Saturday, November 24, 2012

ഫലസ്തീന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള സ്വാതന്ത്ര്യ സമര പോരാട്ടം

ലോകത്തെ ഏറ്റവും പഴക്കമുള്ള സ്വാതന്ത്ര്യ സമര പോരാട്ടമാണ് ഫലസ്തീനിലേത്. ഇന്ത്യയും രാഷ്ട്രപിതാവ് ഗാന്ധിജിയും ഫലസ്തീന്‍ പോരാട്ടത്തിന് അന്നു തൊട്ടേ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ രൂപീകൃതമായി ഒരുവര്‍ഷത്തിനു ശേഷമാണ് ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രാഈല്‍ രാഷ്ട്രം രൂപീകൃതമാകുന്നത്. 1991 വരെ ഇസ്രാഈലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. ഗസ്സയില്‍ ഓരോ കൂട്ടക്കുരുതിക്കു ശേഷവും ഇസ്രാഈലിനൊപ്പം ഹമാസും വിജയം പ്രഖ്യാപിക്കാറുണ്ട്. സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തവും നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവനുമെടുത്ത ഇസ്രാഈല്‍ ഗസ്സയെ ശരിക്കും ശവപ്പറമ്പാക്കി മാറ്റിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനം തടയാന്‍ സിമന്റ് അടക്കം ഒന്നും ഗസ്സയിലേക്ക് കടത്തിവിടാന്‍ ഇസ്രാഈല്‍ അനുവദിക്കുന്നില്ല. പൂര്‍ണമായും ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള ഗസ്സമുനമ്പിലുള്ള പോരാളികള്‍ ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ഇറാന്റെ പിന്തുണയോടെ തങ്ങളെ ആക്രമിക്കുന്നുവെന്നാണ് ഇസ്രാഈല്‍ വാദം. ഭൂമിയിലെ ഏറ്റവും വലിയ തമാശകളൊന്നായ ഇതിനെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ നിര്‍വികാരം പിന്തുണയ്ക്കുകയാണ്. കടലില്‍ നിന്നും ആകാശത്തു നിന്നും ഓരുപോലെ ഗസ്സയില്‍ ബോംബ് വര്‍ഷം നടത്തിയാണ് 160ഓളം പേരെ ഇസ്രാഈല്‍ കൊന്നൊടുക്കിയത്. ഇസ്രാഈലിന്റെ ഉപരോധം ഗസ്സമുനമ്പിനെ നേരത്തെ തന്നെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്ന ഖ്യാതിയിലെത്തിച്ചിരുന്നു.
എങ്കിലും ഇക്കുറി ഹമാസ് പോരാളികളുടെ വിജയ പ്രഖ്യാപനത്തില്‍ ചില അവകാശവാദങ്ങള്‍ വകവെച്ചുകൊടുക്കേണ്ടി വരും. ഫലസ്തീനിലെ  സ്വാതന്ത്ര്യ സമര പോരാളികളായ ഹമാസിനെ ഭീകര സംഘടനയായാണ് ഇസ്രാഈലും അമേരിക്കയും മറ്റു ചില പശ്ചാത്യ രാജ്യങ്ങളും ഗണിച്ചു പേന്നിരുന്നത്. എന്നാല്‍ ഹമാസുമായി നേരിട്ട് കരാര്‍ ഒപ്പിടുന്നതിലൂടെ രാജ്യാന്തര തലത്തിലുള്ള അംഗീകരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. തകര്‍ക്കാന്‍ കഴിയാത്ത ആത്മ വിശ്വാസവുമായാണ് ഫലസ്തീന്‍ ജനത മുന്നോട്ടു പോകുന്നത്. ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ പുറം ലോകം അറിയാതിരിക്കാന്‍ ഇസ്രാഈള്‍ പരമാവധി ചെയ്യുന്നുണ്ട്. അതാണ് മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ കലാശിച്ചത്. പ്രാദേശിക അറബ് മാധ്യമമായ അല്‍ ഖുദ്‌സിന്റെ ഓഫീസ് സമുച്ഛയം സ്ഥിതി ചെയ്യുന്ന കെട്ടിടവും ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കുണ്ട്. ഹമാസിന്റെ മുഖമായാണ് അല്‍ഖുദ്‌സിനെ ഇസ്രാഈല്‍ കണക്കാക്കുന്നത്. ഗസ്സ നഗരപ്രാന്തത്തിലെ അല്‍ ഖുദ്‌സ് ടിവി ഓഫീസ് ആക്രമണത്തില്‍ ആറു പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരു പത്രപ്രവര്‍ത്തകന് കാല്‍ നഷ്ടമായി.  കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി.
