Monday, April 18, 2011

ലിബിയ: വിഭജനത്തിന്റെ എണ്ണ രാഷ്‌ട്രീയം

ലിബിയയുടെ ചരിത്രം വിവിധ ഘട്ടങ്ങളിലായി ഭാഗിക്കപ്പെട്ടു കിടക്കുകയാണ്‌. പുരാതന കാലഘട്ടം, റോമന്‍ കാലഘട്ടം, ഇസ്‌ലാമിക കാലഘട്ടം, ഒട്ടോമന്‍ ഭരണകാലം, ആധുനിക കാലം എന്നിവയാണത്‌. വിവിധ വംശങ്ങള്‍ ഇഴചേര്‍ന്ന ലിബിയന്‍ ജനത പല പ്രവശ്യം വിദേശ ആധിപത്യത്തിനു കീഴിലായിട്ടുണ്ട്‌. സ്വതന്ത്ര ലിബിയയുടെ ചരിത്രം തുടങ്ങുന്നത്‌ 1951 മുതലാണ്‌. സാംസ്‌കാരിക പാരമ്പര്യത്തിന്റെ കാര്യത്തിലും ലിബിയ ഒട്ടും പിറകിലല്ല.
ബി സി 106ല്‍ റോമന്‍ കാലത്തു തന്നെ ട്രിപ്പോളിക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ ട്രിപ്പോലിറ്റാനിയ എന്നറിയപ്പെട്ടു. സിറനായ്‌ക മേഖലയും (Cyrenaica)ഫെസാനും കൂടി ചേര്‍ന്നതാണ്‌ ആധുനിക ഐക്യ ലിബിയ. എ ഡി 647ല്‍ ഖലീഫ ഉസ്‌മാനുബ്‌നു അഫ്‌ഫാനിന്റെ കാലത്തു തന്നെ അബ്‌ദുല്ലാഹിബ്‌നു സഅദിന്റെ നേതൃത്വത്തിലുള്ള സൈന്യം ലിബിയയിലെത്തി. 1511-1911 കാലത്ത്‌ ഒട്ടോമന്‍ സാമ്രാജ്യം ലിബിയ ഭരിച്ചു. 1911-1943 കാലഘട്ടം ഇറ്റലിയുടെ കീഴിലായി രാജ്യം.1935 സെബ്‌തംബര്‍ 13നാണ്‌ ഇറ്റാലിയന്‍ അധിനിവേശ ഭരണകൂടം ഉമര്‍ മുഖ്‌താറിനെ പിടികൂടി വധിച്ചത്‌. ഇപ്പോള്‍ പ്രതിപക്ഷ കലഹങ്ങളുടെ കന്ദ്രമായ ബന്‍ഗാസിയില്‍ വെച്ചായിരുന്നു അത്‌. അതേസമയം രാജ്യത്ത്‌ റോഡ്‌-റയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇറ്റലിക്കാര്‍ മടികാണിച്ചില്ല.
ലിബിയില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങളില്‍ എണ്ണയുടെ പങ്ക്‌ മറ നീക്കി പുറത്തു വരുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ഏതാനും നാളുകളായി നാം കണ്ടു വരുന്നത്‌. കിഴക്കന്‍ മേഖലയിലെ എണ്ണ പ്പാടങ്ങളില്‍ നിന്ന്‌ കയറ്റുമതി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്‌ ഖദ്ദാഫി സര്‍ക്കാറിനെതിരെ പടപൊരുതുന്ന വിമതര്‍. കിഴക്കന്‍ എണ്ണ തുറമുഖ നഗരമായ റഅ്‌സ്‌ ലാനൂഫ്‌ സൈന്യം തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ ഏക വിമത കേന്ദ്രമായ മിസ്രാത്തയില്‍ നിന്ന്‌ എണ്ണ കയറ്റുമതിക്കുള്ള ശ്രമം ഏറെക്കുറെ വിജയിച്ചതായാണ്‌ അറിവ്‌. നഗരം ആഴ്‌ചകളായി സൈന്യത്തിന്റെ ഉപരോധത്തിലാണ്‌.
