Tuesday, August 30, 2011

ലിബിയ: ചോരച്ചാല്‍ നീന്തി സമാധാനം

സമാധാനവും ഉപരോധവും വളരെയടുത്ത ബന്ധമുള്ള രണ്ടു പദങ്ങളാണിപ്പോള്‍. അമേരിക്കന്‍ നേതൃത്വത്തിലുള്ള പശ്ചാത്യ-യൂറോപ്യന്‍ കൂട്ടുകെട്ടും ലോകത്ത് സമാധാന സംസ്ഥാപനത്തിനു വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഉപരോധങ്ങള്‍ അമേരിക്ക പ്രഖ്യാപിക്കുന്നു, യൂറോപ്യന്‍ നടപ്പാക്കുന്നു, ശിഷ്ട ലോകം സഹിക്കുന്നു എന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നത്. സമാധാനം സ്ഥാപിക്കാനാണ് പലപ്പോഴും ഉപരോധങ്ങള്‍ പ്രഖ്യാപിക്കപ്പെടാറ്. പിന്നീട് സമാധാനം നടപ്പാക്കിയേ പശ്ചാത്യര്‍ മടങ്ങൂ. ഇതിനിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും ചോരച്ചാലുകളും സമാധാനത്തിനു വേണ്ടിയെന്നും നമുക്കു കരുതാം. സ്വസ്ഥതയും സമാധാനവും ചില്ലറക്കാര്യമല്ലല്ലോ?
മുല്ലപ്പൂ ഗന്ധം അറബ് ലോകത്ത് പടര്‍ന്നപ്പോള്‍ മറ്റൊരു യുദ്ധം ലോകം പ്രതീക്ഷിച്ചിരുന്നില്ല. തുണീഷ്യയും ഈജിപ്തും വിപ്ലവക്കൊടുങ്കാറ്റില്‍ ജനാധിപത്യത്തിന് വഴി മാറിയപ്പോള്‍ അവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. കാരണം ഏകാധിപത്യത്തിനെതിരെ ജനാധിപത്യ സമരങ്ങളായിരുന്നു അവിടങ്ങളില്‍ അരങ്ങേറിയത്. ഒരു യുവാവിന്റെ സ്വയം ഹത്യയാണ് തുണീഷ്യയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ അലിയെ നാടുവിടാന്‍ നിര്‍ബന്ധിതനാക്കിയത്. ഇതേ മരണത്തില്‍ നിന്നും ജനിച്ച വിപ്ലവ മേഹങ്ങളാണ് ഈജിപ്തില്‍ അമേരിക്കയുടെ അരുമ ശിഷ്യന്‍ ഹുസ്‌നി മുബാറക്കിന്റെ പതനത്തിനും വഴിയൊരുക്കിയത്. ഈജിപ്തില്‍ മുബാറക്ക് നിലം പതിക്കും വരെ അമേരിക്കക്കാരും യൂറോപ്യന്‍മാരും സമാധാനത്തെ കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഒരക്ഷരം പോലും ഉരിയാടിയില്ല. നിരവധി പേരെ സൈന്യം അവിടെയും കൊന്നൊടുക്കിയിരുന്നു. മൂന്നു പതിറ്റാണ്ടു നീണ്ട മുബാറക് യുഗത്തില്‍ ജീവന്‍ നഷ്ടമായവര്‍ അതിലേറെ. യഥാര്‍ഥത്തില്‍ തുണീഷ്യയിലും ഈജിപ്തിലുമുള്ള സ്വാതന്ത്ര്യ ദാഹികള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആത്മാഭിമാനം പണയപ്പെടുത്തിയില്ല. ഇവിടെയാണ് സിറിയയിലെയും ലിബിയയിലെയും സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തേണ്ടത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി ശക്തമായ ഗോത്ര സംവിധാനങ്ങളാണ് ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ഖദ്ദാഫി