കഴിഞ്ഞ ഞായറാഴ്ച ഞായറാഴ്ച രാവിലെ ഇസ്രാഈല്‍ സൈന്യം  മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍  സ്‌കൈ ന്യൂസ്, അല്‍ അറബിയ ചാനല്‍, ഹമാസിന്റെ ഔദ്യോഗിക ചാനലായ അല്‍ അഖ്‌സ ടി വി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു.  രണ്ടു പത്രപ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹമാസ് ഉപയോഗിക്കുന്ന കെട്ടിടത്തിനു മുകളിലുള്ള ആന്റിനയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രാഈല്‍ സൈന്യത്തിന്റെ അവകാശവാദം.
ബുധനാഴ്ച മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ ആക്രമണം നടത്തുന്നുണ്ട്. രാജ്യത്തേക്ക് റോക്കറ്റാക്രമണം നടത്തുന്ന പോരാളികളെ തുരത്തുകയെന്ന പേരിലാണ് ഇസ്രാഈല്‍ സൈനിക നടപടികള്‍ക്ക് തുടക്കമിട്ടത്. 2009ലും സമാനമായ ആക്രമണം നടത്തിയെങ്കിലും ഹമാസ് തടവിലുള്ള ഇസ്രാഈല്‍ സൈനികനെ മോചിപ്പിക്കാനാവാതെ ആക്രമണം നിര്‍ത്തേണ്ടി വരികയായിരുന്നു. അന്നും ഗസ്സയിലെ മനുഷ്യര്‍ക്ക് നരകയാതനയാണ് ഇസ്രാഈല്‍സമ്മാനിച്ചത്. സ്‌കൂളുകള്‍ പോലും ആക്രമിക്കപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ പിന്തുണ ഇസ്രാഈലിന് രക്ഷയായി. ഒടുവില്‍ ബുധനാഴ്ച അര്‍ധരാത്രി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തല്‍ പോലും ലംഘിച്ചിരിക്കുകയാണ് ഇസ്രാഈല്‍. അതിര്‍ത്തി മേഖലയിലെ 300 മീറ്റര്‍ ബഫര്‍ സോണില്‍ (കരുതല്‍ മേഖല) പ്രവേശിച്ചതിനാണ് ഇസ്രാഈല്‍ സൈന്യം കര്‍ഷകനെ വെടിവെച്ചു കൊന്നത്. 10 കൗമാരക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയിലേക്ക് നടന്ന സംഘത്തിനു നേരെ  മുന്നയിറിപ്പായി വെടിയുതിര്‍ത്തിരുന്നതെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ന്യായം.
 വെസ്റ്റ് ബാങ്ക, ഗസ്സ എന്നീ രണ്ടു മേഖലകളിലായി തിരിച്ച് ഒറ്റപ്പെടുത്തി ഫലസ്തീനെ നശിപ്പിക്കാനാണ് ഇസ്രാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ലോകത്തെ ഏറ്റവും പഴക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതാണ് ഫലസ്തീനിലെ പോരാളികള്‍ക്കു കരുത്തു പകരുന്നതും. അമേരിക്കന്‍ - ഇസ്രാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ലോകത്തുടനീളം പ്രചാരണം നടക്കുന്നുണ്ട്. ഇസ്രാഈലിനെ അന്ധമായി പിന്തുണയ്ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അവര്‍ക്കെതിരെയും ബഹിഷ്‌കരണാഹ്വാനമുണ്ട്. എതായാലും അക്രമപരമായ സമരങ്ങളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഗാന്ധിജി മുന്നോട്ടു വെച്ച തരത്തിലുള്ള ഉത്പന്ന ബഹിഷ്‌കരണം. മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയു അതുവഴി ഇസ്രാഈലിനെയും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രേരിപ്പിക്കുമെന്നാണ് ബഹിഷ്‌കരണാഹ്വാനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ പറയുന്നത്.

Post a Comment