Friday, November 11, 2011

പരിമളം പരത്തുന്ന മുല്ലപ്പൂ

ജനകീയ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ആധുനിക മാതൃകയാണ്‌ തുണീഷ്യയിലെ ജനാധിപത്യ വിപ്ലവം. ആധുനിക യുഗത്തില്‍ ഇത്രയേറെ തുടര്‍ സ്വാധീനവും തുടര്‍ ചലനങ്ങളുമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല. സമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച വിപ്ലവകാരികള്‍ക്ക്‌ ജനാധിപത്യത്തിന്റെ `മുല്ലപ്പൂ' വിതറിയാണ്‌ തുണീഷ്യന്‍ ജനത ആദരാഞ്‌ജലിയര്‍പ്പിച്ചത്‌. തുണീഷ്യയില്‍ തുടക്കമിട്ട `ജാസ്‌മിന്‍ റവലൂഷന്‍' അറബ്‌ മേഖലയില്‍ പടര്‍ന്ന്‌ കത്തുകയായിരുന്നു. പ്രക്ഷോഭത്തിലും തുടര്‍ന്നും വിദേശ ഇടപെടലില്ല എന്നത്‌ മുല്ലപ്പൂ വിപ്ലവത്തിന്റെ പരിമളം എക്കാലവും നിലനില്‍ക്കാന്‍ സഹായിക്കും. രാജ്യത്തു ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്തി അവര്‍ ലോകത്തിന്‌ ഇരട്ട മാതൃക സമ്മാനിച്ചു. കഴിഞ്ഞ ജനുവരി 14ന്‌ തുണീഷ്യന്‍ ഏകാതിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പലായനത്തോടെയാണ്‌ രാജ്യത്ത്‌ വിപ്ലവം വിജയം കണ്ടത്‌. രാജ്യത്ത്‌ പശ്ചാത്യ ജനാധിപത്യം നടപ്പാക്കി യൂറോപ്യന്‍മാരുടെയും അമേരിക്കയുടെയും കയ്യടി വാങ്ങിയ ബിന്‍ അലി ജനങ്ങളുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ എല്ലാ നിലക്കും ശ്രമിച്ച അദ്ദേഹം ഗത്യന്തരമില്ലാതെ സഊദി അറേബ്യയിലേക്ക്‌ കടക്കുകയായിരുന്നു. ഫ്രഞ്ച്‌ മോഡല്‍ മതേതരത്വം അടിച്ചേല്‍പ്പിച്ച്‌ ഭൂരിപക്ഷ മുസ്‌ലിം സംസ്‌കാരത്തിന്റെ അടിക്കുറ്റിയിളക്കാന്‍ ബിന്‍ അലി കഴിവതും ശ്രമിച്ചു. സ്വാതന്ത്ര്യം, അത്‌ പശ്ചാത്യ നിര്‍മിതമാകുമ്പോള്‍ മാത്രമാണല്ലോ പൂര്‍ണമാകുന്നത്‌. അതേസമയം അറബ്‌ ലോകം ചുറ്റിയ മുല്ലപ്പൂ വിപ്ലവത്തിന്‌ ചൂരു പകര്‍ന്ന്‌ ആദ്യ ജനധിപത്യ തെരഞ്ഞെടുപ്പിനും സാക്ഷ്യം വഹിക്കാന്‍ തുണീഷ്യക്കു തന്നെ സാധിച്ചുവെന്നത്‌ ലോക ജനാധിപത്യത്തിനു തന്നെ വലിയ നേട്ടമാണ്‌. അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തിലുള്ള `അന്താരാഷ്‌ട്ര