Friday, July 5, 2013

താടിയുള്ള പ്രക്ഷോഭവും താടിയില്ലാത്ത പ്രക്ഷോഭവും

ഈജിപ്ത് കുറച്ചു കാലമായി പുകയുകയാണ്. കത്തുകയാണെന്നു പറയാത്തത് ബോധപൂര്‍വ്വം തന്നെയാണ്. ഉള്ളതിലേറെ പുറത്തു കാണിച്ച് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ ആദ്യ ജനാധിപത്യ സര്‍ക്കാറിനെ താഴെ ഇറക്കുകയായിരുന്നു മാസങ്ങളായി തുടരുന്ന കലാപങ്ങളുടെ ലക്ഷ്യം. മണ്ണ് പരുവപ്പെടുത്തി പ്രസിഡന്റ് മുര്‍സിയെ പുകച്ചു പുറത്തു ചാടിക്കുകയെന്നതായിരുന്നു തന്ത്രം. എന്നാല്‍ ലോകത്തിന്റെ പിന്തുണ പ്രതീക്ഷിച്ച മുര്‍സി അവസാന നിമിഷം വരെ പിടിച്ചു നിന്നു. അട്ടിമറിയില്ലാതെ മുര്‍സിയ വഴിമാറി കിട്ടിയാല്‍ ചീത്തപ്പേരില്ലാതെ പ്രസിഡന്റാകാന്‍ രണ്ടാളുകള്‍ കാത്തു നില്‍പ്പുണ്ട്. ഒന്ന് ആധുനിക ലോകത്തെ കൊടും ക്രൂരതയെന്നു വിശേഷിപ്പിക്കാവുന്ന ഇറാഖ് അധിനിവേശത്തിന് അടിത്തറയൊരുക്കി രാസായുധങ്ങളും ആണവായുധങ്ങളും തെരയാന്‍ പോയ അമേരിക്കയുടെ വാലാട്ടി, മുഹമ്മദ് അല്‍ ബറാദി. അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി ഡയറക്ടറായിരുന്ന അല്‍ബറാദിയാണ് ജനാധിപത്യ സര്‍ക്കാറിനെ സൈന്യം അട്ടിമറിച്ചതിന് ആദ്യ പിന്തുണ അറിയിച്ചത്. അമേരിക്കയറിയാതെ ഇത്തരൊമൊരു സന്തോഷം അല്‍ബറാദിക്കുണ്ടാവുമോയെന്നത് സംശയമാണ്. ഒബാമായുടെ ആഴത്തിലുള്ള ആശങ്ക ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്.
തങ്ങള്‍ക്കിഷ്ടപ്പെടാത്ത ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിച്ചാല്‍ ഒരു ഗുണമുണ്ട്. -പരിഷ്കൃത ലോകത്തിന്റെ- കീഴ്‌വഴക്കമനുസരിച്ച് ഒരിക്കലും അട്ടിമറിക്കപ്പെട്ട സര്‍ക്കാറിന് അധികാരം തിരികെ നല്‌കേണ്ടതില്ല. തെരഞ്ഞെടുപ്പാണ് അടുത്ത പടി. അത് എത്രയും നീട്ടിക്കൊണ്ടു പോകുകയുമാകാം. തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം മതി. ജനാധിപത്യത്തോടുള്ള കടപ്പാട് തെളിയിക്കാന്‍ അതിലധികം വേണ്ട. ഇപ്പോള്‍ ഈജിപ്തില്‍ അധികാരമേറ്റ ഇടക്കാല പ്രസിഡന്റ് അദ്്‌ലി മഹ്്മൂദ് മന്‍സൂര്‍ ചെയ്തതും ഇതു തന്നെയാണ്. ഈജിപ്ത് ഭരണഘടന കോടതിയുടെ ചീഫ് ജസ്റ്റിസാണ് മന്‍സൂര്‍. 2011ലെ ജനാധിപത്യ വിപ്ലവത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ താനൊരു തമാശക്കാരനാണെന്നും തെളിയിക്കുകയായിരുന്നു മന്‍സൂര്‍.

