Wednesday, August 24, 2011

ഖദ്ദാഫിയുടെ പതനവും നിര്‍ബ്ബന്ധിത ജനാധിപത്യവും

ലിബിയയുടെ ചരിത്രം പലപ്പോഴും ചെറുത്തു നില്‍പ്പിന്റേതാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഖദ്ദാഫി ഭരിച്ച നാലു പതിറ്റാണ്ട് മാത്രമാണ് അത് അല്പ്പമെങ്കിലും അത് ശാന്തമായത്. ഇതെഴുതുമ്പോഴും ട്രിപ്പോളിയുടെ ആകാശം നാറ്റോ ബോംബ് വര്‍ഷം മൂലം പുകപടലം നിറഞ്ഞിരിക്കുകയാണ്. 1951ലാണ് ലിബിയ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഉമര്‍മുഖ്താറിനെ 1935ല്‍ ഇറ്റാലിയന്‍ അധിനവേശ സൈന്യം വധിക്കുകയായിരുന്നു. ഇപ്പോള്‍ വിമത കേന്ദ്രമായ ബന്‍ഗാസിയാണ് അതിന് സാക്ഷ്യം വഹിച്ചത്.  1969ല്‍ അഴിമതിക്കാരനായ ഇദ്‌രീസ് രാജാവിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അധികാരമേറ്റു. മതരാഷ്ട്ര വാദികളെ  അകറ്റി നിര്‍ത്തിയതിനാല്‍ കേരളത്തില്‍ പോലും ഖദ്ദാഫിയുടെ പതനം ആഘോഷിക്കുന്നവരുണ്ട്.
ആര്‍ഭാടങ്ങളില്‍ നിന്നകന്ന് ഭരണം നടത്തിയാണ് ടെന്റുകളുടെ രാജകുമാരന്‍ ആദ്യകാലത്ത് ലിബിയന്‍ ജനതയുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്.  അധികാരം നിലനിര്‍ത്താന്‍ അറബ് ദേശീയത അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തയെങ്കിലും രാഷ്ട്രത്തിന്റെ വികസന കാര്യത്തില്‍ അദ്ദേഹം മുന്‍ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായി. ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും ഏറ്റവും മികച്ച പൊതു വിതരണ സംവിധാനവുമുള്ള രാജ്യമാക്കി ലിബിയയെ മാറ്റിയത് ഖദ്ദാഫിയണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. മികച്ച പൊതുവിതരണ സംവിധാനവും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുമുള്ള ഇറാഖിനെ തകര്‍ത്ത് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള അധിനിവേശ സൈന്യത്തിന് സമാധാനമായത്.  നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള പാവ സര്‍ക്കാറിനെ കൊണ്ട് അമേരിക്ക അത് ചെയ്യിക്കുകയായിരുന്നു. അഫ്ഗാനിസ്താനിലും ഇതേ നിലപാടുകള്‍ തന്നെയാണ് അമേരിക്കയും നാറ്റോ സൈന്യവും സ്വീകരിച്ചിരുന്നത്.  സമാധാനത്തിന്റെ അപ്പോസ്തലന്‍മാരായ നോര്‍വ്വെ അടക്കമുള്ള രാജ്യങ്ങള്‍ നാറ്റോ അധിനിവേശങ്ങളില്‍ പങ്കാളികളാണ്. അഫ്ഗാനിസ്താനിലും ഇറാഖിലുമായി കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിന് കുട്ടികളാണ് മരിച്ചു വീണത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഗീര്‍വാണങ്ങളും യൂറോപ്യന്‍ യൂണിയന്‍ നിലവാരവും അമേരിക്കയുടെ അന്താരാഷ്ട്ര സമൂഹവുമൊന്നും അപ്പോഴൊന്നും ശബ്ദിക്കുന്നത് നാം കണ്ടില്ല. ആംനസ്റ്റിയും ഗ്രീന്‍പീസുമൊന്നും അവിടങ്ങളിലെ മനുഷ്യാവകാശ, സസ്യാവകാശ ലംഘനങ്ങളെ (പരിസ്ഥിതി പ്രശ്‌നങ്ങളെ)  കണ്ടതായി ഭാവിച്ചില്ല. ഇറാഖില്‍ കൂട്ടനശീകരണായുധങ്ങളുണ്ടെന്ന മാധ്യമ വിശദീകരണം മാത്രമായിരുന്നു സദ്ദാമിനെതിരെയുള്ള ഏക തെളിവ്. അതിനു മുന്‍പ് ഇറാഖില്‍ ജോലിയാവശ്യാര്‍ഥം പോയ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ളവര്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കൊന്നും തോന്നാത്ത ഏകാധിപത്യമാണ് പില്‍ക്കാലത്ത് സദ്ദാമിനു മേല്‍ ആരോപിക്കപ്പെട്ടത്. സമാന അനുഭവം തന്നെയാണ് ഇപ്പോള്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയും നേരിടുന്നത്.  