Wednesday, August 3, 2011

ഓസ്‌ലോ കൂട്ടക്കൊല, അറബ് പ്രക്ഷോഭം ലോക മാധ്യമങ്ങള്‍


എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാല്‍, തോക്കിന്റെ തിര കണ്ടെത്തിയാല്‍ അന്വേഷണ സംഘങ്ങള്‍ക്കു മുന്നേ ഉത്തരവാദികളെ തേടിയുള്ള പരക്കം പാച്ചിലിലാണ് മധ്യമങ്ങള്‍. വൈകാതെ കുറ്റക്കാരെ പ്രഖ്യാപിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള അജ്ഞാത സംഘടനകള്‍ക്കു മേല്‍ പഴിചാരപ്പെടുമ്പോള്‍ ആഗോള തലത്തില്‍ അല്‍ഖാഇദയാണ് സര്‍വ്വലോക കുറ്റകൃത്യങ്ങളുടെയും ഉത്തരവാദി. പാക് ഭീകരരില്‍ നിന്ന് ഈയിടെയാണ് ഇന്ത്യന്‍ മുജാഹിദീന് ഉത്തരവാദിത്തം പതിച്ചു കിട്ടിയത്. യഥാര്‍ഥത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന അന്വേഷണത്തിന് പിന്നീട് ഏറെ പ്രസക്തിയുണ്ടാകാറില്ല. ഇന്ത്യയില്‍ തന്നെ അജ്മീര്‍, സംഝോത സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ മുസ്‌ലിം കരങ്ങള്‍ ആരോപിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. നിരവധി പേര്‍ 'തെളിവുകളുടെ' അടിസ്ഥാനത്തില്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംഘ്പരിവാര്‍ ഭീകരത മറ നീക്കി പുറത്തു വന്നപ്പോള്‍ ആ 'തെളിവുകള്‍' അപ്രത്യക്ഷമായി. എങ്ങിനെ അത്തരം തെളിവുകള്‍ നിര്‍മിക്കപ്പെട്ടു എന്ന അന്വേഷണം ഒരു ഭാഗത്തു നിന്നുമുണ്ടായില്ല.
നോര്‍വ്വെയിലെ ഓസ്‌ലോ കൂട്ടക്കൊലക്കു ശേഷവും സമാനമായ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടു. മുസ്‌ലിം ഭീകരര്‍ നോര്‍വ്വെ തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന അന്വേഷണമായിരുന്നു ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. സണ്‍ പോലുള്ള മര്‍ഡോക്കിയന്‍ മാധ്യമങ്ങള്‍ തലക്കെട്ടില്‍ തന്നെ 'പിന്നില്‍ അല്‍ഖാഇദയെന്ന' വാര്‍ത്ത ജനങ്ങളിലെത്തിക്കാനും മറന്നില്ല. ഖേദകരമായ വസ്തുത, നിരപരാധികളെന്ന് പൂര്‍ണമായും തെളിയിക്കപ്പെടുന്നതുവരെ ഒരു പ്രത്യേക വിഭാഗത്തെ കുറ്റക്കാരായി കാണുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്.
