Friday, December 16, 2011

ജപ്പാന്‍ പാല്‍പ്പൊടിയിലെ ആണവാംശവും ഇന്ത്യയുടെ ആണവ വിലാപവും


അമേരിക്കയുമായുള്ള സൈനികേതര ആണവ കരാറായിരുന്നു ഒന്നാം യു പി എ സര്‍ക്കാറിന്റെ പ്രധാന വെല്ലുവിളി. വിട്ടുവീഴ്ചകള്‍ ചെയ്താണ് ആണവ കരാര്‍ നേടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷം കരാറിനെതിരെ രംഗത്തെത്തി. അതേസമയം ഇന്ത്യക്കു വേണ്ടി പ്രത്യേകം വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ ബാരക് ഒബാമയും കഠിനയത്‌നം ചെയ്യുന്നത് നാം കണ്ടു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതി അമേരിക്ക  ആവര്‍ത്തിച്ചു. ഇന്ത്യക്ക് ആണവോര്‍ജം നല്കുന്ന ഗുണഗണങ്ങള്‍  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇടക്കിടെ ഓര്‍മിപ്പിക്കുകയും ചെയ്തു. ആണവ കരാറുകൊണ്ട് ദേശീയ സര്‍ക്കാറില്‍ ഇടതു പ്രാതിനിധ്യം ഇല്ലാതായതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. ആണവോര്‍ജ്ജത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാനും ആരുമുണ്ടായില്ല. (ഇടതുപക്ഷം വിമര്‍ശിച്ചതു പോലും അമേരിക്കന്‍ അടിമത്തം ആരോപിച്ചായിരുന്നു). പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പ് പരിഗണിക്കപ്പെട്ടതുമില്ല. ആസ്‌ത്രേലിയയില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി ഇന്ത്യക്ക് ആണവ ഇന്ധനം നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ജപ്പാനിലെ മെയ്ജി കമ്പനി  നാലു ലക്ഷത്തോളം കാന്‍ (പാക്കറ്റ്) പാല്‍പ്പൊടി വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
ആണവ റേഡിയേഷന്‍ അംശങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നല്കുന്ന പാല്‍പ്പൊടിയില്‍ കണ്ടെത്തിയതാണ് കാരണം. ജപ്പാന്‍ വിപണിയില്‍ പങ്കാളിത്തം കൊണ്ട് ഒന്നാം സ്ഥാനത്തുള്ള മെയ്ജി പല വിദേശ രാജ്യങ്ങളിലേക്കും വിവിധ പേരുകളില്‍ പാല്‍പ്പൊടി കയറ്റി അയക്കുന്നുമുണ്ട്. എവിടെ നിന്നും ആണവ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ജപ്പാന്‍ വിപണിയില്‍ നിന്ന് പൊടി അപ്രത്യക്ഷമായി. ജപ്പാനിലെ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടെയെന്ന് നമുക്ക് ആശംസിക്കാം.
കഴിഞ്ഞ മാര്‍ച്ചില്‍ ഉത്പാദിപ്പിച്ച പാല്‍പ്പൊടിയിലാണ് റേഡിയേഷന്‍ അംശങ്ങള്‍ കണ്ടെത്തിയത്. ഏപ്രിലിലാണ് ഇത് വിതരണം ചെയ്തത്2012 ജൂലായ് ആണ് കമ്പനി പറയുന്ന അവസാന തിയ്യതി. സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു താഴെയാണ് പാല്‍പ്പൊടിയില്‍ കണ്ടെത്തിയ റേഡിയേഷന്‍ നിലവാരമെന്നാണ് കമ്പനിയുടെ അവകാശ വാദം. ഇത് ദിവസവും ഉപയോഗിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലത്രെ! (എത്ര നല്ല റേഡിയേഷന്‍) സുനാമിയെ തുടര്‍ന്ന് കേടുപാടുണ്ടായ ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്‍ അംശങ്ങളാണ് പാല്‍പ്പൊടിയില്‍ കണ്ടെത്തിയത്. എന്നാല്‍ വിപണിയിലുള്ള ഉത്പന്നം എത്ര പേര്‍  വാങ്ങി ഉപയോഗിച്ചു എന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. വാര്‍ത്തയറിഞ്ഞ്  ആശങ്കയിലാണ് കൊച്ചു കുഞ്ഞുങ്ങളുള്ള ജപ്പാനിലെ മാതാപിതാക്കള്‍. ആളുകള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന ബോധമുണ്ടാക്കാനാണ് കമ്പനി പാല്‍പ്പൊടി തിരിച്ചെടുക്കുന്നത്രെ.
