Tuesday, April 24, 2012

ഈജിപ്തില്‍ വേണ്ടേ ജനാധിപത്യം?


സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈല്‍ നദീതടം. എഴുതപ്പെട്ട ലോക ചരിത്രം നൈല്‍ നദിയില്ലാതെ പൂര്‍ണമാകുന്നില്ല. അതുപോലെ തന്നെയാണ് നൈലിന്റെ ദാനം എന്നറിയപ്പെടുന്ന ഈജിപ്തും. നേര്‍ക്കുനേര്‍ പറഞ്ഞാല്‍ ലോകത്തെ ഒരിക്കല്‍ നേര്‍ദിശയില്‍ നടത്തിയിരുന്നത് ഈജിപ്ത് ആയിരുന്നുവെന്ന് ചുരുക്കം. അല്ലെങ്കില്‍ ലോക സംസ്‌കാരത്തിന് ഒഴിച്ചുകൂടാനാവത്ത മാതൃകയെന്നും വിലയിരുത്തലുകളുണ്ട്. ഏതായാലും  ഈജിപ്ഷ്യന്‍ വിപ്ലവത്തെ കുറിച്ചറിയാത്തവര്‍ ഈ കൊച്ചു കേരളത്തില്‍ പോലും പത്താംക്ലാസ് പാസ്സാകില്ലെന്നത് കട്ടായം. ഈജ്പ്തില്‍ ഹുസ്‌നി മുബാറക്കിന്റെ പതനമാണ് ആധുനിക ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട (പെടുന്ന) വിഷയങ്ങളിലൊന്ന്. വിട്ടു തരില്ലെന്ന് വീമ്പു പറഞ്ഞ് അവസാനം സൈന്യത്തിന്റെ കരങ്ങളില്‍ ഭരണമേല്‍പ്പിച്ചാണ് മുബാറക് പടിയിറങ്ങിയത്.
ഏറെ പ്രതീക്ഷയോടെയാണ് തഹ്‌രീര്‍ സ്‌ക്വയര്‍  വിപ്ലവത്തിന് ലോകം കാതോര്‍ത്തത്. എന്നാല്‍ ജനാധിപത്യം ഇനിയും അകലെയാണെന്ന പ്രായോഗിക അറിവ് മാത്രമാണ് ആ ജനതക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ജനാധിപത്യം എന്തിനും ബദലല്ലെങ്കിലും പലപ്പോഴും അതിനേക്കാള്‍ മെച്ചമായത് വിരളമായി മാത്രമേ നമുക്കു കാണാനാകൂ. ആ തിരിച്ചറിവാണ് ഈജിപ്ഷ്യന്‍ വിപ്ലവകാരികളെ വീണ്ടും തഹ്‌രീര്‍ ചത്വരത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. തഹ്‌രീര്‍ എന്നാല്‍ സ്വാതന്ത്യം എന്നാണു വിവക്ഷ. അത് സാധൂകരിക്കുന്നതായിരുന്നു ഈജിപ്തിലെ പ്രക്ഷോഭവും മുബാറക്കിന്റെ പതനവും. എന്നാല്‍ വിപ്ലവത്തിലെ കൂമ്പു തന്നെ ചീയുന്നു എന്ന ആശങ്ക തഹീര്‍ പോരാട്ടത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.  ഹുസ്‌നി മുബാറക്കിന്റെ പതന ശേഷം ഈജിപ്തില്‍ ഭരണം നടത്തുന്ന സൈനിക സമിതിക്കു മേല്‍ അധികാരക്കൈമാറ്റത്തിന് സമ്മര്‍ദം ശക്തമാക്കാനാണ് പ്രക്ഷോഭകര്‍ വീണ്ടും വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ തഹ്‌രീര്‍ ചത്വരത്തിലേക്ക് തിരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 11-നാണ് 18 ദിന പ്രക്ഷോഭത്തിനൊടുവില്‍ ഹുസ്‌നി മുബാറക് രാജിവെച്ചത്. എന്നാല്‍ ജനാധിപത്യം ലോകത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്യ-സാമ്രാജ്യത്വ അച്ചുതണ്ട് നൈല്‍നദി കടക്കുമ്പോള്‍ മൗനം ആചരിക്കുകയാണ്.
