Saturday, July 9, 2011

ദക്ഷിണ സുഡാന്‍ ലോകത്തിലെ ഏറ്റവും പുതിയ രാഷ്‌ട്രം



salva kir - south sudan president
umer al basheer-sudan president
ഒടുവില്‍ സുഡാന്‍ രണ്ടായി. വടക്കും തെക്കും സുഡാനെ വേര്‍തിരിച്ച്‌ ഭൂപടത്തില്‍ നേര്‍ത്ത വര പ്രത്യക്ഷട്ടുകഴിഞ്ഞു. ജൂലൈ 9ന്‌ ലോകത്തെ ഏറ്റവും പുതിയ രാഷ്‌ട്രമായി തെക്കന്‍ സുഡാന്‍ പിറവിയെടുത്തു. വിമത പോരാളി നേതാവായ സല്‍വ കിര്‍ ആദ്യ പ്രസിഡന്റ്‌. നേരത്തെ സുഡാന്റെ ആദ്യ വൈസ്‌ പ്രസിഡന്റായി കിര്‍ സേവനമനുഷ്‌ഠിച്ചിരുന്നു. ലോകത്തെ 193ാമത്തെ രാഷ്‌ട്രമാണ്‌ തെക്കന്‍ സുഡാന്‍. സുഡാന്‍ സമയം അര്‍ധരാത്രിയാണ്‌ പുതുരാഷ്‌ട്രം പിറവി കൊണ്ടത്‌. സുഡാന്‍ പ്രസിഡന്റ്‌ ഉമര്‍ അല്‍ ബഷീര്‍ തന്നെയാണ്‌ അയല്‍ രാജ്യത്തിന്‌ ആദ്യമായി അംഗീകാരം നല്‌കിയത്‌. വിഭജനത്തോടെ സുഡാന്‌ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദം അഭിമുഖീകരിക്കേണ്ടി വരും. ഉമര്‍ അല്‍ ബഷീര്‍ സര്‍ക്കാറിന്‌ നേരിടേണ്ടി വരുന്ന ജനരോഷംചില്ലറയല്ല. രാഷ്ട്രത്തിന്റെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമായാണ്‌, മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെങ്കിലും, വിഭജനത്തെ ജനങ്ങള്‍ നോക്കിക്കാണുന്നത്‌.
2005ലാണ്‌ ആഫ്രിക്കയിലെ ഏറ്റവുമധികം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്‌ അന്ത്യമായത്‌. വിമത സംഘടനയായ എസ്‌ പി എല്‍ എയും സൈന്യവും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പേഴേക്കും പക്ഷ, 22 വര്‍ഷത്തെ യുദ്ധം രാജ്യത്തെ അടിസ്ഥാനമേഖകളെ പാടെ തകര്‍ത്തിരുന്നു. 20 ലക്ഷത്തിലധികം പേര്‍ക്കാണ്‌ ഇക്കാലയളവില്‍ ജീവന്‍ നഷ്‌ടമായത്‌. കണക്കില്‍ പെടാത്തവര്‍ ഏറെയുണ്ടാകും. 40 ലക്ഷം പേരാണ്‌ ജീവഭയത്തില്‍ പലായനം ചെയ്‌തത്‌.

