Saturday, December 24, 2011

ഹസ്സന്‍ ഹാജിയെ കുറിച്ച്‌

ഒരു വര്‍ഷം മുന്‍പ് സുഹൃത്ത് അഷ്‌റഫ് ചേരാപുരം എഴുതിയ ലേഖനം ചന്ദ്രിക, തേജസ്, സിറാജ് എന്നീ പത്രങ്ങള്‍ക്ക് അയച്ചുകൊടുത്തെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല.
  പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

അഷറഫ് ചേരാപുരം
കഴുത്ത് വെട്ടുന്നവന്‍ കൈവെട്ടിയവനെ നോക്കി കളിയാക്കുന്നകാലം പ്രിയപ്പെട്ട ഹാജീ താങ്കളെ ഞങ്ങളെങ്ങിനെ ഓര്‍ക്കും. ഓര്‍ത്തിട്ടും കാര്യമില്ലല്ലോ. ഭൂമിയില്‍ താങ്കള്‍ക്കുവേണ്ടി തീര്‍ക്കാന്‍ പറ്റിയ സ്മാരകങ്ങളൊന്നുമില്ല.  സൗകര്യപൂര്‍വ്വം മറന്നുകളയാന്‍ ശ്രമിക്കുന്തോറും ഹസ്സനാജിയെക്കുറിച്ചുള്ള തികട്ടലുകള്‍ അറിയാതെ മനസ്സില്‍ കടന്നു കയറുന്നു. പാറാല്‍ പള്ളിപ്പറമ്പിലെ ആറടിമണ്ണില്‍ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും അങ്ങയ്ക്കുണ്ടാവട്ടെ.
തൊട്ടുമുന്നില്‍ സംസ്ഥാനപാതയോരത്ത് മഴയും വെയിലുമേല്‍ക്കാതെ വാഹനം കാത്തിരിക്കാന്‍ താങ്കളുടെ പേരിലൊരു കാത്തിരിപ്പു കേന്ദ്രമുണ്ട്. ഞങ്ങള്‍ ജീവിതയാത്ര തുടരട്ടെ. താങ്കള്‍ അവസാനിപ്പിച്ചേടത്തു നിന്ന്.കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ ഡി റ്റിഅനാഥാലയത്തിന്റെ അങ്കണത്തിലും പള്ളിയിലും അടുക്കളയിലുമെല്ലാം നിറയെകീശകളുളള കുപ്പായമിട്ട് ഉലാത്തുന്ന ആ മനുഷ്യനെ പഴയതെല്ലാം ഒറ്റയടിക്ക് മറക്കാനാവാത്ത മലയാളിക്ക് അറിയാതിരിക്കില്ല. സ്‌നേഹം , ബഹുമാനം അനുസരണശീലം, ദൈവത്തോടുള്ള വിശ്വസ്ഥത, അവനിലുള്ള വിധേയത്വം, അവന്റെ കല്‍പ്പനകളുള്‍ക്കൊള്ളലും വിരോധങ്ങള്‍ ഉപേക്ഷിക്കലും ഈ തത്വങ്ങള്‍ ജീവിതത്തിലുണ്ടെങ്കില്‍ വിജയം സുനിശ്ചിതമെന്ന് ഹസ്സനാജിയുടെ സ്ഥിരം ഭാഷണമാണ്. സുബഹി നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ ജെ ഡി റ്റി അന്തേവാസികളെ അഭിമുഖീകരിച്ച അദ്ദേഹം നടത്തുന്ന ഉപദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം കരുപ്പിടുപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രിയമക്കള്‍ക്ക് ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടാവും. ആരായിരുന്നു ഹസ്സന്‍ഹാജിയെന്ന ചോദ്യം തന്നെ പ്രസക്തമല്ല. അദ്ദേഹം എല്ലാമായിരുന്നു. അനാഥകള്‍ക്ക് പിതാവ്, കാലമോ സമയമോ പ്രശ്‌നമാക്കാത്ത സാമൂഹ്യ സേവകന്‍, സന്ദര്‍ഭത്തിനൊത്തു പെരുമാറിയും അവസരത്തിനൊത്തുണര്‍ന്നും കഴിവുതെളിയിച്ച സംഘാടകന്‍,ലോക സഞ്ചാരി, ആരെയും കൂസാത്ത ദൈവദാസന്‍.