പശ്ചാത്യര്‍ ജനാധിപത്യ പ്രക്ഷോഭകര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുമ്പോഴും ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ കൈവെടിഞ്ഞാണ്‌ ലിബിയന്‍ വിമതരുടെ നീക്കങ്ങള്‍. ജനകീയ വിപ്ലവം സാധ്യമായ തുണീഷ്യയിലും ഈജിപ്‌തിലും ഒരു വെടിയുണ്ട പോലും പ്രക്ഷോഭകര്‍ക്ക്‌ ചെലവായില്ല എന്നത്‌ ശ്രദ്ദേയമാണ്‌. യമനിലും സമാധാനപരമായ പ്രക്ഷോഭങ്ങളാണ്‌ അരങ്ങേറുന്നത്‌. അതു തന്നെയാണ്‌ ആയുധമെടുക്കുന്നവര്‍ക്കെതിരെ മാത്രമാണ്‌ ആക്രമണം എന്ന്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി വ്യക്തമാക്കാന്‍ കാരണവും.
ഖദ്ദാഫിയുടെ എല്ലാ നടപടികളും പൂര്‍ണായി അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും 1970 മുതല്‍ രാഷ്‌ട്രത്തിന്റെ തലപ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലിബിയ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. രാജ്യത്തെ ജീവിത നിലവാരം ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ ഖദ്ദാഫിക്കു കഴിഞ്ഞു. ആര്‍ഭാടങ്ങളില്‍ നിന്നകന്ന്‌ ഭരണം നടത്തിയാണ്‌ ടെന്റുകളുടെ രാജകുമാരന്‍ ആദ്യകാലത്ത്‌ ലിബിയന്‍ ജനതയുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്‌. പശ്ചാത്യരോ അവരെ പിന്തണയ്‌ക്കുന്നവരോ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്‌ ആ ബന്ധം. അധികാരം നിലനിര്‍ത്താന്‍ അറബ്‌ ദേശീയത അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. ഖദ്ദാഫി ഭരണത്തിന്റെ ദോഷ വശങ്ങള്‍ എത്ര തന്നെ നിരത്തിയാലും ഒരു രാഷ്‌ട്രം എന്ന നിലയില്‍ ലിബിയയില്‍ ഖദ്ദാഫി അനിവാര്യനാണ്‌. ഖദ്ദാഫി സ്ഥാനമൊഴിയുന്നത്‌ ഒഴികെയുള്ള എന്താവശ്യവും അംഗീകരിക്കാന്‍ ലിബിയന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും വിമതര്‍ നിരസിക്കുകയായിരുന്നു. ആഫ്രിക്കന്‍ യൂണിയന്‍ അനുരഞ്‌ജന നീക്കങ്ങള്‍ പരാജയപ്പെടാന്‍ കാരണവും ഇതാണ്‌.
എന്തൊക്കെ അപാകതകളുണ്ടെങ്കിലും നട്ടെല്ലു വളയ്‌ക്കാതെ എണ്ണ രാഷ്‌ട്രീയം നിയന്ത്രിക്കാനായത്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ഒരു കാലത്ത്‌ ഫലസ്‌തീന്‍ പോരാളികള്‍ക്കു വേണ്ടി പരസ്യമായി നിലകൊണ്ടതിനാല്‍ ഈജിപ്‌തടക്കമുള്ള അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളുടെ അനിഷ്‌ടത്തിനും ഖദ്ദാഫി പാത്രമായി.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയെ മെരുക്കാന്‍ അമേരിക്ക മുന്‍പും പലതവണ ശ്രമിച്ചിട്ടുണ്ട്‌. ഉപരോധങ്ങളും ഭീഷണികളും മാറി മാറി പ്രയോഗിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. മുഅമ്മര്‍ ഖദ്ദാഫിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അമേരിക്ക പിന്‍വലിയുകയായിരുന്നു. പക്ഷെ, അന്നൊന്നും രാജ്യത്ത്‌ കയറിക്കളിക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള പശ്ചാത്യ സഖ്യം ശ്രമിച്ചില്ല. ഉപരോധങ്ങളുണ്ടാക്കിയ ക്ഷീണം മാറ്റാന്‍ പിന്നീട്‌ ഖദ്ദാഫി പശ്ചാത്യരുമായി രമ്യതയിലായി. ലോക പെട്രോളിയം ഉത്‌പാദനത്തിന്റെ രണ്ടു ശതമാനം ലിബിയയുടെ സംഭാവനയാണ്‌.