സമൂഹം' കണ്ണടച്ചിരുന്നിട്ടും ഇതെല്ലാം സാധ്യമായി എന്നതാണ്‌ വിപ്ലവാനന്തര തുണീഷ്യയുടെ മാറ്റ്‌ വര്‍ധിപ്പിക്കുന്നത്‌. അറബ്‌ ലോകത്ത്‌ അത്യപൂര്‍വ്വമായ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ അന്നഹ്‌ദയ്‌ക്കാണ്‌ വ്യക്തമായ മുന്‍തൂക്കമുള്ളത്‌. ഒരു മാസത്തിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ അന്നഹ്‌ദ പ്രഖ്യാപിച്ചിട്ടുണ്ട്‌. അത്‌ഫലംകാണുമെന്നു തന്നെയാണ്‌തുണീഷ്യയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ്‌ ഫോര്‍ ദ റിപ്പബ്ലിക്‌ (സി പി ആര്‍) പാര്‍ട്ടിയുമായുള്ള അന്നഹ്‌ദയുടെ ചര്‍ച്ചകള്‍ വിജയത്തിലെത്താനാണ്‌ സാധ്യത. മിതസ്വഭാവുമുള്ളതെന്നാണ്‌ സി പി ആര്‍ നേതാവ്‌ മന്‍സഫ്‌ മര്‍സൂഖി അന്നഹ്‌ദയെ വിശേഷിപ്പിച്ചത്‌.അന്നഹ്‌ദ നേതാവ്‌ റാഷിദ്‌ ഗനൗഷിക്കും വലിയ പ്രതീക്ഷയുണ്ട്‌. 217 അംഗ പാര്‍ലമെന്റില്‍ 90 സീറ്റുകളാണ്‌ നിലവില്‍ നഹ്‌ദക്ക്‌ ലഭിച്ചത്‌. സി പി ആര്‍ രണ്ടാം സ്ഥാനത്തുണ്ട്‌. ഇടത്‌, സ്വതന്ത്ര പാര്‍ട്ടികളുമായാണ്‌ ഇസ്‌ലാമിസ്‌റ്റ്‌ കക്ഷിയായ അന്നഹ്‌ദ കൂട്ടുകൂടാന്‍ ശ്രമിക്കുന്നത്‌. ബിന്‍ അലിയുടെ പതനത്തോടെ യൂറോപ്യന്‍ നിര്‍മിത മതേതരത്തിനേറ്റ തിരിച്ചടി പ്രയോഗതലത്തില്‍ ഇവിടെ കാണാവുന്നതാണ്‌. പുതിയ പ്രസിഡന്റിനെയും ഇടക്കാല സര്‍ക്കാറിനെയും പാര്‍ട്ടിക്ക്‌ നിയോഗിക്കാനാകും. ഭരണഘടന പരിഷ്‌കരണമാണ്‌ ഇടക്കാല സര്‍ക്കാറിന്റെ അടിയന്തരവും പരമപ്രധാനവുമായ ഉത്തരവാദിത്തം. തുടര്‍ന്നാണ്‌ പുതിയ ഭരണഘടനയനുസരിച്ചുള്ള തെരഞ്ഞെടുപ്പുണ്ടാകുക.
അന്നഹ്‌ദയുടെ സഹ സ്ഥാപകന്‍ ഹമാദി ജബാലി അടുത്ത സര്‍ക്കാറിനെ നയിക്കുമെന്നാണ്‌ പാര്‍ട്ടി നല്‌കുന്ന സൂചന. 62കാരനായ എന്‍ജിനീയര്‍ ബിന്‍ അലിയുടെ കടുത്ത എതിരാളിയുമാണ്‌. അതിന്റെ തിക്തഫലം മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ജബാലി വേണ്ടുവോളം അനുഭവിക്കുകയും ചെയ്‌തു. ബിന്‍ അലിയുടെ ഏകാധിപത്യ ഭരണത്തിനെതിരായി പ്രതികരിച്ചതിന്‌ 16 വര്‍ഷമാണ്‌ അദ്ദേഹത്തിന്‌ തടവറയില്‍ ചെലവഴിക്കേണ്ടിവന്നത്‌. ഇതില്‍ പത്തുവര്‍ഷം ഏകാന്ത തടവായിരുന്നു.