സിവിലിയന്‍ ഭരണ കൂടത്തിന് അധികാരം കൈമാറുക, മുന്‍ സര്‍ക്കാറില്‍ അംഗങ്ങളായവരെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുക എന്നിവയാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇസ്‌ലാമിക, ഇടതു കക്ഷികളും പ്രക്ഷോഭത്തിന് അണിനിരക്കുന്നുണ്ട്. മേയ് 23,24 തിയ്യതികളിലാണ് ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജൂണ്‍ 21ന് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. രാജ്യത്ത് ഏറ്റവും ഭൂരിപക്ഷം മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗത്തിനാണ്. സലഫികളും തരക്കേടില്ലാത്ത വിജയം കൈവരിച്ചിരുന്നു. എന്നാല്‍ മുസ്‌ലിം ബെല്‍റ്റ് അധികാരത്തിലെത്തുന്നതില്‍ കുടത്ത ആശങ്കയാണ് ന്യൂനപക്ഷമായ ഇടതു സ്വതന്ത്ര ചിന്താഗതിക്കാരുടെ ആശങ്ക. അമേരിക്കയും യൂറോപ്യന്‍മാരും ഇതേ ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേസമയം സൈന്യത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയും പരിഷ്‌കരണം തടയുകയുമാണ് സൈന്യത്തിന്റെ ലക്ഷ്യമെന്ന് മുഖ്യ പ്രതിപക്ഷം ഭയക്കുന്നു. സൈനിക ഭരണം തകരട്ടെയെന്ന മുദ്രാവാക്യമാണ് തഹ്‌രീര്‍ ചത്വരത്തില്‍ നിന്ന് ഉയരുന്നത്. അതേസമയം ഇടതു ലിബറല്‍ വിഭാഗത്തിന്റെ പൊതുസ്ഥാനാര്‍ഥിയെന്ന ആശയത്തോട് വിമുഖത കാണിക്കുന്ന ബ്രദര്‍ഹുഡിന്റെയും സലഫികളുടെയും നയം കടുത്ത പാതകമായാണ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ രാജ്യത്ത് ഭൂരിപക്ഷ സാന്നിധ്യമുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് സ്വന്തം സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോകുകയാണ്. ബ്രദര്‍ഹുഡ് അധികാരത്തിലെത്തുന്നത് തടയാന്‍ സൈന്യവും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയെ, സൈന്യം നിയമിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ തന്നെ 'രണ്ടാം വിപ്ലവം' നടത്തണമെന്നാണ് ബ്രദര്‍ഹുഡ് ആഹ്വാനം. അതേസമയം സലഫികള്‍ക്കും തങ്ങളുടെ സ്ഥാനാര്‍ഥി ഹസീം അബു ഇസ്മാഈലിനെ അയോഗ്യനാക്കിയതില്‍ അമര്‍ഷമുണ്ട്. ഇദ്ദേഹത്തിന്റെ മാതാവിന് അമേരിക്കന്‍ പൗരത്വമുണ്ടെന്ന് സ്ഥാപിച്ചാണ് അയോഗ്യത കല്‍പ്പിച്ചത്.
ഈജിപ്തിലെ നിയമമനുസരിച്ച് അടുത്ത ബന്ധുവിന് ഇരട്ട പൗരത്വമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
എന്നാല്‍ രേഖകള്‍ സൈന്യം കെട്ടിച്ചമച്ചതാണെന്നാണ് സലഫി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് അധികാരം കൈമാറുമെന്ന് സൈനിക സമിതി ഉറപ്പു നല്കുന്നുണ്ടെങ്കിലും  പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിനു മുന്‍പ് പുതിയ ഭരണ ഘടന പൂര്‍ത്തിയാക്കേണ്ടതുണ്ട്.കഴിഞ്ഞ വര്‍ഷം അവസാനം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 70 ശതമാനം സീറ്റുകളും ഇസ്‌ലാമിക കക്ഷികള്‍ നേടിയിരുന്നു. മൊത്തം അംഗങ്ങളില്‍  പകുതിയോളം മുസ്‌ലിം ബ്രദര്‍ഹുഡിന്റേതാണ്. തുടര്‍ന്ന് പ്രധാനമന്ത്രി കമാല്‍ അല്‍ ഗന്‍സൗരിയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം മാറണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി സൈന്യം നിരന്തരം ഒഴിഞ്ഞുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഇപ്പോള്‍ വീണ്ടും പ്രതിഷേധത്തിന് ചൂടുപിടിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍മാര്‍ക്കും അമേരിക്കക്കും ഈജിപതില്‍  ജനാധിപത്യം ആലോചിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഇസ്രാഈലിന് ന്യായാന്യായം നോക്കാതെ പിന്തുണ നല്കാന്‍ ജനാധിപത്യം ജനാധിപത്യ ഈജിപ്തിന് കഴിയില്ല. അതിനാല്‍ തന്നെ ഇസ്‌ലാമോഫോബിയ പരത്തി ഈജിപ്തില്‍ ജനാധിപത്യം ഉണ്ടാകുന്നതിന് തടയിടുന്നതിനുള്ള ഒരു നീക്കമാണോ ഇപ്പോള്‍ സൈന്യത്തിന്റെ മറവില്‍ നടക്കുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ 18 ദിനം കൊണ്ട് മൂന്നു പതിറ്റാണ്ട് ഈജിപ്തിനെ അടക്കിവാണ മുബാറക്കിനെ മുട്ടുകുത്തിച്ച ജനങ്ങള്‍ക്ക് പുതിയൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല.
മധ്യ-പൗരസ്ത്യ ദേശത്ത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു മുബാറക്. കൊളംബസിനു ചരിത്രം മാപ്പുനല്കട്ടെ, ഒരു പകരക്കാരന്‍ മാത്രമാണ് ഈജിപ്തില്‍ ഇപ്പോഴും അമേരിക്കക്ക് ആവശ്യം. അല്ലെങ്കില്‍ ഇസ്രാഈല്‍ ഒരു ചോദ്യച്ചിഹ്നമായി അമേരിക്കക്കു മുന്നില്‍ ഉയര്‍ന്നു വരും. യൂറോപ്യന്‍മാരും അതിനെ ഭയക്കുന്നുണ്ടാകണം.
Post a Comment