Thursday, November 8, 2012

മാറ്റമില്ലാതെ മാറ്റം

മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമെന്ന മഹത്‌വജനം  അന്വര്‍ത്ഥമാക്കിയാണ് 46ാമത് അമേരിക്കന്‍ പ്രസിഡന്റായി ബാരക് ഹുസൈന്‍ ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. 2009 ലാണ് ഒബാമ ആദ്യം വൈറ്റ് ഹൗസിന്റെ പടി ചവിട്ടിയത്. തുല്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളോട് മുഖം തിരിക്കരുതെന്ന് കറുത്തവര്‍ഗക്കാരുടെ മഹാനായ അവകാശപ്പോരാളി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അമേരിക്കക്കാരെ വെല്ലുവിളിച്ച് 45 വര്‍ഷത്തിനു ശേഷം. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഒട്ടേറെ വൈതരണികള്‍ മറികടന്നാണ് ഒബാമ വൈറ്റ് ഹൗസിലെത്തിയത്.

അവസാന ഘട്ടത്തില്‍ ഒബാമ മുസ്‌ലിം ആണെന്ന പ്രചാരണവും പൊടിപൊടിച്ചു. താന്‍ മുസ്‌ലിം അല്ലെന്ന് ഒബാമയ്ക്ക് പറയേണ്ടിടത്തു വരെയെത്തി തെരഞ്ഞെടുപ്പു രംഗം.ബാരക് ഹുസൈന്‍ ഒബാമ എന്ന പേരിലെ ഹുസൈന്‍ ആണ് എതിരാളികള്‍ ആയുധമാക്കിയത്. ജൂത വംശീയവാദികള്‍ പ്രചാരത്തിന് നേതൃത്വം നല്കി. വംശീയതക്കും മത വിദ്വേഷത്തിനും സുലഭ പ്രചാരം ലഭിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. എങ്കിലും ഒബാമ അന്ന് ജയിച്ചു കയറി. സാമ്പത്തിക മാന്ദ്യത്തിന്റെ തീച്ചൂളയിലേക്കാണ് 2009 ജനുവരി 20ന് ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അമേരിക്ക ഒളിവിലെന്നു വാദിച്ചു പോന്ന ഉസാമ ബിന്‍ ലാദന്റെ മരണമാണ് ഒബാമയ്ക്ക് അമേരിക്കക്കാര്‍ക്കിടയില്‍ ജനപ്രീതിയേറ്റിയ പ്രധാന കാര്യം.  ഒരു രാജ്യത്തിന്റെ മുഖ്യലക്ഷ്യം ഏതെങ്കിലും വ്യക്തിയിലേക്കോ ഭീകര സംഘടനകളിലേക്കോ ചുരുങ്ങുന്ന പരിതാപകരമായ അവസ്ഥയാണിതെങ്കിലും താന്‍ ലോകത്ത് ഒന്നാമനാണെന്ന് വാദിച്ചും ബോധിച്ചും നടക്കുന്ന അമേരിക്കന്‍ പൗരന് ഇത് വലിയ കാര്യമായിരുന്നു. അവന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുകയാണ് ഒബാമ ചെയ്തതെന്ന് ഓരോ അമേരിക്കക്കാരനും വിശ്വസിക്കുന്നു. അത് അദ്ദേഹത്തെ തുണയ്ക്കുകയും ചെയ്തു. അതേസമയം അഫ്ഗാനിസ്താനില്‍ നിന്നും ഇറാഖില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്ന വാര്‍ത്ത അമേരിക്കയിലെ സമാധാനവാദികളെ തല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്.  എങ്കിലും അമേരിക്ക എല്ലാ കാലത്തും അതിന്റെ സ്വഭാവം കാട്ടിക്കൊണ്ടിരിക്കും.  ലോക നേതൃത്വം നിലനിര്‍ത്താന്‍ അല്‍പ്പം ആക്രമണോത്സുകത ഇല്ലാതെ പറ്റില്ലെന്നാണ് അമേരിക്കന്‍ പക്ഷം.അതേസമയം ഒബാമക്ക് വരാനിരിക്കുന്നത് നല്ല നാളുകളല്ല. സാമ്പത്തിക രംഗം തണുത്തുറഞ്ഞു തന്നെയാണ് കിടക്കുന്നത്. ഇതിനു മാറ്റം വരാന്‍ അമേരിക്ക എത്ര കാത്തിരിക്കേണ്ടി വരുമെന്നത് വ്യക്തമല്ല. എങ്കിലും നല്ലനാളുകള്‍ വരാനിരിക്കുന്നു എന്നാണ് ഒബാമയുടെ വിശ്വാസം. വിജയാഹ്ലാദത്തിനിടെ അദ്ദേഹം അതു പ്രഖ്യാപിക്കുകയും ചെയ്തു. ഒബാമയുടെ വരവില്‍ ഒന്നും സംഭവിച്ചില്ലെന്നാണ് വിമര്‍ശക മതം. എങ്കിലും അമേരിക്കയുടെ വംശീയ സ്വഭാവത്തില്‍ കാതലായ മാറ്റം സൂക്ഷ്മ നിരീക്ഷകര്‍ക്ക് മനസ്സിലാകും.  