രരാഷ്‌ട്രത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തുമെന്നതായിരുന്നു 2005ലെ സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്‌. ലോക സമ്മര്‍ദത്തിന്റെ ഫലമായി ഐക്യരാഷ്‌ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടന്ന ഹിതപരിശോധന തെക്കന്‍ സുഡാന്‍ രാഷ്‌ട്രം സ്വപ്‌നം കാണുന്നവര്‍ക്ക്‌ ആവേശം നല്‌കുന്നതായിരുന്നു.
2001 ജനുവരില്‍ 9-15 കാലയളവില്‍ നടന്ന ഹിതപരിശോധനയുടെ ഫലം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ തന്നെ ജുബയില്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഫെബ്രുവരി ഏഴിനായിരുന്നു ഹിതപരിശോധന കമ്മീഷന്‍ അന്തിമ ഫലങ്ങള്‍ പുറത്തുവിട്ടത്‌. ഹിതപരിശോധനക്കനുകൂലമായി 98 ശതമാനം വോട്ടുകളാണ്‌ രേഖപ്പെടുത്തപ്പെട്ടത്‌. പിന്നീട്‌ ജൂലൈ ഒന്‍പതിന്‌ പുതുരാഷ്‌ട്രപ്പിറവി തീരുമാനിക്കപ്പെടുകയും ചെയ്‌തു.
എന്നാല്‍ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ സമാധാനം വീണ്ടും അകലെയാകുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എണ്ണ സമ്പത്തില്‍ ലോകത്ത്‌ പ്രമുഖ സ്ഥാനമുള്ള സുഡാന്‌ എണ്ണ സമ്പത്ത്‌ തന്നെ വിയാകുന്ന കാഴ്‌ചയും കാണാനിടയായി.
എണ്ണ സമ്പന്ന അബേയ്‌ പ്രവിശ്യ ഏതുഭാഗത്തോട്‌ ചേരണമെന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ തങ്ങളുടെ ഭാഗമെന്ന്‌ തെക്കന്‍ സുഡാന്‍ പറയുമ്പോള്‍ ഖാര്‍ത്തൂം കേന്ദ്രമായ വടക്കന്‍ സുഡാന്‍ അതംഗീകരിച്ചിട്ടില്ല. അതിന്റെ ഭാഗമായി വടക്കന്‍ സൈന്യം മേഖലയില്‍ പ്രവേശിച്ച്‌ നിയന്ത്രണം കൈക്കലാക്കുകയും ചെയ്‌തിരുന്നു. അതിനാല്‍ തന്നെ പുതുരാഷ്‌ട്രപ്പിറവി ഏറെ ആശങ്കയോടെയാണ്‌ ലോകം കാത്തിരിക്കുന്നത്‌.
ലോക രാഷ്‌ട്രങ്ങളില്‍ പരാജയത്തിന്റെ ഉത്തമോദാഹരണമായി പലപ്പോഴും സുഡാന്‍ ഗണിക്കപ്പെടാറുണ്ട്‌. പശ്ചാത്യ അച്ചുതണ്ടില്‍ കറങ്ങുന്ന ആഗോള രാഷ്‌ട്രീയം നല്ലൊരു പരിധിവരെ ഇതിനു കാരണമാണ്‌.
എങ്കിലും ദാരിദ്ര്യവും അടിസ്ഥാന സൗകര്യ രംഗത്തെ തകര്‍ച്ചയും രാജ്യത്ത്‌ അടയാളപ്പെട്ടു കിടക്കുകയാണ്‌. ഒരു കാലത്ത്‌ അറബ്‌ -ആഫ്രിക്കന്‍ സമവായത്തിന്റെയും മുസ്‌ലിം- കൃസ്‌ത്യന്‍ സഹവര്‍ത്തിത്തത്തിന്റെയും മികച്ച മാതൃകയായിരുന്നു സുഡാന്‍.
ദൈവം അനുഗ്രഹിച്ചു നല്‌കിയ എണ്ണ സമ്പത്ത്‌ പക്ഷ, സുഡാന്‍ ജനതക്ക്‌ ഉപയോഗപ്പെട്ടില്ല. അതിര്‍ത്തി രേഖ മാറുമ്പോള്‍ ആഭ്യന്തര യുദ്ധത്തിനു പകരമരായി ഇരു രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്‌ സുഡാന്‍ വേദിയാകുമോയെന്ന്‌ സംശയിക്കുന്നവരുടെ എണ്ണം കുറവല്ല.
മുസ്‌ലിംകള്‍ക്കും കൃസ്‌ത്യാനികള്‍ക്കും ഒരേ സര്‍ക്കാറിന്റെ കീഴില്‍ കഴിയാമോയെന്നതിന്റെ ദുരന്ത പര്യവസായിയായ പരീക്ഷണമാണ്‌ യഥാര്‍ത്ഥത്തില്‍ സുഡാന്‍ വിഭജിക്കപ്പെടുന്നതോടെ പൂര്‍ത്തിയാകുന്നത്‌. `അന്താരാഷ്‌ട്ര സമൂഹ'ത്തിന്റെ `പക്ഷം' വിധി നിര്‍ണയത്തിന്‌ വേഗത കൂട്ടി. ഇരു രാഷ്‌ട്രങ്ങള്‍ക്കും ഇനിയെന്ത്‌ സംഭവിക്കുമെന്നതാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.
രാഷ്‌ട്രീയ അനിശ്ചിതത്വം, മത തീവ്രവത തുടങ്ങിയ പ്രശ്‌നങ്ങള്‍ വടക്കിനെ പിന്തുടരുമ്പോള്‍ അഴിമതിയും ഗോത്രാന്തര സംഘര്‍ഷവും പുതുരാഷ്‌ട്രത്തിന്‌ ഭീഷണി സൃഷ്‌ടിക്കുന്ന ഘടകങ്ങളാണ്‌.
അതിര്‍ത്തിയില്‍ വിട്ടുമാറാതെ യുദ്ധത്തിന്റെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ എല്ലാവരുടെയും കണ്ണ്‌ ചൈനയിലേക്കാണ്‌. അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടവിച്ചതിനെ തുടര്‍ന്ന്‌ സുഡാന്‍ പ്രസിഡന്റ്‌ ഉമര്‍ അല്‍ ബഷീറിനെ കുരുക്കാന്‍ പശ്ചാത്യ ലോകം കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുമ്പോഴാണ്‌ ബീജീംഗിലേക്ക്‌ വിളിച്ചു വരുത്തി ചൈന ഗാര്‍ഡ്‌ ഓഫ്‌ ഹോണര്‍ നല്‌കി ആദരിച്ചത്‌. ചൈനക്ക്‌ സുഡാന്‍ രാഷ്‌ട്രീയത്തിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്‌ സംഭവം.
ഇരു രാഷ്‌ട്രങ്ങളിലും പ്രത്യേകിച്ച്‌ തെക്കന്‍ സുഡാനിലെ എണ്ണ മേഖലയില്‍ ചൈനക്ക്‌ വന്‍ നിക്ഷേപമുണ്ട്‌. സാമ്പത്തിക താല്‍പര്യങ്ങള്‍ അവഗണിച്ച്‌ സുഡാനില്‍ സംഘര്‍ഷമുണ്ടാകുന്നത്‌ നോക്കിനില്‍ക്കാന്‍ ചൈനക്കാവില്ല.
ആപത്തു കാലത്ത്‌ ചൈന നല്‌കിയ അംഗീകാരം പ്രസിഡന്റ്‌ ഉമര്‍ അല്‍ ബഷീറിന്‌ മറക്കാന്‍ കഴിയില്ല. ചൈനയോടുള്ള നന്ദി ബീജിംഗില്‍ അദ്ദേഹം എടുത്തു പറയുകയും ചെയ്‌തു. സുഡാന്‍ പ്രശ്‌നത്തില്‍ ചൈന അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഭാഗമാല്ല എന്ന്‌ ഉറപ്പിക്കുന്നതായിരുന്നു ബഷീറിന്റെ ബീജിംഗ്‌ സന്ദര്‍ശനം.
Post a Comment