തക്കം കിട്ടിയാല്‍ ഈജിപ്തിന്റെ അമരത്തെത്താന്‍ ആറ്റുനോറ്റിരിക്കുന്ന അംറ് മൂസയാണ് ബാറാദി കഴിഞ്ഞാല്‍ മറ്റൊരാള്‍. അറബ്്‌ലീഗ് എന്ന സംഘടനയ്ക്ക് ഉണ്ടായിരുന്ന നിലയും വിലയും ഇല്ലാതാക്കി അതില്‍ അവസാനത്തെ ആണിയും അടിച്ചാണ് സെക്രട്ടറി ജനറലായ അംറ് മൂസയുടെ ഇരിപ്പ്. ജനങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഇരുവര്‍ക്കുമിടയിലെ ഏറ്റവും വലിയ സാമ്യം. കൂടാതെ ഈജിപ്തില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇഷ്ടപ്പെട്ടവര്‍വേണം എന്നതു കൂടി അതിപ്രധാനമാണല്ലോ. ചുരുങ്ങിയത് ഇസ്രാഈലിന്റെ ഇഷ്ടക്കാര്‍ അധികാരത്തിലെത്തിയാല്‍ അതുവഴി അമേരിക്കക്കും അതോടെ അന്താരാഷ്ട്ര സമൂഹമെന്ന ഓമനപ്പേര് സ്വയം ഉപയോഗിക്കുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള ആഗോള ശക്തികള്‍ക്കും തൃപ്തിയാകും. ഈജിപ്തില്‍ നിന്നുള്ള പ്രകൃതി വാതകവു ംപെട്രോളും യഥേഷ്ടം ഇസ്രാഈലിലെത്തുന്നത് തുടരുകയും ചെയ്യും.
മേഖലയില്‍ അമേരിക്കയുടെ ദാസന്‍മാരായ (ചില സമയങ്ങളില്‍ യജമാനന്‍മാരും) ഇസ്രാഈല്‍ ശക്തമായി നിലനില്‍ക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്കക്ക് അത്യാവശ്യമാണ്. മുര്‍സിയെ ഈജിപ്ഷ്യന്‍ ജനത പുറത്താക്കി, ഉര്‍ദുഗാന്‍ കാത്തിരിക്കുന്നു എന്നാണ് ദ ജൂയിഷ് എക്‌സ്പ്രസ് ഡോട്‌കോം ജൂലൈ അഞ്ചിന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും. ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ഇസ്്‌ലാമിസ്റ്റ് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ഇസ്രാഈല്‍ ശ്രമിക്കുന്നുവെന്ന പൊതുവായ ആരോപണം നേരത്തെയുണ്ട്. തങ്ങളുടെ ആഭ്യന്തര രംഗത്ത് സ്ഥിരത കൈവരിക്കാനുള്ള ശ്രമം പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഇസ്രാഈലിന്റെ മുതുകത്ത് വെച്ചു കെട്ടേണ്ടതില്ലെങ്കിലും ഈസ്രാഈലിനും അവരുടെ ചാരസംഘടനയായ മൊസാദിനും ഇത്തരം ഗൂഡവൃത്തികളിലുള്ള പരിചയം കള്ളനാരെന്ന് ആര്‍ക്കും ബോധ്യപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
അതേസമയം ഈജിപ്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ചപ്പോള്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ തണീഷ്യ മാത്രമാണ് ശക്തമായി എതിര്‍ത്തത്. അവിടെ തന്നെ മുല്ലപ്പൂവിന് വേരോട്ടം നല്കിയ അന്നഹ്്ദക്ക് ശബ്ദം കുറവാണ്. സഊദി അറേബ്യ, കുവൈത്ത്, യു എ ഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇടക്കാല പ്രസിഡന്റിന് ആശംസകളര്‍പ്പിച്ചിട്ടുണ്ട്.