പുറത്താക്കപ്പെടാനുള്ള ഒരു സാഹചര്യവും ലിബിയയിലുണ്ടായിരുന്നില്ല. അതായത് ഖദ്ദാഫി ഭരണത്തെ അട്ടിമറിക്കാനുള്ള ശേഷി ഒരിക്കലും ലിബിയന്‍ വിമതര്‍ കൈവരിച്ചിരുന്നില്ല. എന്നിട്ടും തലസ്ഥാന നഗരിയടക്കം പിടിച്ചെടുക്കാനുള്ള ശക്തി അവര്‍ കൈവരിച്ചത് വിദേശ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ്. കൂടാതെ യു എസ് -യൂറോപ്യന്‍ അധിനിവേശ കൂട്ടായ്മയായ നാറ്റോ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിലാണ് ട്രിപ്പോളിയടക്കം നിലം പതിച്ചത്. നമ്മുടെ പുലുരിയ മോഡല്‍ ആയുധ വിതരണമാണ് ഫ്രഞ്ചുകാര്‍ മിസ്രാത്തയിലും ബന്‍ഗാസിയിലുമൊക്കെ നടത്തിയത്. വിപ്ലവത്തിന്റെ കാലപ്പഴക്കം ഒരു രാഷ്ട്രത്തെ എത്രമാത്രം അധപ്പതിപ്പിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഫ്രാന്‍സ്.
സമ്രാജ്യത്വവിധേയരല്ലാത്ത ഏതെങ്കിലും രാജ്യത്ത് ഒരു ഇല വീണാല്‍ അത് പരിസ്ഥതി നാശവും ഒരാടു ചത്താല്‍ അത് മൃഗ പീഡനവുമായി കണക്കാക്കുന്ന യൂറോപ്യന്‍മാര്‍ അവരുടെ പതിവ് സമാധാന നീക്കങ്ങളുമായി ലിബിയയിലും സജീവമാണ്. തങ്ങള്‍ നിര്‍മിച്ച മിസൈലുകളും ക്ലസ്റ്റര്‍ ബോംബുകളും മിസ്രാത്തയിലും സാവിയയിലും മറ്റു ലിബിയന്‍ നഗരങ്ങളിലും ചോരച്ചാലുകള്‍ തീര്‍ത്തപ്പോള്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളെക്കുറിച്ചോ മാനവികതക്കെതിരായ പാപങ്ങളെ കുറിച്ചോ ഐക്യരാഷ്ട്ര സഭയടക്കം ആരും ഒന്നും മിണ്ടിയില്ല. നാറ്റോ ബോംബുകള്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ളതായതു കൊണ്ട് അവ ലോക നിലവാരത്തിലുള്ളതും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കു വിധേയവുമാണ്. അത് പൊട്ടിത്തെറിച്ചുണ്ടാകുന്ന മരണങ്ങള്‍ അനിവാര്യമാണ്. ജനാധിപത്യത്തിനു വേണ്ടി രക്ത സാക്ഷ്യം വഹിച്ചവര്‍. അംഗവൈകല്യം സംഭവിച്ചവരും ഒട്ടും പിന്നില്ല. രാജ്യത്തിനും ലോകത്തിനും വേണ്ടിയാണവര്‍ കൈ കാലുകള്‍ നഷ്ടപ്പെടുത്തിയത്. എങ്കിലും അവരെ  സന്തോഷകരമായ ഒരു ഖേദപ്രകടനം കാത്തിരിക്കുന്നുണ്ട്. ഇപ്പോള്‍, അല്ലെങ്കില്‍ ഒബാമയും സര്‍ക്കോസിയുമൊക്കെ പണിയില്ലാതെ വീട്ടിലിരിക്കുന്ന കാലത്ത്, ആത്മകഥയില്‍. മുഅമ്മര്‍ ഖദ്ദാഫിയുടെ സൈന്യത്തിന്റെ ബോംബുകള്‍ പതിച്ച് ചതഞ്ഞരയുന്ന ലിബിയക്കാരെ രക്ഷിക്കാനാണ് നാറ്റോ ലിബിയയില്‍ കടന്നു കയറിയത്. ഇറാഖിലും അഫ്ഗാനിസ്താനിലുമെല്ലാം അല്‍പ്പം പശ്ചാത്തല വ്യത്യാസത്തോടെ ഇതേ വിഷയം കടന്നു വരുന്നുണ്ട്.