പാരന്ത്രീസ് ഭൂമിയായിരുന്ന മയ്യഴിയിലെ പാറാല്‍ കേളോത്ത് ചാലക്കര ചെമ്പ്രയില്‍ 1936ല്‍ ജനിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട അസ്സു. പാറാല്‍ യു പി സ്‌കൂളിലെയും ന്യൂമാഹി എം എം ഹൈസ്‌കൂളിലെയുംപഠനശേഷം പിതാവിന്റെ കൂടെ ബര്‍മ്മയിലേക്ക് പോയതാണ് ഹാജിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. ബര്‍മ്മയിലെ പ്രശസ്തനായ കച്ചവടക്കാരനായിരുന്നു ഹസ്സന്‍ ഹാജിയുടെ പിതാവ അബുഹാജി. ഹസ്സന്‍ മലബാര്‍ എന്ന പേരില്‍ അറിയപ്പെട്ട ഹസ്സനാജി അവിടെ തുടര്‍പഠനം നടത്തി. ഈ കാലത്താണ് സ്‌കൗട്ടുമായി അദ്ദേഹം ബന്ധപ്പെടുന്നത്. ചുറുചറുപ്പും പ്രസരിപ്പുമുള്ള ഹസ്സന്‍ സ്‌കൗട്ടിലെ ഉന്നത പദവികള്‍ അധികം വൈകാതെ സ്വന്തമാക്കി. അവിടെ നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കുകൊണ്ടു. ബര്‍മ്മാ സകൗട്ട് കമ്മീഷണര്‍ പദവിവരെ അദ്ദേഹമെത്തി. 1958ല്‍ കോഴിക്കോട്ട് ഹസ്സന്‍ഹാജിക്ക് സ്വീകരണമൊരുക്കി. മലബാര്‍ മേഖലാ ഭാരത് സ്‌കൗട്ട് ആന്റ് ഗെയിംസ് ജംബൂരിയിലായിരുന്നു സ്വീകരണം. മാഹിയിലെയും തലശ്ശഏരിയിലെയും മുസ് ലിം പ്രമാണിമാരുമായും നേതാക്കന്‍മാരുമായും ചെറുപ്പത്തിലേ സൗഹൃദമുണ്ടാക്കാന്‍ ഇദ്ദേഹത്തിനായിരുന്നു.ചെറുപ്പത്തിലേ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. കേരള മുസ് ലിം ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാപനമാണ് ജെ ഡി റ്റി. 1947ല്‍ സ്ഥാപിതമായ മഹത്തായ ഈ സ്ഥാപനത്തില്‍ 38 വര്‍ഷം ഹസ്സന്‍ഹാജി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ജെഡി റ്റിയെയോ ഹസ്സന്‍ഹാജിയെയോ വേര്‍തിരിച്ചുപറയാനാവുമായിരുന്നില്ല. സ്ഥാപനത്തിന്റെ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ് ലം സാഹിബിന് കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. 1976ല്‍ ഒരു വിമാനാപകടത്തില്‍ അസ്‌ലം സാഹിബ് മരിച്ചു. തുടര്‍ന്ന് എ വി ഉത്തന്‍കോയഹാജി സെക്രട്ടറിയായി. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഹസ്സന്‍ ഹാജി സ്ഥാനമേറ്റെടുത്തു. അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ ജെ ഡി റ്റിയില്‍ ഏതാനും എടുപ്പുകളും അറക്കല്‍ രാജാവ് പണികഴിപ്പിച്ച രണ്ട്  ബില്‍ഡിങ്ങുകളും അക്കൗണ്ടില്‍ നാല്പതിനായിരം രൂപയുമാണ്  വരവ്. 1978ല്‍ ജെ ഡി റ്റി യില്‍ ഐ ടി സി ആരംഭിച്ചു.