ചിലപ്പോള്‍ അത് യാഥാര്‍ത്ഥ്യ ബോധത്തോടെയായിരിക്കാം. എന്തായാലും അയല്‍ രാജ്യങ്ങളുമായും പ്രമുഖ അറബ് രാജ്യങ്ങളുമായും പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ മുര്‍സിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്്‌ലിം ബ്രദര്‍ഹുഡിനോ കഴിഞ്ഞില്ല എന്നത് ഒരു പാളിച്ച തന്നെയാണ്. മൂന്നു പതിറ്റാണ്ട് ഹുസ്്‌നി മുബാറക് ഭരിച്ച ഈജിപ്തിനെ കേവലം ഒരു തെരഞ്ഞെടുപ്പുകൊണ്ട്് ജനാധിപത്യത്തിലേക്ക്ു നയിക്കാമെന്നു കരുതുന്നതും മൗഢ്യമാണ്. ഇതിനിടെ പ്രക്ഷോഭത്തിലൂടെ പുറത്തു ചാടിക്കാനുള്ള ശ്രമങ്ങളെല്ലാം മുര്‍സി നയതന്ത്രത്തിലൂടെ മറികടന്നപ്പോഴാണ് ഇപ്പോഴത്തെ സൈനിക അട്ടിമറി.
പൊതുവെ ജനാധിപത്യത്തിന് മുറവിളി കൂട്ടുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷക്കാരും ലിബറലുകളുമാണ് ഈജിപ്ഷ്യന്‍ അട്ടിമറിക്ക് ഓശാന പാടിയതെന്നതാണ് ഖേദകരം.
അതേസമയം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ലോകത്ത് ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും പൂര്‍ണ്ണ തോതില്‍ പുലരാത്തതില്‍ ദുഖം പൂണ്ടിരിക്കുന്ന വന്‍ശക്തികളെല്ലാം കരുതലോടെയാണ് ഈജിപ്ഷ്യന്‍ അട്ടമറിയോട് പ്രതികരിച്ചത്. മുസ്്‌ലിം ബ്രദര്‍ഹുഡിന് ഏന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയ്ക്ക് മുര്‍സിയും പാര്‍ട്ടിയും തന്നെയാണ് ആ രാജ്യത്തിന് ഏറെ ഉചിതം
അതിലേറെ രസകരം പ്രക്ഷോഭങ്ങളോടുള്ള എപി, എ എഫ് പി തുടങ്ങിയ ലോകമാധ്യമങ്ങളുടെയും ന്യൂസ് ഫോട്ടോ സര്‍വീസുകളും സമീപിച്ച രീതിയാണ്. യഥാര്‍ത്ഥത്തില്‍ ഈജിപ്തില്‍ നിന്നുള്ള വാര്‍ത്താ ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസ്സിലാകുക  ഒന്ന് താടിയുള്ള പ്രക്ഷോഭവും  രണ്ട് താടിയില്ലാത്ത പ്രക്ഷോഭവും എന്നിങ്ങനെ രണ്ടു തരം പ്രക്ഷോഭങ്ങളുണ്ടെന്നാണ്. ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന മുര്‍സി അനുകൂല പ്രക്ഷോഭങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ താടിക്കാരെ ഫോക്കസ് ചെയ്ത് ക്രോപ്പ് ചെയ്‌തെടുത്ത ഫോട്ടോകളും മുര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതീക്ഷയുടെ ചിഹ്നമായി ഏതെങ്കിലും പിഞ്ചു കുഞ്ഞുങ്ങളോ പെണ്‍കുട്ടിളോ കൊടി പിടിക്കുന്ന ചിത്രങ്ങളും ലോകമെമ്പാടും പരക്കുകയായിരുന്നു.  ഏതായാലും ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളൊന്നും കാണാനില്ലെന്നത് ഈജിപ്തിലെ സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ കൂട്ടിവായിക്കേണ്ടതാണ്. ഏറെക്കുറെ സ്വതന്ത്രമെന്ന് കരുതപ്പെടുന്ന അല്‍ജസീറ ചാനലിനെ പടിയിറക്കിക്കൊണ്ടാണ് ജനാധിപത്യത്തിന്റെ അടിവേരറുക്കാനുള്ള നീക്കങ്ങള്‍ സൈന്യം പൂര്‍ത്തിയാക്കിയത്. ഏതായാലും ഈജിപ്തിന് ഇനി നല്ല നാളുകളാണ് വരാനിരിക്കുന്നതെന്ന് കരുതാനുള്ള യാതൊരു കാരണവും കാണുന്നില്ല.
Post a Comment