ഏകാധിപത്യത്തിനെതിരാണ് നാറ്റോയുടെ അധിനിവേശ ദൗത്യങ്ങളെല്ലാം എന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളെ തകര്‍ത്ത് പാവഭരണകൂടങ്ങളെ സ്ഥാപിക്കാനുള്ള യത്‌നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പോലുള്ള പതിനേഴോളം രാജ്യങ്ങളുള്‍ക്കൊള്ളുന്ന യൂറോപന്‍ യൂണിയനില്‍ അധിനിവേശങ്ങള്‍ക്കെതിരെ ഒരു കൈ പോലും ഉയരുന്നില്ലെന്നുള്ളത് ഇത്തരക്കാര്‍ക്കെതിരെ മൂന്നാം ലോക രാജ്യങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്.
സാമ്പത്തിക സുസ്ഥിരതയുടെ അടിക്കല്ലിളകിയപ്പോഴാണ് ഇറാഖില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും പിന്തിരിയാന്‍ അമേരിക്ക ആലോചിച്ചത്. ത്രീ സ്റ്റാര്‍ റേറ്റിംഗ് (എ എ എ) കുറച്ചതിനെതിരെ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്‌സിനെ നോക്കി കണ്ണുരുട്ടാനുള്ള ശ്രമം വിപണിയില്‍ ഉരുള്‍പൊട്ടിയതോടെ നടക്കാതെ പോകുകയായിരുന്നു. എന്നിരുന്നാലും ഇക്കാലമത്രയും കണ്ടവന്റെ പറമ്പില്‍ കയറിക്കളിച്ചത് ആരാന്റെ പൈസകൊണ്ടായിരുന്നുവെന്ന ഒരറിവ് ഏതായാലും ലോകത്ത് നിലവിലുള്ള പ്രതിസാമ്രാജ്യത്വ വാദികള്‍ക്ക് ആശ്വാസമുണ്ടാക്കുന്നതാണ്.  അതുകൊണ്ടു തന്നെയാണ് അധിനിവേശത്തിന്റെ നേതൃത്വം നാറ്റോയ്ക്കു വിട്ടുകൊടുത്ത് അമേരിക്ക പിന്നില്‍ നിന്നു കളിച്ചത്. പശ്ചാത്യ ഉത്പന്നങ്ങള്‍ക്കെതിരെ ഒരു രണ്ടാം ബഹിഷ്‌കരണ ആഹ്വാനവും ഉണ്ടാകേണ്ടിയിരിക്കുന്നു.
എന്തൊക്കെ അപാകതകളുണ്ടെങ്കിലും നട്ടെല്ലു വളയ്ക്കാതെ എണ്ണ രാഷ്ട്രീയം നിയന്ത്രിക്കാനായത് കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ഒരു കാലത്ത് ഫലസ്തീന്‍ പോരാളികള്‍ക്കു വേണ്ടി പരസ്യമായി നിലകൊണ്ടതിനാല്‍ ഈജിപ്തടക്കമുള്ള അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളുടെ അനിഷ്ടത്തിനും ഖദ്ദാഫി പാത്രമായി. ലോക്കര്‍ബി വിമാനപകടത്തില്‍ അമേരിക്കയോട് കലഹിച്ച ഖദ്ദാഫിക്ക് പില്‍ക്കാലത്ത് അനുരഞ്ജനത്തിലേക്ക് നീങ്ങേണ്ടി വന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയെ മെരുക്കാന്‍ അമേരിക്ക മുന്‍പും പലതവണ ശ്രമിച്ചിട്ടുണ്ട്. ഉപരോധങ്ങളും ഭീഷണികളും മാറി മാറി പ്രയോഗിച്ചു. പക്ഷെ മുഅമ്മര്‍ ഖദ്ദാഫിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അമേരിക്ക പിന്‍വലിയുകയായിരുന്നു. പക്ഷെ, അന്നൊന്നും രാജ്യത്ത് കയറിക്കളിക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള പശ്ചാത്യ സഖ്യം ശ്രമിച്ചില്ല.  ലോക പെട്രോളിയം ഉത്പാദനത്തിന്റെ രണ്ടു ശതമാനം ലിബിയയുടെ സംഭാവനയാണ്. ഇതുതന്നെയാണ് തീര്‍ത്തും അസംഘടിതരായ വിമത സംഘത്തിന്റെ പേരില്‍ രാജ്യത്തേക്ക് പാഞ്ഞു കയറാന്‍ പശ്ചാത്യരെ പ്രേരിപ്പിച്ചത്.