ആക്രമണകാരി, തോക്കുധാരി, മൗലികവാദി തുടങ്ങിയ വിശേഷണങ്ങള്‍ ഓസ്‌ലോ കൂട്ടക്കൊല നടത്തിയ ആന്റേഴ്‌സ് ബ്രവിക്കിനു ചാര്‍ത്തി നല്കി. 'കൃസ്ത്യന്‍ ഭീകരത' ലോകത്തിന്റെ പ്രശ്‌നമായില്ല. നോര്‍വ്വെയിലെ ഇസ്‌ലാം വ്യാപനമാണ് കൊലയാളിയെ ഏറെ ആശങ്കപ്പെടുത്തുന്നത്.  കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന മാന്യമായ സ്ഥാനവും സാമ്പത്തിക പുരോഗതിയുമാണ് ഇയാളെ അസ്വസ്ഥനാക്കി. മാത്രമല്ല ലണ്ടനില്‍ വെച്ച് ബ്രവിക്കിന്റെ നേതൃത്വത്തില്‍ നടന്ന ഭീകര ക്യാംപിന് നമ്മുടെ വാഗമണ്‍ സിമി ക്യാംപിന്റെ പ്രാധാന്യം പോലും മാധ്യമങ്ങള്‍ നല്കിയില്ല. 80 ഓളം പേര്‍ പങ്കെടുത്ത ക്യാംപില്‍ നിരവധി ചര്‍ച്ച് പ്രതിനിധികളും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ക്യാംപ് ലോക തലത്തില്‍ കൃസ്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുരിശുയുദ്ധ കാലത്തെ മാതൃകയില്‍ പ്രത്യേക സംഘടന രൂപീകരിക്കുകയും ചെയ്തു. ഓസ്‌ലോ കൊലയാളിയുടെ ഓണ്‍ലൈന്‍ സന്ദേശം ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളെ ഏറെ പ്രശംസിക്കുന്നുണ്ട്. ഹിന്ദു തീവ്രവാദികള്‍ ഇടക്കിടെ മുസ്‌ലിംകള്‍ക്കെതിരായി നടത്തുന്ന കലാപങ്ങളെ ഇയാള്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. യു പി എ സര്‍ക്കാര്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്നാരോപിക്കുന്ന ബ്രവിക് കൂടുതല്‍ വിവരങ്ങള്‍ക്കായി ബി ജെ പി, ശിവസേന തുടങ്ങിയ തീവ്രഹിന്ദു സംഘടനകളുടെ വെബ്‌സൈറ്റ് പരിശോധിക്കാനും നിര്‍ദേശിക്കുന്നുണ്ട്.
സമാധാനത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന നോര്‍വ്വെയില്‍ പൊലീസ്, ജയില്‍ സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. കുറ്റകൃത്യങ്ങളുടെ തോതും അങ്ങിനെ തന്നെ. എന്നാല്‍ കൂട്ടക്കൊലയെ തുടര്‍ന്ന് നിരവധി കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആക്രമണം നടന്ന ഉട്ടോയ ദ്വീപില്‍ കാര്യമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ല. ഉള്ളവര്‍ തന്ന നോര്‍വ്വെയിലെ നിയമമനുസരിച്ച് നിരായുധരായിരുന്നു.
നോര്‍വ്വെ ആക്രമണത്തോടെ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന മര്‍ഡോക്കിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം അപ്രത്യക്ഷമാകുകയും ചെയ്തു.  അതേസമയം സൊമാലിയയില്‍ പത്തു ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന വാര്‍ത്ത മധ്യമലോകത്തിന്റെ അരികുകളിലാണ് സ്ഥാനം പിടിച്ചത്. 
അറബ് പ്രക്ഷോഭങ്ങളുടെ കാര്യത്തിലും ഇത്തരം ഇരട്ടത്താപ്പ് പ്രത്യേകിച്ചു പശ്ചാത്യ മാധ്യമങ്ങള്‍ തുടരുന്നതായാണ് കാണാന്‍ കഴിയുന്നത്.
യമനില്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാണ്. എന്നാല്‍ സാലിഹിനെ തള്ളിപ്പറയാന്‍ ഇതുവരെ പശ്ചാത്യര്‍ തയ്യാറായിട്ടില്ല. മാധ്യമലോകവും സാലിഹിന് ഭീകരത ചാര്‍ത്തി നല്കുന്നില്ല. കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയേക്കാള്‍ എന്തു വ്യത്യസ്തതയാണ് യമനില്‍ കാണാനുള്ളത്.