എങ്കിലും ഒരു കാര്യം ഉറപ്പാണ്. ആയുധബലം, അതിനു മുകളില്‍ പറക്കാന്‍ ഒരു പരുന്തിനും കഴിയില്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചൊല്ല് പശ്ചാത്യര്‍ പഠിച്ചിട്ടുണ്ടോയെന്നറിയില്ല. ഇനി ഇല്ലെങ്കിലും അത് നന്നായി പ്രവര്‍ത്തിക്കുന്നവരാണവര്‍. മുന്‍പും അങ്ങനെ തന്നെ. നാടിനു വേണ്ടി പൊരുതി മരിച്ച ഷഹീദ് ടിപ്പു സുല്‍ത്താന്റെ രത്‌നാങ്കിത ആഭരണം  ബ്രിട്ടണില്‍ ലേലത്തില്‍ വെച്ചിരിക്കുകയാണത്രെ. രാജ്യങ്ങളെ ഏതെങ്കിലും വിദേശ രാജ്യത്തിന് ഒറ്റയ്ക്ക് കടന്നാക്രമിക്കാനുള്ള സാഹചര്യം നവലോക ക്രമത്തില്‍ വളരെ കുറവാണ്. ഈ കുറവു നികത്തുന്നതാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയുടെ പ്രവര്‍ത്തനം. ലോക രാഷ്ട്രങ്ങളില്‍ അമൂല്യ സമ്പത്തുകള്‍ ബ്രിട്ടണിലെയും അമേരികയിലെയും ലേല ഹാളുകളില്‍ വിലപേശപ്പെടുമ്പോഴേക്കും ചോരയുടെ മണം അതില്‍ നിന്നും വിട്ടുമാറിയിരിക്കും. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അടിച്ചു മാറ്റിയ കോഹിനൂര്‍ രത്‌നം ഇതോട് ചേര്‍ത്തു വായിക്കാം. ചത്തതിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം? നമുക്കും പഴഞ്ചൊല്ലില്‍ അഭയം തേടാം. അല്ലെങ്കിലും  അതാതു കാലത്തെ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പിനപ്പുറത്തേക്ക് ആലോചിക്കാന്‍ കഴിയില്ലല്ലോ.
എത്രയേറെ ലോകത്തിന്റെ അംഗീകാരം ലഭിച്ചാലും ലിബിയയിലെ ഭരണമാറ്റം ജനാധിപത്യപരമല്ല,  സൈനികമാണ്. അതിനാല്‍ തന്നെ അതിന്റെ പോരായ്മകള്‍ രാജ്യത്തെ കാത്തിരിക്കുന്നുണ്ട്. ലിബിയയുടെ ഭാവി തീരുമാനിക്കാന്‍ തുര്‍ക്കിയിലും ഫ്രാന്‍സിലും ഖത്തറിലുമൊക്കെയായി യോഗങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. പശ്ചാത്യരുടെ ചോര പുരണ്ട കൈകള്‍ വെളുപ്പിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യക്കും ക്ഷണമുണ്ട്. ആക്രമണങ്ങള്‍ നടത്തി അവിടെ നിന്നും രക്ഷപ്പെടുന്ന രീതിയാണ് പശ്ചാത്യരുടേത്. അഫ്ഗാനിസ്താനിലും ഇറാഖിലും അവര്‍ കുടുങ്ങിയെന്ന് പൊതുസമൂഹം കരുതുമ്പോഴും ആത്യന്തിക നഷ്ടം അതാതിടങ്ങളിലെ ജനങ്ങള്‍ക്കു മാത്രമാണ്. ലിബിയയിലെ സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളത് അഫ്ഗാനിസ്താനിനോടാണ്. പൊതുവെ വൈദേശികാധിപത്യത്തിന് കൂട്ടു നില്‍ക്കാത്ത യൂഫ്രട്ടീസ്-ടൈഗ്രീസ് തടങ്ങളില്‍ പോലും