Wednesday, December 12, 2012

തെക്കെ ഇന്ത്യയില്‍ ഇതള്‍കൊഴിയുന്ന ബി ജെ പി

 കര്‍ണാടകയിലെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ചാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ പാര്‍ട്ടി വിലക്ക് മറികടന്ന് പത്ത് ബി ജെ പി എം എല്‍ എമാരും പങ്കെടുത്തു. ജഗദീഷ് ഷെട്ടാര്‍ സര്‍ക്കാരിന് ഇനി അധിക കാലമില്ലെന്നും തന്റെ വെല്ലുവിളി നേരിടാന്‍ ബി ജെ പി നേതൃത്വം തയ്യാറുണ്ടോയെന്നും ദക്ഷിണേന്ത്യയിലെ ആദ്യ ബി ജെ പി സര്‍ക്കാറിന് നേതൃത്വം നല്കിയ യദ്യൂരപ്പ വെല്ലുവിളിച്ചു. ബി ജെ പി സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്റെ അനുയായികളുടെ പിന്തുണയിലായിരിക്കുമെന്ന ഓര്‍മപ്പെടുത്തലും അദ്ദേഹം നടത്തി.
നേരത്തെ യദ്യൂരപ്പ നടത്തിയ പ്രാതല്‍ വിരുന്നില്‍ 21 ബി ജെ പി എം എല്‍ എമാരും, ഏഴ് എം എല്‍ സിമാരും  നാല് ലോക്‌സഭാംഗങ്ങളും പങ്കെടുത്തിരുന്നു.  വടക്കന്‍ കര്‍ണാടകയിലെ ഹാവേരിയില്‍  പടുകൂറ്റന്‍ റാലിക്കു ശേഷം നടന്ന പൊതുയോഗത്തിലാണ് യെദ്യൂരപ്പ കര്‍ണാടക ജനതാപാര്‍ട്ടി രൂപീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും യദ്യൂരപ്പ ഏറ്റെടുത്തു. ഖനി അഴിമതിക്കേസിലാണ് കര്‍ണാടക ബി ജെ പി പുകഞ്ഞു തുടങ്ങിയത്. റെഡി സഹോദരന്‍മാരെ അച്ചാരം വാങ്ങി മന്ത്രിമാരാക്കിയപ്പോള്‍ ദേശീയ നേതൃത്വം താമരക്കുളം ദക്ഷിണേന്ത്യയിലേക്ക് നീണ്ടുവരുന്നതു കണ്ട് ആഹ്ലാദിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ അല്‍പ്പസ്വല്‍പ്പം, പിന്നെ കേരളം. അതായിരുന്നു പാര്‍ട്ടി വളര്‍ച്ചയുടെ നര്‍ദിഷ്ട കാവിപാത. എന്നാല്‍ യദ്യൂരപ്പ താമര പറിക്കാന്‍ കുളത്തിലിറങ്ങിയപ്പോള്‍ കേന്ദ്രനേതൃത്വത്തിന് കാഴ്ചക്കാരാകേണ്ടി വന്നിരിക്കുകയാണ്.  ദേശ സ്‌നേഹത്തിന്റെ മൊത്ത കുത്തകയുള്ള ബി ജെപിയുടെ തണലില്‍ നാടുകൊള്ളയടിച്ച റെഡി സഹോദരന്മാര്‍ അഴിക്കുള്ളിലായപ്പോള്‍ മാത്രമാണ് അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായത്. പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി തന്നെ അഴിമതി ആരോണത്തില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ മോഡി മോഡല്‍ വികസനം മാത്രമായിരിക്കും പാര്‍ട്ടിക്കു രക്ഷ. ഗുജറാത്തിലെ വികസനം അടിസ്ഥാന വിഭാഗങ്ങള്‍ക്ക് പുരോഗതിയില്ലാത്തതാണെന്ന് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍ ചേര്‍ത്തു വായിക്കാവുന്നതാണ്.   കേരളത്തില്‍ ഹിന്ദു ഏകീകരണം വന്നെത്തിയെന്നാണ് ബി ജെ പി നേതാവ് ഒ രാജഗോപാലിന്റെ വിലയിരുത്തല്‍. അതില്‍ ശരിയുമുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കോണ്‍ഗ്രസിന്റെ മൃതുഹിന്ദുത്വ സമീപനത്തേക്കള്‍ ഭയാനകമായ രീതിയിലുള്ള മൃതുഹിന്ദുത്വ വാചകക്കസര്‍ത്തുകള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതാണ് കേരളം അങ്ങിനെയൊരു ശാക്തീകരണത്തിലേക്ക് നീങ്ങാന്‍ കാരണം. സാമുദായിക ശാക്തികരണമാണെങ്കില്‍ അത് നാടിന് ഉപകാരപ്പെടുമായിരുന്നു. എന്നാല്‍ വര്‍ഗീയ ശാക്തീകരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അത് നാടിനാപത്താണ്. മതമേതായാലും. പക്ഷെ ദളിതരടക്കം സാമുദായികമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവരെ അടിമത്വത്തില്‍ തളച്ചിട്ട് വരേണ്യവര്‍ഗത്തിന് ഓശാനപാടിക്കാനാണ് വെള്ളാപ്പള്ളി നടേശനെ പോലുള്ള ചില സാമുദായിക നേതാക്കള്‍ ശ്രമം നടത്തുന്നത്.
Post a Comment