Saturday, March 3, 2012

റോഡുകള്‍ സുരക്ഷിതമാകുമോ


റോഡപകടങ്ങള്‍ മൂലം രാജ്യത്തിന് പ്രതിവര്‍ഷം
നഷ്ടമാകുന്നത് ഒരു ലക്ഷം കോടിയിലധികം രൂപ. അന്താരാഷ്ട്ര റോഡ് ഫെഡറേഷനാണ്‌ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി രാജ്യത്തിനില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.രാജ്യത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന ദുഖകരമായ നഷ്ടങ്ങളെ കുറിച്ചും രാജ്യത്തെ ഭരണാധികാരികള്‍ക്കറിയാഞ്ഞിട്ടല്ല. നാട്ടിലുണ്ടാകുന്ന ഓരോ അപകടങ്ങളും രേഖപ്പെടുത്താന്‍ പ്രത്യേകം സംവിധാനം തന്നെ ഇവിടെയുണ്ട്.
ഔദ്യോഗിക രേഖകളുണ്ടെങ്കിലും  പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലെന്നത് ഖേദകരമാണെന്ന് ഐ ആര്‍ എഫ് പ്രസിഡന്റ് കെ കെ കപില പറയുന്നു. കൂടുതല്‍ നിലനില്‍പ്പുള്ള റോഡുകളുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഐ ആര്‍ എഫ്. ഗതാഗത കുറ്റങ്ങള്‍ക്ക് ശിക്ഷയും പിഴയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം തന്നെയാണ്. എങ്കിലും ഇത് പ്രായോഗിക തലത്തില്‍ എത്രത്തോളം നടപ്പാകുമെന്നത് കണ്ടറിയേണ്ടതാണ്. ശിക്ഷയും പിഴയും നാമമാത്രമാകുന്നത് അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്നുള്ളത് ശരി തന്നെ. എന്നാല്‍ റോഡുകളുടെ നിലയും നിലവാരവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
2001-2003 കാലത്താണ്  ആസൂത്രണ കമ്മിഷന്‍ റോഡപകടങ്ങളെ കുറിച്ച് പഠനം നടത്തിയത്. പതിറ്റാണ്ടു മുന്‍പത്തെ പഠനമനുസരിച്ച് 1999-2000ല്‍ റോഡപകടങ്ങള്‍ മൂലം സാമ്പത്തിക മേഖലക്കുണ്ടായ മൊത്തം നഷ്ടം 55000 കോടി രൂപയാണ്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) മൂന്നു ശതമാനമാണിത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നഷ്ടം ഇരട്ടിയായി. അപകടത്തിനിരയായവരുമായി ബന്ധപ്പെട്ട നഷ്ടം(മരണം, വൈകല്യം, രോഗാവസ്ഥ), വസ്തു നഷ്ടം, ഭരണപരമായ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൊത്തം നഷ്ടം കണക്കാക്കുന്നത്.
അപകട കാരണങ്ങള്‍ പരതുമ്പോള്‍ മദ്യപിച്ചുള്ള ഡ്രൈവിംഗ് ആണ് ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. തിരക്കുള്ള പാതയോരങ്ങളില്‍ യഥേഷ്ടം തുറക്കപ്പെടുന്ന മദ്യശാലകള്‍ മറന്ന് പ്രതികളെ തിരയുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകാനിടയില്ല. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക്, വിശിഷ്യാ ഇത്തരം ഡ്രൈവര്‍മാര്‍ ജീവഹാനിയുണ്ടാക്കുന്ന സാഹചര്യത്തില്‍ കര്‍ശന ശിക്ഷ നല്കണമെന്ന് സുപ്രിം കോടതി വിധിയുണ്ട്. റോഡുകളുടെ നിലവാരക്കുറവും ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ട്രാഫിക് അവബോധമില്ലായ്മയും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. 2010ല്‍ 130,000 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടതായാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) പറയുന്നത്. 1998മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള പിഴ ശിക്ഷകളില്‍ പലതും കാലഹരണപ്പെട്ടതാണെന്നാണ് റോഡ് സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍ പിഴ ശിക്ഷകളിലുണ്ടായ വര്‍ധനവ് ഈ കുറവ് പരിഹരിക്കുമെന്നു കരുതാം. അതേസമയം നേരത്തെ നിലനിന്ന നിയമങ്ങള്‍ എത്രത്തോളം നടപ്പാക്കപ്പെട്ടുവെന്നത് വീണ്ടും ആലോചനക്കു വിധേയമാക്കേണ്ടതാണ്.