സദ്ദാം ഹുസൈനെ ഒറ്റുകൊടുക്കാന്‍ ആളുകളുണ്ടായി. എന്നാല്‍ അഫ്ഗാനിസ്താനില്‍ അമേരിക്ക പതിനെട്ടടവും പയറ്റിയിട്ടും താലിബാന്‍ നേതാക്കളെയും മറ്റും ഒറ്റു കൊടുക്കാന്‍ ആരുമുണ്ടായില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇറാഖില്‍ വംശീയ കൂട്ടായ്മയാണെങ്കില്‍ അഫ്ഗാനിസ്താനിലും ലിബിയയിലും നിലനില്‍ക്കുന്നത് ശക്തമായ ഗോത്ര ഘടനയണ്. പ്രമുഖ ഗോത്രങ്ങള്‍ക്ക് സ്വന്തമായ സൈനിക ദളങ്ങള്‍ അഫ്ഗാനിസ്താനിലുണ്ട്. ലിബിയയിലെയും യമനിലെയും സ്ഥിതി സമാനമാണ്. പ്രമുഖ ഗോത്രങ്ങള്‍ പലതും ഖദ്ദാഫിയെ അനുകൂലിക്കുന്നവരായതിനാല്‍ താല്‍ക്കാലികമായി പരിവര്‍ത്തന സമിതി സര്‍ക്കാറിന് പിന്തുണ നല്കാന്‍ അവര്‍ തയ്യാറായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ ശക്തമായ ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലുകളുമാണ് ലിബിയയെ കാത്തിരിക്കുന്നത് എന്നും വിലയിരുത്തലുണ്ട്. ഗോത്രങ്ങളുടെ പിന്തുണ നേടുന്നതില്‍, ശ്രമകരമാണെങ്കിലും, പരിവര്‍ത്തന സമിതി വിജയിച്ചാല്‍ മാത്രമേ ശക്തമായ സര്‍ക്കാറുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ അമേരിക്കയുടെയും യൂറോപ്യന്‍മാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ ഭരണം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഈ പ്രതിസന്ധിയെ മറികടക്കാന്‍ പ്രാദേശിക അധികാര വികേന്ദ്രീകരണം മാത്രമാണ് ഏക പോംവഴി. ഖദ്ദാഫി അവരെ കയ്യിലെടുത്തതും ഇതേ മാര്‍ഗത്തിലാണ്. കാര്യമായ അധികാരങ്ങളില്ലെങ്കിലും നല്ലൊരു അംഗീകാരമാണിത്. എന്നാല്‍ മുന്‍ഭരണാധികാരികള്‍ ഒളിജീവിതം (പ്രത്യേകിച്ചും ഖദ്ദാഫിയുടെയും മകന്‍ സൈഫ് അല്‍ ഇസ്‌ലാമിന്റെയും) പുതിയ സര്‍ക്കാറിന് വലിയൊരു ഭീഷണിയായി നിലനില്‍ക്കും. ഖദ്ദാഫി പിടിക്കപ്പെടില്ല എന്ന് തീര്‍ത്ത് പറയാനാകില്ലെങ്കിലും അത് ഇറാഖിലേതു പോലെ എളുപ്പമാകില്ല എന്നതാണ് ലിബിയന്‍ മണ്ണില്‍ നിന്നും ലഭിക്കുന്ന സൂചന. ഒട്ടകപ്പാലു കുടിച്ച് ടെന്റുകളില്‍ കഴിച്ചു കൂട്ടി ലിബിയന്‍ ജനതയുടെ ഹൃദയം കവര്‍ന്ന കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അത്രപെട്ടെന്നൊന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് പറിച്ചു മാറ്റാനാവില്ല. പ്രത്യേകിച്ചും വൈദേശികാധിപത്യവും രാജഭരണവും അവര്‍ മറന്നിട്ടില്ലെങ്കില്‍.
Post a Comment