കുറ്റം രാഷ്‌ട്രീയ പ്രവര്‍ത്തനം തന്നെ. തുണീഷ്യയെ ജനാധിപത്യത്തില്‍ കൈപിടിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാകും ജബാലി. അതേസമയം തീവ്ര മതേതരവാദികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ്‌ കോണ്‍ഗ്രസ്‌ ഫോര്‍ ദ റിപ്പബ്ലിക്‌ പാര്‍ട്ടി അന്നഹ്‌ദയുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്‌. മുസ്‌ലിം കക്ഷി ഭരണത്തിലെത്തിയാല്‍ പൗര സ്വാതന്ത്ര്യവും സ്‌ത്രീപുരുഷ സമത്വവും ഒലിച്ചു പോകുമെന്നാണ്‌ യൂറോപ്യന്‍ മതേതരവാദികളുടെ നിലപാട്‌. പെണ്‍വസ്‌ത്രത്തിന്റെ വിസ്‌തീര്‍ണം കുറയുന്നതിനനുസരിച്ച്‌ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാനാണ്‌ പശ്ചാത്യ തത്വചിന്ത ഇഷ്‌ടപ്പെടുന്നത്‌. അതിന്‌ എതിരു നില്‍ക്കുന്നവരെ അവര്‍ മൗലിക വാദികളും ഭീകരരുമാക്കി അടിച്ചൊതുക്കും. എന്നാല്‍ വിദേശ കരങ്ങളില്ല എന്നതാണ്‌ തുണീഷ്യ ലോകത്തിനും ആ രാജ്യത്തിനു തന്നെയും നല്‌കുന്ന പ്രതീക്ഷ. 


ജനറല്‍മാര്‍ കയ്യടക്കിയ
ഈജിപ്‌ഷ്യന്‍ വിപ്ലവം
മുല്ലപ്പൂ മണമുള്ള കാറ്റ്‌ രണ്ടാം ഈജിപ്‌ഷ്യന്‍ വിപ്ലവത്തിന്‌ കാരണമായെങ്കിലും അതു ഫലപ്രാപ്‌തിയിലെത്തിയില്ല. ഹുസ്‌നി മുബാറക്കും മക്കളും നിയമത്തിന്റെ മുന്നിലെത്തിയെങ്കിലും ജനാധിപത്യത്തിന്‌ വഴിമാറാന്‍ ഇടക്കാല ഭരണം നടത്തുന്ന സൈന്യത്തിന്‌ സാധ്യമായിട്ടില്ല. മുബാറക്കിനു പകരം സൈന്യത്തെയാണ്‌ ഈജിപ്‌ഷ്യന്‍ ജനതക്കു ലഭിച്ചത്‌. ഫലത്തില്‍ വലിയ വ്യത്യാസമില്ല. ജനകീയ എതിര്‍പ്പുകളെ മറികടക്കാനുള്ള ചെപ്പടിവിദ്യകള്‍ മാത്രമാണ്‌ അവിടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മുബാറക്ക്‌ ഭരണകൂടത്തിന്റെ അന്തിമഘട്ടത്തില്‍ തുടക്കമിട്ട കോക്‌പിറ്റ്‌- മുസ്‌ലിം സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇതുവരെ ഇടക്കാല സൈനിക ഭരണത്തിനു കഴിഞ്ഞിട്ടില്ല. തോക്കു കൊണ്ടുള്ള മറുപടി മാത്രമാണ്‌ അവര്‍ക്കുള്ളത്‌.
ഫെബ്രുവരിയില്‍ ഹുസ്‌നി മുബാറക്കിനെ മറിച്ചിട്ട 18 ദിന വിപ്ലവം തുടങ്ങിയതു മുതല്‍ 334 സാധാരണക്കാര്‍ ശിക്ഷിക്കപ്പെട്ട്‌ സൈന്യത്തിന്റെ തടവറയിലെത്തിയിട്ടുണ്ട്‌. സൈനിക കോടതിയാണ്‌ ഇവരെ വിചാരണ ചെയ്‌തത്‌. 12000ഓളം പേര്‍ക്ക്‌ സൈനിക കോടതി കയറിയിറങ്ങേണ്ടി വന്നു. കെയ്‌റോ കലാപത്തിന്റെ പിന്‍ബുദ്ധിയെന്നാരോപിച്ച്‌ സൈന്യം അറസ്റ്റ്‌ ചെയ്‌ത അല അബ്‌ദുല്‍ ഫതഹ്‌ ജയിലില്‍ നിന്നയച്ച കത്ത്‌ ജയിലിനകത്തെ അവസ്ഥ വിവരിക്കുന്നുണ്ട്‌. ചെറിയ മുറിയില്‍ എട്ടു പേരടങ്ങുന്ന സംഘത്തെയാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. വിപ്ലവത്തിന്റെ ഫലങ്ങള്‍ ജനറല്‍മാര്‍ കയ്യടക്കിയെന്നും ഫതഹ്‌ കത്തില്‍ ആരോപിക്കുന്നു. യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഈജിപ്‌തില്‍ സംഭവിക്കുന്നത്‌ ഇതുതന്നെയാണ്‌.