എല്ലായിടങ്ങളിലും ഏകാധിപത്യമോ, ഏക കക്ഷി സമ്പ്രദായമോ ആണെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കക്കും യൂറോപ്യന്‍മാര്‍ക്കും താല്‍പര്യമില്ലാത്തവരെ ഭീകര ചാര്‍ത്തി നല്കുന്നതില്‍ മത്സരിക്കുകയാണ് മാധ്യമലോകം. ഇറാഖിനും അഫ്ഗാനിസ്താനും ശേഷം ലിബിയയില്‍ ചോരച്ചാലുകള്‍ തീര്‍ക്കാന്‍ അമേരിക്കക്കും  നാറ്റോക്കും സാധൂകരണം നല്കുന്ന വിധത്തില്‍ കേണല്‍ ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയന്‍ ഭരണകൂടത്തിനു മേല്‍ ഭീകര ആരോപിച്ചതിലും മാധ്യമ ലോകത്തിന്റെ പങ്ക് ഒട്ടും കുറവല്ല. രാഷ്ട്രീയമായും  സൈനികമായും അനിശ്ചിതത്വം മാത്രം അവകാശപ്പെടാവുന്ന ലിബിയയിലെ വിമത സര്‍ക്കാറിന് അധികാരം കൈമാറാനാണ് പശ്ചാത്യര്‍ ശ്രമിക്കുന്നത്. അത് എവിടെയും വാര്‍ത്തയാകുന്നുമില്ല. മാത്രമല്ല ബെന്‍ഗാസി, മിസ്രാത്ത തുടങ്ങി എണ്ണ സമ്പന്ന മേഖലകളില്‍ മാത്രമാണ് വിമതര്‍ക്ക് സ്വാധീനമുള്ളത്. സമാന്തര സര്‍ക്കാറിന്റെ സൈനിക കമാണ്ടറായിരുന്ന ജനറല്‍ അബ്ദുല്‍ ഫത്തഹ് യൂനുസ് സ്വന്തം ആളുകളുടെ വെടിയേറ്റു മരിച്ചത് വിമതര്‍ക്കും പശ്ചാത്യര്‍ക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.
ബഹ്‌റൈനിലെ ശീഅ പ്രക്ഷോഭകരെ അടിച്ചൊതുക്കിയ സര്‍ക്കാര്‍ നടപടി അത്രവലിയ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. നിരവധി പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിരുന്നു. ഏതായാലും തുണീഷ്യ, ഈജിപ്ത് തുടങ്ങി അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചുലച്ച ജനകീയ പ്രക്ഷോഭങ്ങളില്‍ വനിതകള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. അറബ് മുസ്‌ലിം മേഖലകളില്‍ സ്ത്രീകള്‍ പര്‍ദക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ആഗോള പ്രചാരം നടത്തുന്ന മാധ്യമലോകം തന്നെയാണ് അറബ് പ്രക്ഷോഭ രംഗത്തുള്ള സ്ത്രീ സാന്നിധ്യം നിശ്ചല, വീഡിയോ ദൃശ്യങ്ങളിലൂടെ നമുക്ക് കാട്ടിത്തന്നു. ഏതായാലും തല്‍ക്കാലത്തേക്കെങ്കിലും ഭീകരതയെ അറബ് ലോകത്തു നിന്ന് അകറ്റിനിര്‍ത്താന്‍ പശ്ചാത്യമാധ്യമങ്ങള്‍ക്ക് അവസരമൊരുങ്ങി എന്നതു മാത്രമാണ് ആശ്വസിക്കാവുന്ന ഏക കാര്യം.
അറബ് വിപ്ലവം പ്രാദേശിക ഏകാധിപതികളില്‍ നിന്നും മോചനം തേടാനുള്ള പൗരന്‍മാരുടെ ശ്രമമാണ്. തുണീഷ്യയിലും ഈജിപ്തിലും മാത്രമേ അത് പൂര്‍ണ വിജയം കണ്ടുള്ളൂവെങ്കിലും വ്യാപകമായ അനന്തരഫലങ്ങള്‍ അതിനുണ്ടായി. ഈജിപ്തിലെ ജനകീയ വിപ്ലവത്തിന് പിന്നില്‍ പശ്ചാത്യമാധ്യമങ്ങള്‍ തീവ്രവാദ പട്ടികയില്‍ പെടുത്തി സംഘടനകളും പ്രവര്‍ത്തിച്ചു. കാര്യങ്ങള്‍ നേരത്തെ പ്രവചിച്ച്, അത് സ്ഥാപിക്കുകയാണ് മധ്യമങ്ങള്‍ പലപ്പോഴും സ്വീകരിക്കുന്ന രീതി. അറബ് രാജ്യങ്ങള്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹ്യനീതിയും ചര്‍ച്ച ചെയ്യുമ്പോള്‍ അല്‍ഖാഇദ, പുരോഗമനവാദി, തീവ്രവാദി പ്രയോഗങ്ങള്‍ അവര്‍ നിരന്തരം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. നാശ നഷ്ടങ്ങള്‍ മാത്രം ഫലം.
വര്‍ത്തമാനം, ആഗസ്ത് 2 ചൊവ്വ

Post a Comment