Tuesday, August 7, 2012

ഗതിയില്ലാതെ പാക് ജനാധിപത്യം


സ്വതന്ത്ര ഇന്ത്യയും പാകിസ്താനും പിറന്നു വീണതിനു ശേഷം ആറര പതിറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യ വികസന രംഗത്ത് കുതിച്ചു ചാട്ടംതന്നെ നടത്തിയപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണം വിട്ട് ആ രാഷ്ട്രത്തിന് ഒരിക്കലും പുറത്തു കടക്കാനായിട്ടില്ല. അരാചകത്വം വിട്ടൊഴിയാത്ത രാഷ്ട്രം.
 സര്‍ക്കാറിനു നിയന്ത്രണമില്ലാത്ത പ്രദേശങ്ങള്‍. തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണ്. പാകിസ്താന് ലോകം കല്‍പ്പിച്ചു നല്കുന്ന പര്യായങ്ങള്‍ അനന്തമാണ്.  ഇതിനു പുറമെയാണ് സിവിലിയന്‍ ഭരണകൂടത്തിന് കോടതി ഭീഷണിയായി മാറുന്നത്. യൂസുഫ് റസ ഗീലാനി പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്തായതോടെ സൈന്യവും കോടതിയും തമ്മിലുള്ള ധാരണയും മറനീക്കിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ കോടതിയലക്ഷ്യക്കേസുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്  പാകിസ്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് പാകിസ്താനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാനുള്ള കോടതി നിര്‍ദേശത്തില്‍ നിന്ന്  പുതിയ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  പ്രസിഡന്റ് സര്‍ദാരി കഴിഞ്ഞ ജൂലായ് പന്ത്രണ്ടിനാണ് കോടതിയലക്ഷ്യ ചട്ടത്തില്‍ ഒപ്പുവെച്ചത്. ഈ നിയമപ്രകാരം പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാര്‍,  ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യത്തില്‍ നിന്നും സംരക്ഷണം ലഭിക്കുമായിരുന്നു. നേരത്തെ സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാനുള്ള നിര്‍ദേശം നിരാകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനമേറ്റുവാങ്ങി യൂസഫ് റാസ ഗീലാനിക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തു പോകേണ്ടി വന്നത്.  സര്‍ദാരിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് അധികൃതര്‍ക്ക് കത്തെഴുതണമെന്ന് ഗീലാനിക്ക് പകരം പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജപര്‍വേസ് അഷ്‌റഫിനും സുപ്രിം കോടതി നിര്‍ദേശം നല്കിയിരുന്നു. സര്‍ദാരിയുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ഇത്. ഗീലാനി പറഞ്ഞ ന്യായം പറഞ്ഞാല്‍ പര്‍വേസ് അഷ്‌റഫിനും പുറത്തു പോകേണ്ടി വരുമെന്ന അവസ്ഥ സംജാതമായതോടെയാണ് പുതിയ നിയമ നിര്‍മാണത്തിന് പാകിസ്താന്‍ രാഷ്ട്രീയത്തില്‍ കളമൊരുങ്ങിയത്.
സ്വിസ് അധികൃതര്‍ക്ക് കത്തയക്കാന്‍  കോടതി നല്കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് കോടതിയലക്ഷ്യത്തില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ലക്ഷ്യംവെച്ചുള്ള നിയമം സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ ചൗധരി അധ്യക്ഷനായുള്ള അഞ്ചംഗബെഞ്ചാണ് പുതിയ കോടതിയലക്ഷ്യസംരക്ഷണനിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഗീലാനിക്ക് പിന്നാലെ പര്‍വേസിനും പ്രധാനമന്ത്രി പദം ഒഴിയേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോടതിക്കും സൈന്യത്തിനും ഇടയില്‍ ഞെരുങ്ങുന്ന പാക് രാഷ്ട്രീയത്തിന് എവിടെയാണ് മുക്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. സി സിവിലിയന്‍ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെടുകയെന്നത് പാക് രാഷ്ട്രീയത്തില്‍ പുതിയ അനുഭവമല്ലെങ്കിലും സൈന്യത്തിനു പകരം കോടതിയാണ് ഇവിടെ വില്ലന്‍ വേഷമണിയുന്നത്. സിവിലിയന്‍ ഭരണ നേതൃത്വത്തിന്റെ പിടിയിലൊതുങ്ങാത്ത സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐയും സൃഷ്ടിക്കുന്ന തലവേദ വിട്ടൊഴിയാതെ തുടരുമ്പോഴാണ് കോടതിയുടെ 'അതിരുവിട്ട' കളി. ജുഡീഷ്യറിയുടെ അതിരുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇന്ത്യയിലും പലതവണ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ശക്തമായ സിവിലിയന്‍ ഭരണകൂടും ജനാധിപത്യ സംവിധാനത്തെ ഉയര്‍ത്തി നിര്‍ത്തുന്നു. എന്നാല്‍ ജാനധിപത്യം പേരില്‍ മാത്രമുള്ള പാകിസ്താനില്‍ അത് സാധ്യമല്ല. അതേസമയം പാര്‍ലമെന്റിന്റെ അതിരുകള്‍ ഭേദിക്കുന്ന സുപ്രികോടതിയുടെ  നടപടികള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന ഭരണ മുന്നണിയുടെ തീരുമാനം. കോടതിയലക്ഷ്യനിയമം റദ്ദാക്കിയതിന് പിന്നാലെയുള്ള  നിലപാട്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫും നടത്തിയ കൂടിക്കാഴ്ചയിലും ഇതേ നിലപാട് ആവര്‍ത്തിക്കപ്പെടുകയുണ്ടായി.
 പ്രസിഡന്റിനെതിരായ കേസുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്കിന് കത്തെഴുതാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കമല്ലെന്നും നിലവില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയാണ് വേണ്ടതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയും ഇതു തന്നെയാണ്. സര്‍ദാരിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് അധികൃതര്‍ക്ക് കത്തയക്കുന്നതിന് ഈ മാസം എട്ടുവരെയാണ് സുപ്രീം കോടതി പ്രധാനമന്ത്രിക്ക് സമയം നല്കിയിരിക്കുന്നത്. ഈ സമയം പരിധി അവസാനിച്ചുകഴിഞ്ഞാല്‍ പ്രധാമന്ത്രി പര്‍വേസ് കോടതിയലക്ഷ്യക്കുറ്റത്തിന് പാത്രമാവുകയും അതുവഴി പ്രധാമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്യും. ഇതിനെ അടിയന്തിരമായി അതിജയിക്കാനുള്ള നീക്കങ്ങളിലാണ് പാക് ഭരണ മുന്നണി. ഏതായാലും ജനാധിപത്യം അല്‍പ്പമെങ്കിലും തളിത്തു വരുമ്പോള്‍ അഴിമതിക്കെതിരായ പോരാട്ടമെന്ന പേരില്‍ രാജ്യത്തെ അരാചകത്വത്തിലേക്കാണ് സുപ്രിം കോടതി നയിക്കുന്നത്.
പര്‍വേസ് മുഷര്‍റഫിന്റെ പട്ടാള ഭരണ കാലത്ത് സുപ്രിംകോടതിക്കു നഷ്ടമായ പ്രതാപം തിരിച്ചു കിട്ടിയത് ജനാധിപത്യം തിരിച്ചു വന്നപ്പോഴായിരുന്നു. അന്ധമായ നിയമ സംവിധാനമല്ല, മറിച്ച് പ്രായോഗിക കാഴ്ചപ്പാടുകളാണ് തല്‍ക്കാലത്തേക്കെങ്കിലും പാക് ജനാധിപത്യത്തിനും അതിന്റെ ജനതക്കു ഭൂഷണമാകുക. പാക് സൈന്യം അവസരം കാത്തു കഴിയുകയാണെന്ന ബോധ്യ നിയമസംവിധാനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. പാകിസ്താനില്‍ ജനാധിപത്യം ശക്തമാകുന്നതാണ്  ഇന്ത്യക്കും ഏറെ ഗുണകരമാകുക.

Post a Comment