മാര്‍ച്ച് 11നുണ്ടായ സുനാമിയിലാണ് ജപ്പാനിലെ ഫുകുഷിമയില്‍ ഡയ്ച്ചി ആണവ നിലയത്തിലെ മൂന്നു റിയാക്ടറുകള്‍ തകര്‍ന്നത്. അരി, മത്സ്യം, ഇറച്ചി തുടങ്ങിയവയിലും പച്ചക്കറികളിലും ആണവ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. റേഡിയേഷന്‍ ഭീതിയില്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ പോലും ഒരിക്കല്‍ ജപ്പാന്‍കാര്‍ മടിച്ചു. മേഖലയിലെ എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ റേഡിയേഷന്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ആണവ ബോംബ് ജപ്പാന്‍ ജനതയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നത് ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. വിഷവ്യാപനത്തിന്റെ വ്യാപ്തി മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു നേരെ വാളോങ്ങുകയാണ്. ഭക്ഷ്യേതര ഇനങ്ങളില്‍ പോലും റേഡിയേഷന്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റേഡിയേഷന്‍ ബാധ മുതിര്‍ന്നവരിലേക്കാള്‍ കുട്ടികളില്‍ ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം. തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിനു വേണ്ടി സര്‍ക്കാര്‍ വാദിക്കുന്നത് ഊര്‍ജ്ജോത്പാദനത്തിന്റെ പേരിലാണ്. ആണവോര്‍ജമില്ലെങ്കില്‍ രാഷ്ട്രത്തിന്റെ ഭാവി ഇരുണ്ടു പോകുമെന്ന് വിലപിക്കുന്നവര്‍ ജപ്പാന്‍ സംഭവം പാഠമാക്കേണ്ടതുണ്ട്. അതു മനസ്സിലാക്കിയാണ്, മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ കലാം മധ്യസ്ഥതക്കെത്തിയിട്ടു പോലും ആണവ നിലയത്തിനെതിരായ സമരം  നിര്‍ത്താന്‍ നാട്ടുകാര്‍ തയാറാകാതിരുന്നത്.  സ്വതവേ മെയ്ഡ് ഇന്‍ ജപ്പാന്‍ എന്നു കണ്ടാല്‍ ഗുണം നോക്കേണ്ടെന്നാണ് നമ്മുടെ മനശ്ശാസ്ത്രം. ഇത് ഏറെക്കുറെ യാഥാര്‍ഥ്യവുമാണ്. വ്യാജ ഉത്പന്നങ്ങളെയും ചൈനയുടെ വിറ്റഴിക്കല്‍ മേളകളെയും വകഞ്ഞു മാറ്റി നിലനില്‍ക്കാന്‍ ജപ്പാന്‍ ഉത്പന്നങ്ങള്‍ക്ക് കരുത്താകുന്നതും ഈ ഗുണനിലവാരം തന്നെയാണ്. എന്നാല്‍ ആ രാജ്യത്തുണ്ടായ ആണവ ദുരന്തത്തിന്റെ വ്യാപ്തി ഇന്ത്യക്ക് പാഠമാകേണ്ടതുണ്ട്. ഇന്ത്യയിലായിരുന്നു ദുരന്തമെങ്കില്‍ ജപ്പാനിലേതു പോലെ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകുമായിരുന്നില്ല എന്നതും ഓര്‍ക്കണം. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ പന്താടി വര്‍ഷങ്ങളായി സംയമനം തുടര്‍ന്നു പോരുന്ന നാടാണ് നമ്മുടേത്. തീരുമാനമാകാത്ത രാഷ്ട്രീയ ചര്‍ച്ചകളും കോടതി വിധികളും വേറെ. ചെറിയൊരു കൈപ്പിഴക്കു പോലും വലിയ വില നല്‌കേണ്ടി വരുന്ന ഇത്തരം പദ്ധതികള്‍ക്കു പകരം കൂടുതല്‍ പ്രകൃതി സൗഹൃദപരമായ (ഇക്കോ ഫ്രണ്ട്‌ലി) പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു. അതു തിരിച്ചറിഞ്ഞാണ് കൂടംകുളത്ത് ജനകീയ സമരപ്പന്തല്‍ ഉയര്‍ന്നതും. മാനവികതക്ക് വില കല്പ്പിക്കാത്ത വികസന മുദ്രാവാക്യങ്ങളെ തമസ്‌കരിച്ചില്ലെങ്കില്‍ ഫലം അനതിവിദൂര ഭാവിയില്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നാണ് ജപ്പാന്‍ നമ്മെയും ലോകത്തെയും പഠിപ്പിക്കുന്നത്.
Post a Comment