എന്നാല്‍ ലിബിയയില്‍ നടന്നത്‌ നേരെ മറിച്ചാണ്‌. അറബ്‌ വസന്തം എന്ന ഓമനപ്പേരിട്ട്‌ ഐക്യരാഷ്‌ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടന്ന കൊലപാതക പരമ്പരയാണ്‌ അവിടെയുണ്ടായത്‌. അവസാനം മുന്‍ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അക്രമാശക്തരായ വിമത സൈനികര്‍ക്ക്‌ എറിഞ്ഞു കൊടുക്കാനും നാറ്റോ മടിച്ചില്ല. ഖദ്ദാഫി ഏകാധിപതിയായിരിക്കാം. കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയിരിക്കാം. എന്നാല്‍ ആധുനിക ലിബിയയെ ഇത്ര ഉന്നതിയിലെത്തിച്ചതിലും ഖദ്ദാഫിക്കു പങ്കുണ്ട്‌. അതേസമയം എണ്ണയില്‍ നോട്ടമിട്ട്‌ വിദേശ സൈന്യം ലിബിയയില്‍ ബോംബ്‌ വര്‍ഷിച്ചപ്പോള്‍ സിവിലിയന്‍ സംരക്ഷണം എന്ന പദമാണ്‌ ഉയര്‍ന്നു കേട്ടത്‌. പശ്ചാത്യരുടെ ബോംബിന്‌ തണുപ്പാണ്‌. എന്നാല്‍ ഖദ്ദാഫിയടക്കം തങ്ങളെ എതിര്‍ക്കുന്നവരുടെ ആയുധങ്ങള്‍ക്ക്‌ മാരക രാസ ശക്തിയുണ്ടെന്നാണ്‌ പശ്ചാത്യര്‍ പ്രഖ്യാപിക്കുന്നത്‌. ഇറാഖില്‍ സദ്ദാം ഹുസൈന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. ലിബിയയില്‍ വ്യോമ നിരോധം ഏര്‍പ്പെടുത്തിയാണ്‌ ഐക്യരാഷ്‌ട്ര രക്ഷാസമിതി ലിബിയന്‍ അധിനിവേശത്തിന്‌ പച്ചക്കൊടി കാട്ടിയത്‌. എന്നാല്‍ അറബ്‌ രാജ്യങ്ങളുടെ സംഘടനയായ അറബ്‌ ലീഗ്‌ ആണ്‌ വ്യോമ നിരോധമെന്ന ആശയം ആദ്യമായി മുന്നോട്ട്‌ വെച്ചത്‌. തങ്ങള്‍ ലക്ഷ്യമാകും വരെ ഗ്യാലറിയിലിരുന്ന്‌ കളി കാണാനായിരിക്കും അറബ്‌ രാജ്യങ്ങളുടെ വിധി. 


അതേസമയം അറുപത്‌ വര്‍ഷമായി ഫലസ്‌തീനികളെ ആട്ടിയോടിച്ച്‌ സ്ഥാപിക്കപ്പെട്ട ഇസ്രാഈല്‍ ബാക്കിയുള്ള ഫലസ്‌തീനികളെ കൂടി ജീവിക്കാനനുവദിക്കാത്ത പശ്ചാത്തലം ഇന്നുമുണ്ട്‌. അമേരിക്കന്‍ പിന്തുണയാണ്‌ ഇസ്രാഈലിന്റെ ശക്തി. ഫലസ്‌തീന്‌ യുനസ്‌കോ അംഗത്വം നല്‌കിയതിനെ പോലും അവര്‍ ചോദ്യം ചെയ്‌തു. ഇതൊക്കെ സൗകര്യപൂര്‍വം മറന്ന്‌ സിറിയക്കു നേരെ നീങ്ങുന്ന നാറ്റോ കരങ്ങള്‍ക്ക്‌ ശക്തിപകരാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ അറബ്‌ ലോകത്ത്‌ രക്തവസന്തത്തിന്‌ അല്‍പ്പം ഇടവേള ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. 

 www.varthamanam.com
Post a Comment