ഇഫ്താര്‍ സമയത്ത്  (മഗ്‌രിബ് ബാങ്ക് വിളിക്കുന്ന സമയം) രണ്ടാമത്തെ നോമ്പ് തുറയ്ക്കുള്ള മത്സരത്തിലായിരിക്കും.
പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രാദേശിക ശക്തിയാണ് ഇറാന്‍. പേര്‍ഷ്യയെന്നു പഴയ പേര്. ഔദ്യോഗിക മതം  ഇസ്‌ലാം. ഫാര്‍സിയാണ് ഭാഷ. ഇറാന്‍ ജനസംഖ്യയുടെ 95  ശതമാനം ജനങ്ങളും മുസ്‌ലിംകളാണ്. ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും ഷീഅ വിഭാഗത്തില്‍ പെടുന്നവരാണ്. ഇറാന്‍ ആണവ പദ്ധതികളോ അമേരിക്കന്‍ ഭീഷണിയോ പക്ഷെ, ഇറാന്‍കാരില്‍ കാര്യമായ സ്വാധീനം ചെലുത്താറില്ല. എങ്കിലും രാജ്യസ്‌നേഹം ഇറാന്‍കാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതമാണവര്‍ക്ക്. പേര്‍ഷ്യയുടെ പൗരാണിക പാരമ്പര്യവും  ഭൂതകാലവും അതിനവര്‍ക്ക് കരുത്തരാക്കുന്നു.
Post a Comment