Sunday, March 25, 2012

ഫലസ്തീനികളുടെ ഭൂമി തിരിച്ചുനല്കിയാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: ബൈത്തുല്‍ മുഖദ്ദിസ് ഇമാം

ഡോ. ഷെയ്ഖ് യൂസുഫ് ജുമ സലാമ ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി ആദ്യമായി നല്കിയ അഭിമുഖം

കോഴിക്കോട്: ഫലസ്തീനികളുടെ ഭൂമി അവര്‍ക്കു തിരിച്ചു നല്‍കിയാല്‍ ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് ജറൂസലമിലെ ബൈത്തുല്‍ മുഖദ്ദസ് ചീഫ് ഇമാം ഡോ. ശെയ്ഖ് യൂസുഫ് ജുമ സലാമ. അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഫലസ്തീനികള്‍ പോരാടുന്നത്. തങ്ങളുടെ പേരില്‍ ഫലസ്തീന് പുറത്തു നടക്കുന്ന രക്തച്ചൊരിച്ചിലുകളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വര്‍ത്തമാനം ഓഫിസ് സന്ദര്‍ശിക്കവെ നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
തങ്ങള്‍ ഇരകളാണ്. ജന്മഭൂമി തിരിച്ചു നല്കണമെന്ന് ആവശ്യപ്പെടുന്നതല്ലാതെ ജൂതന്‍മാരടക്കം ആരോടും വിരോധമില്ല. എന്നാല്‍ പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരവാദിത്തം മുസ്‌ലിംകളുടെയും ഫലസ്തീനികളുടെയും തലയില്‍ കെട്ടിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സഭയടക്കം ലോക വേദികളില്‍ പലപ്പോഴും ഫലസ്തീന് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകാറുണ്ട്. ജറൂസലമിലെ ബുറാഖ് മേഖല മുസ്‌ലിംകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് യു എന്‍ പ്രഖ്യാപനമുണ്ട്. എന്നാല്‍ ഇസ്രാഈലിന് എതിരായ തീരുമാനങ്ങളൊന്നും നടപ്പാക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇസ്രാഈല്‍ മുസ്‌ലിംകളെ വിലക്കുന്നു. 50 വയസ്സിനു താഴെയുള്ളവര്‍ക്ക് ഖുദ്‌സ് വളപ്പില്‍ കടക്കാന്‍ തന്നെ പലപ്പോഴും പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. അഞ്ചു ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്ന പള്ളിയില്‍ നിയന്ത്രണങ്ങള്‍ കാരണം 50,000-80,000 ആളുകള്‍ക്കു മാത്രമേ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അഖ്‌സ പള്ളി തകര്‍ക്കാന്‍ ഇസ്രാഈല്‍ വ്യാപക ശ്രമം നടത്തുന്നുണ്ട്. പള്ളി നില്‍ക്കുന്ന പ്രദേശത്തെ പാറകളുടെ ബലം കുറയ്ക്കാന്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നു. പള്ളിക്കു ചുററും ജൂത ദേവാലയങ്ങള്‍ നിര്‍മിക്കുന്നു. അഖ്‌സ വളപ്പിനോട് ചേര്‍ന്ന് 63 സിനഗോഗുകളാണ് അവര്‍ നിര്‍മിച്ചത്. അവസാനത്തെ നിര്‍മിതി പള്ളി തകര്‍ക്കാനുള്ള വ്യക്തമായ സൂചനയാണ്.
ചരിത്രപരമായും 2010 വരെ നടന്ന പുരുവാസ്തു പഠനങ്ങള്‍ പ്രകാരവും ജൂതവിഭാഗങ്ങള്‍ക്ക് മസ്ജിദുല്‍ അഖ്‌സക്കു മേല്‍ അവകാശമില്ലെന്നു വ്യക്തമായിട്ടുണ്ട്. പ്രദേശം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മസ്ജിദുല്‍ അഖ്‌സക്കു പകരം നിര്‍ദിഷ്ട ജൂത ദേവാലയത്തിന്റെ പ്ലാന്‍ ആണ് ഇസ്രാഈല്‍ അധികൃതര്‍ വിതരണം ചെയ്യുന്നത്. ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പോരാളി സംഘടനകള്‍ക്കിടയില്‍ അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സമീപഭാവിയില്‍ അതിന്റെ ഫലം കാണാമെന്നും ഡോ. ജുമ സലാമ പറഞ്ഞു. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ. അദ്‌ലി സാദിഖ് കൂടെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല കൃസ്ത്യാനികള്‍കളെയും ജൂതന്‍മാരുടെ വേട്ട തുടരുകയാെണന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം ആറു ചര്‍ച്ചുകളും ഏഴ് പള്ളികളും തകര്‍ത്തതായി ഡോ. അദ്‌ലി പറഞ്ഞു.
സൗദിഅറേബ്യ മുന്‍ വിദ്യാഭ്യാസമന്ത്രിയും മനുഷ്യാവകാശ സമിതി വൈസ് ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ ഒബൈദ്, ഇമാമിന്റെ മകന്‍ ഇബ്രാഹിം സലാമ, ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. മുസ്തഫ ഫാറൂഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റൗദത്തുല്‍ ഉലൂം അറബിക് കോളേജിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഡോ. സലാമയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
Post a Comment