തുടര്‍ന്നങ്ങോട്ട് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജെ ഡി റ്റി എന്ന മൂന്നക്ഷരം  വളര്‍ന്നു പന്തലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കായി എന്തുപ്രഖ്യാപിക്കപ്പെട്ടാലും അത് ഹസ്സനാജിയിലൂടെ ജെ ഡി റ്റിയിലെത്തിയിരിക്കും.ഇന്ത്യയിലെ പ്രഗത്ഭരായ ഭരണാധികാരികളോ  രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരോ കേരളത്തിലെത്തിയാല്‍ അവര്‍ക്ക് ജെഡിറ്റിയില്‍ സ്വീകരണമുണ്ടാവും. കോഴിക്കോടിന്റെ അതിഥികള്‍ ഹസ്സനാജിയുടെയും അതിഥികളായിരുന്നു. ജെ.ഡി.റ്റി സന്ദര്‍ശിക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ പ്രസിഡന്റിനെ കാണേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കോഴിക്കോട്ടെത്തിയാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശന പരിപാടിയില്‍ മുന്‍കൂട്ടി അതുണ്ടാകുമായിരുന്നു. ലോകം ആദരിക്കുന്ന മഹല്‍വ്യക്തികളും വെള്ളിമാടുകുന്നിലെത്തി. എല്ലാം ഹസ്സന്‍ ഹാജിയിലൂടെ.ഇന്ത്യകണ്ട എക്കാലത്തെയും കരുത്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മകനും നവഭാരത ശില്‍പ്പിയുമായ രാജീവ് ഗാന്ധി, വി പി സിങ്ങ്, മുഹമ്മദലി ക്ലേ, മദര്‍തെരേസ, വി വി ഗിരി, കെ ആര്‍ നാരായണന്‍, ഷെയ്ക്ക് അബ്ദുല്ല  ഇവരുടെയൊക്കെ കൈയ്യൊപ്പുകളോടുകൂടിയ സന്ദേശങ്ങള്‍ ജെഡിറ്റിയുടെ പഴയ സന്ദര്‍ശക ഡയറിയില്‍ മായാത്ത മുദ്രകളായി ഇപ്പോഴുമുണ്ടാവും.  തുടങ്ങി നീണ്ട പട്ടിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോഴും തന്റെ കുട്ടികളുടെ കാര്യം ഹസ്സനാജിക്കു പ്രധാനമായിരുന്നു. നിരവധി തവണ പരിശുദ്ധഹജ്ജ് കര്‍മ്മത്തിനായ് ഹാജി പങ്കെടുത്തിരുന്നു. പലപ്പോഴും അനാധാലയത്തിലെ അന്തേവാസികള്‍ക്ക് അതിനുള്ള അവസരവും ഹാജിയുണ്ടാക്കി. ഹജ്ജ് യാത്രാ വേളകളില്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക ആഥിത്യം സ്വീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. യു കെ , കാനഡ, ഫ്രാന്‍സ്, ഈജിപ്ത്, സിറിയ,ബര്‍മ്മ, സിംഗപ്പൂര്‍, ഹോംങ്കോങ്ങ്,ഫലസ്തീന്‍, ജറൂസലം ഹാജിയുടെ ലോകയാത്രകള്‍ നീണ്ടുപോകുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസണ്‍ ഹോവറില്‍ നിന്നും  നിന്നും സ്‌കൗട്ട് പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങിയ ഹസ്സന്‍ ഹാജിക്ക് പുരസ്‌കാരങ്ങള്‍ പുതുമയായിരുന്നില്ല. ശിശുക്ഷേമത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടി. 