Tuesday, June 26, 2012

മുര്‍സി പ്രസിഡന്റായി; തഹ്‌രീര്‍ സ്‌ക്വയറില്‍ ആരവം.

ഈജിപ്ത് പ്രസിഡന്റായി മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസാവസാനം രാജ്യത്തെ സുപ്രിം കോടതി മുന്‍പാകെ മുര്‍സി സത്യപ്രതിജ്ഞ ചെയ്യും. ഫലപ്രഖ്യാപനത്തോടെ ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഹൃദയമായ തഹ്‌രീര്‍ സ്‌ക്വയറില്‍ ആരവങ്ങളുയര്‍ന്നു തുടങ്ങി. എങ്കിലും ജനാധിപത്യത്തിന്റെ തലയ്ക്കുമുകളില്‍ വാളായി ഇപ്പോള്‍ ഭരണം നടത്തുന്ന സൈനിക കൗണ്‍സിലും അതിന്റെ അവശിഷ്ടങ്ങളും തൂങ്ങിക്കിടക്കം. ഈത് ഈജിപ്തിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണ്.
ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു മുര്‍സി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 26 ദശലക്ഷം വോട്ടില്‍ 13.2 ദശലക്ഷം വോട്ടുകള്‍ നേടിയാണ് മുര്‍സിയുടെ വിജയം. സാധുവായ വോട്ടുകളുടെ 51.7 ശതമാനം വോട്ടുകളാണ് മുര്‍സി നേടിയത്. എതിരാളിയും ഹുസ്‌നി മുബാറക് സര്‍ക്കാറില്‍ അവസാന പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ഷഫീഖിന് 12.3 ദശലക്ഷം വോട്ടുകള്‍ ലഭിച്ചതായി ഫാറൂഖ് സുല്‍ത്താന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. എട്ടുലക്ഷം വോട്ടുകള്‍ അസാധുവായി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അതേസമയം രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മുസ്‌ലിം ബ്രദര്‍ഹുഡും സൈനിക കൗണ്‍സിലും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫലപ്രഖ്യാപനം വൈകിയത് രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുര്‍സി തെരഞ്ഞെടുക്കപ്പെട്ടതായുള്ള പ്രഖ്യാപനം. മുര്‍സി എല്ലാ ഈജിപ്തുകാരുടെയും പ്രസിഡന്റായിരിക്കുമെന്ന് മുര്‍സിയുടെ പ്രചാരണ വിഭാഗം വക്താവ് ഗഹാദ് അല്‍ ഹദ്ദാദ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു സ്ഥാനാര്‍ഥികളും 456 പരാതികള്‍ നല്കിയിരുന്നു.
രാജ്യത്ത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ ഭരണം നടത്തുന്ന സൈനിക കൗണ്‍സില്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ജൂണ്‍ 13ന് സിവിലിയന്‍മാരെ അറസ്റ്റ് ചെയ്ത് സൈനിക കോടതിയില്‍ വിചാരണ ചെയ്യാന്‍ കൗണ്‍സില്‍ സൈന്യത്തിന് അനുമതി നല്കി. മാത്രമല്ല രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് നിയമനിര്‍മാണാധികാരങ്ങള്‍ തങ്ങള്‍ക്കു ലഭിക്കും വിധത്തില്‍ മറ്റൊരുത്തരവും കൗണ്‍സില്‍ പുറത്തിറക്കി. സുരക്ഷാ നയങ്ങളും കൈപിടിയിലൊതുക്കാന്‍ സൈന്യം ശ്രമിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ മുര്‍സിയെ തഴഞ്ഞ് എതിര്‍സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രിയുമായ അഹ്മദ് ശഫീഖിനെ പ്രസിഡന്റായി പ്രഖ്യപിക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുള്‍ പുറത്ത് വന്നിരുന്നു. നീക്കം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന് കണ്ടാണ് പുതിയ ഫോര്‍മുലക്ക് സൈന്യം നിര്‍ബന്ധിതമായതെന്ന് വാര്‍ത്തയുണ്ട്. സൈനികഭരണകൂടം അധികാരത്തില്‍ പിടിമുറുക്കുന്നതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം അലയടിച്ചിരുന്നു. മൂന്നു പതിറ്റാണ്ടു കാലത്തെ ഹുസ്‌നി മുബാറകിന്റെ ഏകാധിപത്യ ഭരണത്തിനു ശേഷമാണ് ഈജിപ്തില്‍ ജനാധിപത്യ ഭരണത്തിന് തുടക്കമാവുന്നത്.
ഭരണകാലത്തെ അഴിമതിക്കും പ്രക്ഷോഭകാലത്തെ കൊലപാതകങ്ങളുടെയും പേരില്‍ ജീവപര്യന്തം തടവിലാണ് മുബാറക്. രോഗിയായി സൈനിക ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരണത്തോടു മല്ലടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രാഈലുമായിരുന്നു മുബാറക് യുഗത്തില്‍ ഈജിപ്തിന്റെ ശക്തി. ലോകമെമ്പാടും അമേരിക്ക നടപ്പാക്കാനിറങ്ങുന്ന ജനാധിപത്യം ഈജിപ്തില്‍ പുലര്‍ന്നപ്പോള്‍ വായ് തുറന്ന് അതിനെ സ്വാഗതം ചെയ്യാന്‍ പോലും അമേരിക്ക് കഴിഞ്ഞില്ല. ഒഴുക്കന്‍ മട്ടിലുള്ള അംഗീകാരമാണ് അമേരിക്ക നല്കിയത്. ഇസ്രാഈലിനാകട്ടെ ജനാധിപത്യത്തിന്റെ വരവ് അംഗീകരിക്കേണ്ടിയും വന്നു. ഏതായാലും ഭാവിയില്‍ ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌ന പരിഹാരം ഈജിപ്തിന്റെ കൂടി നിലപാടുകള്‍ക്കനുസരിച്ചായിരിക്കുമെന്ന് തീര്‍ച്ച.

Post a Comment