ഒരു രാജ്യത്ത്‌ കടന്നാക്രമണം നടത്താന്‍ അനുമതി നല്‌കുക വഴിയ ചരിത്രപരമായ തെറ്റാണ്‌ ഐക്യരാഷ്‌ട്ര സഭ ചെയ്‌തിരിക്കുന്നത്‌. സംഘടനയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണത്‌. അന്താരാഷ്‌ട്ര സമൂഹമെന്ന പേരിട്ട്‌ പശ്ചാത്യര്‍ വിചാരിക്കുന്ന എന്തും നടപ്പാക്കാനുള്ള പാവ സംഘടനയായി മാറി ഐക്യരാഷ്‌ട്ര സഭയെന്ന്‌ ആരോപിക്കുന്നവരോട്‌ എന്ത്‌ ഉത്തരമാണ്‌ നമുക്ക്‌ പറയുവാനുള്ളത്‌. ഇറാഖിലും അഫ്‌ഗാനിസ്‌താനിലും അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു കടന്നാക്രമണം. എന്നാല്‍ ലിബിയയില്‍ ഐക്യരാഷ്‌ട്ര സഭയുടെ മേലൊപ്പു ചാര്‍ത്തിയ ആക്രമണങ്ങളാണ്‌ നടക്കുന്നത്‌.
അതേസമയം ഇരട്ട നിലപാടുകളുമായി അമേരിക്ക മലക്കം മറിയുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ആഴ്‌ചകളില്‍ നമുക്ക്‌ കാണാനായത്‌. ലിബിയയില്‍ ആക്രമണം പരിഹാരമല്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആക്രമണങ്ങളില്‍ നിന്ന്‌ തങ്ങളുടെ പോര്‍ വിമാനങ്ങള്‍ പിന്‍മാറിയിട്ടില്ലെന്ന്‌ ലോക പൊലീസ്‌ ആണയിടുന്നു. അതിനിടെ നാറ്റോയ്‌ക്ക്‌ അധിനിവേശ ധൗത്യം കൈമാറിയ ശേഷം തങ്ങളുടെ പോര്‍ വിമാനങ്ങള്‍ പിന്‍വലിച്ചതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ലിബിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന യു എസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടിരുന്നു. ഖദ്ദാഫിയുടെ സൈന്യം ആക്രമണം നിര്‍ത്തണമെന്നും സൈന്യം കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന്‌ പിന്‍വാങ്ങണമെന്നുമാണ്‌ ഉപാധി. ഏറെ രസകരമായി തോന്നാമെങ്കിലും ഇതു തന്നെയാണ്‌ വിഭജനത്തിന്റെ എണ്ണ രാഷ്‌ട്രീയം. എണ്ണ സമ്പന്നമായ കിഴക്കന്‍ മേഖലയില്‍ തങ്ങള്‍ പിന്തുണയ്‌ക്കുന്ന വിമതരെ പാവ സര്‍ക്കാറായി വാഴിച്ച്‌ അതുവഴി രാജ്യത്തെ എണ്ണ സമ്പത്ത്‌ കൊള്ളയടിക്കാമെന്ന പഴയ കൊളോണിയല്‍ തത്വം തന്നെയാണ്‌ പശ്ചാത്യരുടെ കയ്യിലുള്ളത്‌. ഇറാഖില്‍ ഭാഗികമായി വിജയിച്ചതും ഇതേ രീതി തന്നെയാണ്‌. 40 കൊല്ലത്തിലധികമായി ലിബിയ ഭരിക്കുന്ന കേണല്‍ മുഅമ്മര്‍ ഖദ്ദാഫി ഇതു വരെ പശ്ചാത്യര്‍ക്ക്‌ ഏകാധിപതിയായിരുന്നില്ല. എതിരാളി മാത്രമായിരുന്നു. എന്നാല്‍ ലോകത്തെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി പ്രയോഗിക്കാവുന്ന പശ്ചാത്യ ജനാധിപത്യം കയ്യില്‍ വെച്ച്‌ അവസരമൊത്ത സ്ഥിതിക്ക്‌ ഇനിയും കാത്തിരിക്കാന്‍ അധിരവേശ ദുര ഇനിയും മാറാത്ത ബ്രിട്ടണും ഫ്രാന്‍സിനും അമേരിക്കക്കും സാധ്യമല്ല. അതു മലസ്സിലാക്കി തന്നെയാകണം ലിബിയയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്ന്‌ ലണ്ടനില്‍ കഴിയുന്ന മുന്‍ വിദേശകാര്യമന്ത്രി മൂസ്സ ