Wednesday, July 17, 2013

സമ്മാനങ്ങളുടെ മാസം

ഭക്തിയുടെയും സഹാനുഭൂതിയുടെയും ക്ഷമയുടെയും മാസമായ റമാദാന്‍ ഫിലിപ്പൈന്‍സ് ജനതയ്ക്ക് പണക്കിഴികളുടെ മാസം കൂടിയാണ്. നോമ്പനുഷ്ഠിക്കുന്ന ചെറിയ കുട്ടികള്‍ക്ക് പ്രോത്സാഹനമായി രക്ഷിതാക്കള്‍ നല്കിത്തുടങ്ങിയ പണക്കിഴി പിന്നീട് പതിവായി മാറി. റമദാനിലെ ഖുര്‍ആന്‍ പാരായണ-വൈജ്ഞാനിക മത്സരങ്ങള്‍ക്ക് പണക്കിഴി സമ്മാനമായി നല്കുന്നത് ഇതിന് സ്വീകാര്യത വര്‍ധിപ്പിച്ചു. സമ്പന്നര്‍ തങ്ങളുടെ ധനവിഹിതം പാവപ്പെട്ടവര്‍ക്കു നല്കാന്‍ റമദാന്‍ മാസത്തെയാണ് തെരഞ്ഞെടുക്കുന്നത്. ആകാശത്തേക്ക് വെടിവെച്ചുകൊണ്ടാണ് ഫിലിപ്പൈന്‍സ് ജനത പരമ്പരാഗതമായി റമദാനെ വരവേല്‍ക്കുന്നത്. റമദാനു മുന്നോടിയായി തോക്കുകള്‍ സജ്ജമാക്കി വെക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്യാറുമുണ്ട്.  നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന കതീന പൊട്ടിക്കല്‍, നകാര (പ്രത്യേക തരം ചെണ്ട) സംവിധാനങ്ങളോട് ഇതിന് സാമ്യതയുണ്ട്. നോമ്പുതുറ സമയം വെടിവെപ്പിലൂടെ അറിയിക്കുന്ന സംവിധാനം ഇപ്പോഴും കേരളത്തില്‍ ചിലയിടങ്ങളിലുണ്ട്.
രാജ്യത്ത് പ്രബല ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. 10.3 ദശലക്ഷമാണ് മുസ്‌ലിം ജനസംഖ്യ. ഇത് മൊത്തം ജനസംഖ്യയുടെ 11 ശതമാനത്തോളം വരും. അതിനാല്‍ തന്നെ റമദാന്‍ ദിനങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. കാഴ്ചയനുസരിച്ചാണ് ഇവിടെ റമദാന്‍ ആരംഭിക്കുക. റമദാന്‍ ചന്ദ്രിക നോക്കി ഫിലിപ്പൈന്‍സുകാര്‍ ആകാശം അരിച്ചു പെറുക്കും. ഒടുവില്‍ മുസ്‌ലിം പണ്ഡിതരോ മുഫ്തിയോ ആണ് പ്രഖ്യാപനം നടത്തുക. ഇക്കുറി  ജൂലൈ പത്തിന് ബുധനാഴ്ചയാണ് ഫിലിപ്പൈന്‍സിലും നോമ്പ് തുടങ്ങിയത്. റമദാന്‍ തുടക്കം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നാഷണല്‍ കമ്മിഷന്‍ ഓണ്‍ മുസ്‌ലിം ഫിലിപ്പോണ്‍സ് (എന്‍ സി എം എഫ്) ദേശവ്യാപകമായി ചാന്ദ്രദര്‍ശന സമിതികളെ (മൂണ്‍ സൈറ്റിംഗ് കമ്മിറ്റി) നിയോഗിച്ചിട്ടുണ്ട്. ഇത്തരം സമിതികള്‍ നല്കുന്ന വിവരം കമ്മിഷന്‍ സ്ഥിരീകരിക്കുന്നതോടെയാണ് റമദാന്‍ പ്രഖ്യാപനം.
ഒരു വര്‍ഷം മുന്‍പ് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു റമദാന്‍ തുടക്കം. കഴിഞ്ഞ വര്‍ഷത്തോടെയാണ് ഫിലിപ്പൈന്‍സില്‍ ഏകീകൃത റമദാന്‍ പ്രഖ്യാപനം നിലവില്‍ വന്നത്. റമദാന് പരിസമാപ്തി കുറിച്ച് നടക്കുന്ന ഈദുല്‍ ഫിത്വ്ര്‍ ആഘോഷത്തിനും ഫിലിപ്പൈന്‍സില്‍ വര്‍ണ്ണപ്പൊലിമയുണ്ട്. ഹരി റായ പോസ (Hari Raya Puasa) എന്നാണ് രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ ഈദുല്‍ ഫിത്വ്ര്‍ അറിയപ്പെടുന്നത്. ഇക്കുറി ശവ്വാല്‍ ഒന്ന് ആഗസ്ത് ഒന്‍പതിനായിരിക്കുമെന്നാണ് കരുതുന്നത്.
സ്വയം ശുദ്ധീകരണത്തിനുള്ള മാസമാണ് റമദാന്‍. വിഷസംഹാരിയാണ് റമദാനെന്നാണ് ഫിലിപ്പൈന്‍സ് മുസ്‌ലിംകളുടെ വിശ്വാസം. ശരീരത്തെയും മനസ്സിനെയും അത് വിമലീകരിക്കുന്നു. ചീത്ത വാക്കുകളും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും വര്‍ഷത്തിന്റെ ബാക്കിയുള്ള മാസങ്ങളില്‍ സത്‌വൃത്തരായി മാറാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്ത് ഏകദൈവിശ്വാസം ആദ്യമായി കൊണ്ടു വന്ന മതം ഇസ്‌ലാമാണ്. ഫിലിപ്പൈന്‍സ് മുസ്‌ലിംകളിലെ 60 ശതമാനത്തോളം അധിവസിക്കുന്നത് തെക്കന്‍ മേഖലയായ മിന്‍ഡനാവോയിലാണ്. ക്ഷമയിലും ഭക്തിയിലും മുന്നേറാന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ മൂന്നാമന്‍ റമദാന്‍ സന്ദേശത്തില്‍ വിശ്വാസികളോട് ആഹ്വാനംചെയ്തു.
Post a Comment