സിറിയയിലും ഇറാനിലും പരസ്യമായ ഇടപെടല്‍ നടത്താന്‍ ഒബാമയ്ക്കു കഴിയുമായിരുന്നു. ഇസ്രാഈലിനു വേണ്ടിയുള്ള കുഴലൂത്ത് കുറച്ചു. മേഖലയെ ഒരു യുദ്ധത്തിലേക്ക്  വലിച്ചിഴച്ചില്ല. അറബ് വസന്തത്തെ അതിന്റെ വഴിക്ക് വിട്ടു. ലിബിയയിലല്ലാതെ മറ്റെവിടെയും ഇടപെട്ടില്ല. ലിബിയയില്‍ തന്നെ കടന്നാക്രമണത്തിന്റെ നേതൃത്വത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി. ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് സമവായത്തിന്റെ ഭാഷ സംസാരിക്കുന്നത് നാം കണ്ടു. 21ാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ജനതക്കും ലോകത്തിനും നേതൃത്വം നല്കാന്‍ ദീര്‍ഘ വീക്ഷണമുള്ള ഒരു നേതാവിനെയാണ് അമേരിക്കക്ക് ആവശ്യം. അതുകൊണ്ടു തന്നെയാണ് ശക്തമായ റിപ്പബ്ലിക്കന്‍ പ്രചാരങ്ങള്‍ക്കിടയിലും ഒബാമ വെളുത്ത കൊട്ടാരത്തില്‍ വീണ്ടും കാലുകുത്തിയത്. ഒബാമ വന്നാല്‍ ഒന്നും സംഭവിക്കില്ലെന്നു പറയുന്നവര്‍ക്കുള്ള മറുപടി മറുപക്ഷം നല്കുന്നുണ്ട്. റോംനി പ്രസിഡന്റായായാല്‍ അമേരിക്കയിലും ലോകത്തും  സംഭവിക്കുമായിരുന്നത് മറ്റൊന്നായിരുന്നു. വെള്ളക്കാരന്റെ മനോഭാവവും മിശ്രവംശജന്റെ മനോഭാവവും തമ്മിലുള്ള അന്തരമാണ് ഒബാമയുടെ നയങ്ങള്‍.
ജനനം 1961 ആഗസ്ത് നാലിന് ഹവായിയിലെ ഹോണോലുലുവില്‍  ബാരക് ഹുസൈന്‍ ഒബാമ ജൂനിയറിന്റെ ജനനം. അമേരിക്കന്‍ വെളുത്ത വര്‍ഗക്കാരി ഡന്‍ഹാമും കെനിയയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ബാരക് ഒബാമ സീനിയറുമാണ് മാതാപിതാക്കള്‍. ഭാര്യ മിഷേല്‍ ഒബാമ. രണ്ടു പെണ്‍മക്കള്‍. സാഷ, മാലിയ.2008 നവംബര്‍ നാലിന് അമേരിക്കയുടെ 44ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കെയിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2009 ജനുവരി 20ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാമേറ്റു.  'യഥാര്‍ഥ മാറ്റം' സ്വപ്‌നം കണ്ട് വൈറ്റ് ഹൗസിലെത്തിയ ഒബാമയ്ക്ക് 2009ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു. പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ഒബാമയുടെ കാലം അമേരിക്ക കടന്നു പോയത്. തൊഴില്‍ ലഭ്യത കുറയുകയും തൊഴിലില്ലാഴ്മ എട്ടു ശതമാനമായി തുടരുകയും ചെയ്തു. ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വികളാണ് ഡമോക്രാറ്റിക് പാര്‍ട്ടി ഇക്കാലത്ത് നേരിട്ടത്. 2010 നവംബറിലെ തോല്‍വികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവരുടെ തയ്യാറെടുപ്പിനെ പോലും ബാധിച്ചു. എന്നാല്‍ വിദേശ നയത്തില്‍ കൈ  പൊള്ളാതെ ഒബാമ രക്ഷപ്പെട്ടു.
Post a Comment