Tuesday, January 24, 2012

ആകാശിനുംശത്രുക്കള്‍


ആകാശ്‌ ടാബ്‌്‌ലറ്റ്‌ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രമന്ത്രി കപില്‍ സിപല്‍
കുറഞ്ഞ വിലയുള്ള കുട്ടിക്കമ്പ്യൂട്ടര്‍ ആകാശ് ടാബ്‌ലറ്റുകളുടെ നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡിനും രക്ഷയില്ല. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) ആണ് ഡാറ്റാവിന്‍ഡിനെതിരെ രംഗത്തെത്തിയത്.
ആകാശ് ടാബ്‌ലറ്റുകളില്‍ പഴക്കം ചെന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഫീച്ചറുകള്‍ ആവശ്യത്തിന് ഇല്ലെന്നുമാണ് പരാതി.   കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നോക്കിയ, സാംസങ് എന്നിവ പോലുള്ള ആഗോള കുത്തക കമ്പനികളെയാണ് ഏല്‍പ്പിക്കേണ്ടതെന്നും അവര്‍ പറയുന്നു.  ഇന്ത്യന്‍ കമ്പനികളും ഏജന്‍സികളും നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും നിലവാരത്തകര്‍ച്ചയുണ്ടാക്കുന്നുവെന്ന പ്രചാരത്തിന് മേമ്പൊടി ചേര്‍ക്കുകയാണ് സംഘടന ചെയ്യുന്നത്. മാനവശേഷി മന്ത്രാലയത്തിന് അയച്ച കത്തിലാണ് സംഘടന ആരോപണമുന്നയിച്ചത്.   ബ്രാന്‍ഡ്, ഐ പി, അവകാശം എന്നിവ കൈവിട്ടു പോകാതിരിക്കാനാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെയോ ഐ ടി കമ്പനികളെയോ പങ്കാളികളാക്കി പദ്ധതി നിര്‍വഹിക്കാമെന്നും സംഘടന ഉപദേശിക്കുന്നു. അതേസമയം എന്തുകൊണ്ട് ഇത്തരം കമ്പനികളൊന്നും സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്തില്ല എന്ന ചോദ്യം ആഗോള വിപണിയിലേക്ക് എറിഞ്ഞ് കൊടുത്ത് നമുക്ക് പിന്‍വാങ്ങാം. ആഗോള വിപണിയും മത്സരവുമെന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയും ഉള്‍പ്പെടുന്നതാണെന്ന ബോധം ചുരുങ്ങിയത് ഇന്ത്യക്കാര്‍ക്കെങ്കിലും ഉണ്ടാകുന്നത് നല്ലതാണ്. ഇത്തരം അവബോധം കൊണ്ടാണ് കൈത്തറിയും ചൂടിപ്പടവുമടക്കം നാട്ടില്‍ നിന്നുത്പാദിപ്പിക്കുന്ന നിലവാരമുള്ള സകലമാന പ്രകൃതിദത്ത ഉത്പന്നങ്ങളും വാങ്ങാന്‍ സായിപ്പു തന്നെ വരേണ്ടി വരുന്നത്. നമുക്ക് പ്ലാസ്റ്റിക്കും ഫ്‌ളക്‌സുമൊക്കെ മതിയല്ലോ. ഉപദേശം ഫ്രീയായതു കൊണ്ട് ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളുടെ സംഘടനക്ക് പ്രത്യേക കമ്മീഷനൊന്നും നല്‌കേണ്ടതില്ലെന്ന് ആശ്വസിക്കാം.
Post a Comment