1977ല്‍ റോട്ടറിയുടെ  ഇന്റര്‍ നാഷണല്‍ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി. കോലാലംപൂരിലെ മനുഷ്യാവകാശ സമ്മേളനത്തിലും ഐക്യ രാഷ്ട്ര സഭയുടെ എന്‍. ജി. ഒ സമ്മേളനത്തില്‍ 11 തവണയും പങ്കെടുത്തിട്ടുണ്ട്.  സന്ദര്‍ഭത്തിനൊത്ത് പ്രവര്‍ത്തിക്കാനും അവസരത്തിനൊത്തുയരാനുമുള്ള ഹാജിയുടെ നൈപുണ്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തന്റെ കഴിവുകളൊക്കെയും തന്റെ പ്രിയപ്പെട്ട സ്ഥാപനത്തിനും നാട്ടിനും വേണ്ടി ഉപയോഗപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഇഖ്‌റ ഇന്റര്‍നാഷണല്‍ ആശുപത്രി, ഇഗ്നോ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി സെന്റര്‍, ചാത്തമംഗലം എം.ഇ. എസ്സ് കുറ്റിപ്പുറം എം ഇ എസ്സ് എന്‍ജിനിയറിങ്ങ് കോളജ് തുടങ്ങി ഹസ്സന്‍ ഹാജിയുടെ പ്രവര്‍ത്തനങ്ങളുടെ പൊന്‍തൂവലായി  നിരവധി സ്ഥാപനങ്ങള്‍ മലബാറിലുണ്ട്. കോഴിക്കോട് നഗരത്തില്‍ വി.ഐ. പി സന്ദര്‍ശനങ്ങളോ മറ്റോ നടക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാകുമ്പോള്‍ ഹാജിയും കുട്ടികളും രംഗത്തെത്തുമായിരുന്നു.നാലുവര്‍ഷങ്ങള്‍ക്കുമുമ്പൊരു ഡിസംബര്‍ 11 ന്റെ കുളിരുള്ള പ്രഭാതത്തില്‍  വാടാനപ്പള്ളിയിലെ ഏഴുകല്ലില്‍ മകളുടെ വീട്ടില്‍ പോയി തിരികെ വരുമ്പോള്‍ കുരുക്കുകള്‍ നിവര്‍ത്തി നിരവധി പ്രവാഹങ്ങളെ വഴിതിരിച്ചുവിട്ട ആ മഹാനുഭാവന്‍  ഒരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.  ജെ.ഡിറ്റിയെന്ന തന്റെ കര്‍മ്മഭൂമിയില്‍നിന്നും നിഷ്‌കരുണം പുറത്താക്കപ്പെട്ടപ്പോഴും പലരുംചെയ്യുമ്പോലെ വാര്‍ത്തകള്‍ സൃഷ്ടിക്കോനോ വാഗ്വാദത്തിലേര്‍പ്പെടാനോ ഹാജി തുനിഞ്ഞില്ല. പരിഭവങ്ങള്‍ പറയാതെ ഹൃദയനൊമ്പരങ്ങള്‍ മനസ്സിലൊതുക്കി ദൈവമാണുന്നതന്‍ എന്ന് പ്രഖ്യാപിച്ച് തന്റെ പ്രിയപ്പെട്ട നാടായ പാറാലിലെത്തുകയായിരുന്നു അദ്ദേഹം.ഹസ്സന്‍ ഹാജി ഫ്രം ഇന്ത്യ അതായിരുന്നു തൂവെള്ള വസ്ത്രധാരിയുടെ മേല്‍വിലാസം. മരിച്ചിട്ടുപോലും നീതികാണിക്കാന്‍ തയ്യാറാവാത്തവരെ നിങ്ങള്‍ക്ക് മുന്നില്‍ ഒരു മഹാജീവിത പ്രയാണമായി ഹസ്സനാജി ഒളിഞ്ഞുനില്‍ക്കുന്നുണ്ട്. മറക്കാന്‍ ശ്രമിച്ചാലും കാലം അതു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.
വര്‍ത്തമാനം 22-12-11

Post a Comment