വിമത മുന്നേറ്റങ്ങളും ലിബിയന്‍ സൈന്യത്തിന്റെ ക്രൂരതകളുമല്ലാതെ മറ്റൊന്നും പശ്ചാത്യ സ്വാധീനമുള്ള വാര്‍ത്ത ഏജന്‍സികള്‍ നമുക്കു തരുന്നില്ല. ഖദ്ദാഫിയുടെ മക്കള്‍ പിടിക്കപ്പെട്ടതായ വാര്‍ത്തക്ക് 24 മണിക്കൂര്‍ ആയുസുണ്ടായില്ല. സൈഫ് അല്‍ ഇസ്‌ലാം പിന്നീട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഏറെക്കുറെ വിശ്വാസ്യ യോഗ്യമായിരുന്ന അല്‍ജസീറ പോലും വിവരങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇറാഖില്‍ അധിനിവേശ സൈന്യം ചെയ്തു കൂട്ടിയ കൊടും ക്രൂരതകള്‍ പുറത്തെത്തിക്കുന്നതില്‍ അല്‍ ജസീറ വഹിച്ച പങ്ക് നിസ്തുലമാണ്്.   ജനവാസ മേഖലകളിലടക്കം  ബോംബുകള്‍ വര്‍ഷിച്ചാണ് നാറ്റോ സൈന്യം  വിമതര്‍ക്ക് സുരക്ഷിത പാതയൊരുക്കിയത്. നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകളടക്കം ആക്രമണത്തിനുപയോഗിച്ചതായി ആരോപണമുണ്ട്. ഖദ്ദാഫി ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ പ്രതീകമെന്ന നിലയിലാണ് നാറ്റോ അധിനിവേശത്തിന് തുടക്കമിട്ടത്. ഖദ്ദാഫി യുഗം അവസാനിച്ചതായി പ്രഖ്യാപിച്ച പ്രസിഡന്റ് ബാരക് ഒബാമ പോരാട്ട അവസാനിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയുണ്ടായി.  അധിനിവേശ ദുര മൂത്ത പശ്ചാത്യരുടെ പൊതു നിലാപാടാണ് ഒബാമയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഏതായാലും പകരം സര്‍ക്കാറില്ലാത്ത ഏതാനും നാളുകളുണ്ടായാല്‍ ഇറാക്കില്‍ നാം കണ്ടതുപോലുള്ള അധികാര ശൂന്യത ലിബിയയിലും ആവര്‍ത്തിക്കും. ഇങ്ങനെ വന്നാല്‍ ലിബിയയിലെ സാധാരണക്കാരുടെ  ചോര തടാകങ്ങളായി രൂപാന്തരപ്പെടുകയായിരിക്കും ഫലം. നിര്‍ബ്ബന്ധിത ജനാധിപത്യത്തിന്റെ അനന്തര ഫലം. ഇത് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകില്ല. ജനാധിപത്യ ലിബിയയിലെ സ്വര്‍ഗീയതയെ കുറിച്ചാകും അന്ന്  ചര്‍ച്ച ചെയ്യപ്പെടുക. അതിന്റെ വിവര്‍ത്തനം പ്രാദേശിക മാധ്യമങ്ങളില്‍ നമുക്ക്  വായിക്കുകയുമാകാം.
Post a Comment