2011-2020 വര്‍ഷങ്ങള്‍ 'ഡീക്കേഡ് ഓഫ് ആക്ഷന്‍ ഫോര്‍ റോഡ് സേഫ്റ്റി' (റോഡ് സുരക്ഷക്കായി പ്രവര്‍ത്തിക്കേണ്ട പതിറ്റാണ്ട്) ആയി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ഒരു പരിപാടിയും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ലോക വാഹന നിരക്കിന്റെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യയിലാണ് ലോകത്തുണ്ടാകുന്ന അപകട ദുരന്തങ്ങളില്‍ പത്തു ശതമാനമെന്നത് ആരെയാണ് കണ്ണു തുറപ്പിക്കുക. ദേശീയ റോഡ് സുരക്ഷ ബില്‍ (നാഷണല്‍ റോഡ് സേഫ്റ്റി ആന്റ് ട്രാഫിക് മാനേജ്‌മെന്റ് ബോര്‍ഡ് ബില്‍) ഇനിയും വെളിച്ചം കണ്ടിട്ടില്ലെന്ന് ഇതോട് കൂട്ടിവായിക്കാവുന്നതാണ്. റോഡ് വികസനത്തിനും റോഡ് സുരക്ഷാ ക്രമീകരണം, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ദേശീയ പാതകളുടെ രൂപരേഖയും നിര്‍മാണവും തുടങ്ങിയ പരിശോധിക്കാന്‍ പ്രത്യേക പാനല്‍ ബില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
അതേസമയം പിഴ ശിക്ഷ വര്‍ധിപ്പിക്കുന്നത് പലപ്പോഴും നടുറോട്ടില്‍ പൊലീസിന്റെ 'ഗുണ്ടാ പിരിവ്' വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന മറുവശവും കണ്ടില്ലെന്നു നടിക്കാനാവില്ല. സ്വന്തക്കാരും സ്വാധീനമുള്ളവരും രക്ഷപ്പെടുമ്പോള്‍ മീനും പച്ചക്കറികളും വാങ്ങാന്‍ റോഡിലേക്കിറങ്ങുന്ന ബൈക്കുകാരുടെ മേല്‍ പതിയിരുന്നു ചാടിവീഴുന്ന പൊലീസ് നാട്ടിന്‍ പുറങ്ങളില്‍ നിത്യകാഴ്ചയാണ്. ക്യാമറയടക്കം പൂര്‍ണമായും യന്ത്രവത്കൃത സംവിധാനങ്ങളും ഗതാഗത കുറ്റങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികളും വ്യാപകമാക്കിയാല്‍ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.  അപകടങ്ങള്‍ കുറയ്ക്കാനല്ല സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരവ് വര്‍ധിപ്പിക്കാനാണ് 'പിഴ' പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. മാര്‍ച്ച് പിറക്കുന്നതോടെ സാമ്പത്തിക വര്‍ഷത്തെ ക്വാട്ട തികയ്ക്കാന്‍ പൊലീസുകാര്‍ നെട്ടൊട്ടമോടുന്ന കാഴ്ച നമുക്ക് കാണാവുന്നതാണ്. നല്ല റോഡുകളുള്ളിടത്തേ ട്രാഫിക് നിയമങ്ങള്‍ നല്ല രീതിയില്‍ പാലിക്കപ്പെടുകയുള്ളൂ. ഒരു മണിക്കൂര്‍ കൊണ്ട് എത്തേണ്ടിടത്ത് രണ്ടു മണിക്കൂറായിട്ടും എത്താന്‍ പറ്റാത്ത റോഡുകളുള്ളപ്പോള്‍ അതിവേഗത എങ്ങനെ കുറയ്ക്കാനാകും. നാട്ടില്‍ നിന്നും റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്ന കോടികള്‍ മറന്ന് കുണ്ടും കുഴികളും താണ്ടാന്‍ ജനങ്ങളെ വിധിക്കുന്ന സര്‍ക്കാര്‍ റോഡപകടങ്ങളില്‍ പിഴ ഈടാക്കി കൂടുതല്‍ സമ്പന്നമാകുകയാണ്. കുറഞ്ഞത് ദേശീയ പാതകളെങ്കിലും പരിചരിക്കാന്‍ റോഡ് നികുതി മതിയാകുമെന്നതില്‍ തര്‍ക്കമില്ല. അശാസ്ത്രീയ വരമ്പുകളും (ഹമ്പുകള്‍) വരമ്പ് സമാനമായ റിപ്പയറിംഗ് ജോലികളും റോഡുകളുടെ നിലവാരം തകര്‍ക്കുന്നതില്‍ പങ്കു വഹിക്കുന്നു. ഫണ്ടുകള്‍ ലാപ്‌സാകാതിരിക്കാന്‍ അവസാനഘട്ടത്തില്‍ പണികള്‍ തീര്‍ക്കുന്നതും നിലവാര രാഹിത്യത്തിന് കാരണമാകുന്നുണ്ട്.
റോഡുകളുടെ നിര്‍മാണം പൂര്‍ണമായും അന്താരാഷ്ട്ര നിലവാരത്തിലാക്കുക, സംസ്ഥാന പാതകള്‍ മുതല്‍ മുകളിലോട്ടുള്ളവയുടെ നിര്‍മാണം പൂര്‍ണമായും യന്ത്രവത്കൃതമാക്കുക, കുറ്റമറ്റ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനികളെ മാത്രം ടെണ്ടറുകളില്‍ ഉള്‍പ്പെടുത്തുക, റോഡുകള്‍ക്ക് മിനിമം ഗ്യാരണ്ടി ആവശ്യപ്പെടുക, റോഡുകളുടെ ആസൂത്രണവും സംവിധാനവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക, റോഡുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാക്കി സ്ഥിരം തകര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിചരണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ കൂടുതല്‍ സുരക്ഷിതമായ റോഡുകള്‍ സൃഷ്ടിക്കാന്‍ അവസരമൊരുക്കും.
ഇന്ത്യയേക്കാള്‍ ശാസ്ത്രീയ നേട്ടങ്ങളില്‍ ഇന്ത്യയേക്കള്‍ എത്രയോ പിറകില്‍ നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പോലും ഗതാഗത കുറ്റങ്ങള്‍ നിരീക്ഷിക്കാനായി ഉപഗ്രഹങ്ങളെയും അത്യാധുനിക നിരീക്ഷണ ക്യാമറകളെയും ആശ്രയിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. നമ്മുടെ റോഡുകള്‍ പൂര്‍ണമായും നിരീക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ മറ്റു കുറ്റകൃത്യങ്ങളിലും ഗണ്യമായ കുറവുണ്ടാകും.

Post a Comment