Friday, December 2, 2011

നിര്‍വചിക്കപ്പെടേണ്ട ചികിത്സാ പിഴവുകള്‍

മരുന്നു കമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഴ്ചകള്‍ക്കു മുന്‍പ് സജീവമായിരുന്നു. ദിവസങ്ങള്‍ക്കകം അത് മാഞ്ഞു പോകുകയും ചെയ്തു. പലപ്പോഴും വിഷയം ഉയര്‍ന്നു വരുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്ക് പലപ്പോഴും കോംപ്രമൈസ് അന്ത്യമാണുണ്ടാകാറുള്ളത്.  മരുന്നു കമ്പനികളുടെ പരസ്യങ്ങള്‍ കാംക്ഷിച്ച് കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പൂനെയിലും ദല്‍ഹിയിലുമുള്ള വ്യാജ മരുന്നു മാഫിയകളെ കുറിച്ചാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കാറുള്ളത്. കേരള അതിര്‍ത്തിയെത്തുമ്പോള്‍ ചര്‍ച്ച വഴിമാറും. മറ്റു വിഷയങ്ങളിലും ഇത് സാധാരണയാണെങ്കിലും ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രവണതയാണിത്. എന്നാല്‍ ആരോഗ്യ രംഗത്തെ മാഫിയ വത്കരണത്തെക്കുറിച്ച് കണ്ണടയ്ക്കാനും നമുക്ക് സാധ്യമല്ല. ചികിത്സാ പിഴവുകളുടെ ഇരകളായി മാറാന്‍ വിധിക്കപ്പെട്ടവരാണോ നമ്മള്‍ എന്നത് അടിയന്തിര ആലോചനക്കു വിധേയമാക്കേണ്ട വിഷയമാണ്. ആരരോഗ്യ രംഗം സ്വകാര്യ മേഖലയുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പിഴവുകള്‍ കാരണം ഒരു ഡോക്ടര്‍ പോലും നമ്മുടെ രാജ്യത്ത് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടാകാത്തതു കൊണ്ടാണ് നിയമനടപടികള്‍ക്ക് പശ്ചാത്തലമൊരുങ്ങാത്തത് എന്ന് വാദിക്കുന്നവര്‍ക്കുള്ള ന്യായം മാത്രമാണിത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ രണ്ടു ദമ്പതിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പ്രസവ ശുശ്രൂഷയിലെ പിഴവു മൂലം കുഞ്ഞിന്റെ ഇടതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് ആദ്യ ദമ്പതികളുടെ പരാതി. പ്രസവ സമയത്തെ വീഴ്ച ആശുപത്രിയിലെ ഡോക്ടര്‍ സമ്മതിച്ചെങ്കിലും പിന്നീട് തുടര്‍ ചികിത്സക്കുള്ള കത്ത് ആവശ്യപ്പെട്ടെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് ഡോക്ടറും സംഘവും നല്കിയത് മൃഗീയ സ്വീകരണമായിരുന്നു. പ്രസവ മുറിയുടെ വൃത്തി ഹീനത മൂലം കുഞ്ഞിന്റെ വയറ്റിലുണ്ടായ മുഴ കാന്‍സറെന്നാണ് മറ്റൊരു ദമ്പതികള്‍ക്ക് ഇതേ ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം. വിദഗ്ധ ചികിത്സയിലാണ് ട്യൂമര്‍ വൃത്തിയില്ലായ്മയുടെ സന്തതിയെന്ന് ബോധ്യമായത്. കുഞ്ഞിന് ഗുരുതരമായ ബുദ്ധിമാന്ദ്യം സംഭവിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇരുദമ്പതികളും തങ്ങളുടെ പരാതി ലോകത്തോട് വിളിച്ചു പറഞ്ഞത്.
പറഞ്ഞു വരുന്നത്  ഇത്തരത്തിലുണ്ടാകുന്ന അംഗവൈകല്യങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പരാതി നല്കാന്‍ പലപ്പോഴും കോടതികളിലെത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇത്രയധികം ആശുപത്രികളുണ്ടായിട്ടും ആശുപത്രികള്‍ക്കെതിരെ പരാതി ആര്‍ക്ക് നല്കമെന്ന് സര്‍ക്കാറിനു പോലും ഇതുവരെ വ്യക്തമാക്കാനായിട്ടില്ല. മെഡിക്കല്‍ കോളേജുകളടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരായ പരാതി സ്വീകരിക്കാന്‍ മാത്രമേ നമ്മുടെ നാട്ടില്‍ സംവിധാനമുള്ളൂ എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.  ബസ് സ്റ്റോപ്പുകള്‍ പോലെ ഇടവിട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അംഗീകാരം നല്കിയിട്ടും ഇവരുടെ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന സാധാരണക്കാരന്റെ സുരക്ഷ ഇപ്പോഴും അകലെയാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള വിലാസവും ടെലിഫോണ്‍ നമ്പറും വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ എഴുതി വെക്കാറുണ്ട്. എന്നാല്‍ സ്വകാര്യ ആശപത്രികളിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് അടിച്ചു പൊളിക്കുകയല്ലാതെയുള്ള പരിഹാര നീതിതേടാന്‍ എവിടേക്കാണ് പോകേണ്ടതെന്നത് അവ്യക്തമായി തുടരുകയാണ്. ചികിത്സാ സംവിധാനങ്ങള്‍ എല്ലാവരിലും എത്തിക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ സ്വപ്നമാണ് ജനങ്ങളുടെ അവകാശങ്ങളെ  ചവിട്ടിമെതിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മലയാളിയുടെ ചികിത്സാ ഭ്രമം ഇത്തരത്തിലുള്ള അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്നത് വസ്തുതയുമാണ്.
പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറൈക്ക് നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചകോടതി വിധി പര്യാപ്തമല്ലെങ്കിലും മാതൃകയാണ്. മൈക്കലിന്റെ ജീവന് നാലുവര്‍ഷം തടവെന്നത് മതിയായതല്ലെന്നു പറഞ്ഞ ജാക്‌സന്റെ അമ്മ കാഥറിന്‍ പക്ഷെ ജഡ്ജി നീതിമാനാണെന്നു പറഞ്ഞത് ഈ മാതൃക മനസ്സില്‍ കണ്ടായിരിക്കണം. കൊല്ലപ്പെട്ടയാളുടെ വലിപ്പവും വിഷയം നേരിട്ട് കോടതിയിലെത്തിയതും മാത്രമാണ്  ചെറിയൊരു ശിക്ഷയെങ്കിലും വിധിക്കപ്പെടാനിടയാക്കിയത്. ഡോക്ടര്‍ക്ക് ജാക്‌സന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ തെളിവു നിരത്തിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് പോപ്പ് ഇതിഹാസത്തിന്റെ സ്വന്തം ഡോക്ടറുടെ മേല്‍ ചുമത്തപ്പെട്ടത്.
ഒരു മാസത്തിലേറെ നീണ്ട വിചാരണക്ക് ശേഷമാണ്  ഡോ മുറെ കുറ്റക്കാരനാണെന്ന് ലോസ് ഏഞ്ചല്‍സ് സുപ്പീരിയര്‍  കോടതി കണ്ടെത്തിയത്. പ്രൊപോഫോള്‍ എന്ന മയക്കുമരുന്ന് അധിക ഡോസില്‍  ഉപയോഗിച്ചതാണ് ജാക്‌സന്റെ അന്ത്യത്തിന് കാരണമായത്. 2009 ജൂണ്‍ 25 നാണ് പോപ് സംഗീതത്തിന്റെ പര്യായമായി മാറിയ മൈക്കല്‍ ജാക്‌സണ്‍ ലോകത്തോട് വിടപറഞ്ഞത്.
ലോകത്താകമാനം മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലമുള്ള മരണങ്ങളുണ്ടാകുന്നുണ്ട്. സര്‍വ്വരോഗ സംഹാരിയെന്ന് കരുതപ്പെടുന്ന പാരസെറ്റമോള്‍ പോലും അത്യധികം പാര്‍ശ്വഫലങ്ങളുള്ള മരുന്നാണ്. കേരളത്തില്‍ പനിഭീതിക്കാലത്ത് മരണപ്പെട്ടവരിലേറെയും ഇത്തരത്തില്‍ മരുന്നു കഴിച്ചവരായിരുന്നു. മദ്യപാനികളാണ് മരിച്ചവരിലേറെയും എന്നായിരുന്നു കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. രോഗികള്‍ക്കു നല്കിയ മരുന്നുകളുണ്ടാക്കിയ പാര്‍ശ്വഫലങ്ങള്‍ കരളിനെ ബാധിച്ചതാണ് യഥാര്‍ഥ പ്രശ്‌നമെന്ന ന്യൂനപക്ഷത്തിന്റെ മുറവിളി ആരും ചെവിക്കൊണ്ടില്ല. നേരമറിച്ച് റിപ്പോര്‍ട്ട് ആവര്‍ത്തിച്ച ആരോഗ്യമന്ത്രിക്ക് ഏറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തു.
ഒരു മരുന്ന് നല്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും രോഗികളെ പറഞ്ഞു മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. അല്ലാത്തവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന അവസ്ഥയുണ്ടാകുന്നത് ജനജീവിതത്തിന് ഏറെ ആശ്വാസകരമാണ്. ഡോ. മുറെയ്‌ക്കെതിരായ നടപടി ഇത്തരത്തില്‍ മാതൃകയായി കണക്കാക്കാവുന്നതാണ്. ഓരോ മരുന്നിന്റെയും പാര്‍ശ്വഫലങ്ങള്‍ പായ്ക്കറ്റില്‍ തന്നെ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കുന്നത് ഉപകാരപ്രദമാണ്. ഇത്തരം പദ്ധതികളുടെയും വിജയ സാധ്യത ഡോക്ടര്‍മാരുടെ കരങ്ങളിലാണ്.
ഇന്ത്യയില്‍ ഏറ്റവും അധികം മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കൊച്ചു കേരളം. അത്രത്തോളം രോഗങ്ങള്‍ ഇവിടെയുണ്ടോ?.  ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും മരുന്നു കമ്പനികളുടെ സമ്മാനപ്പൊതികള്‍ക്കു വേണ്ടി കാത്തിരിക്കുകയാണെന്ന വര്‍ത്തമാനം ആശങ്കാജനകമാണെങ്കിലും അവരില്‍ തന്നെയാണ് പ്രതീക്ഷ.
Post a Comment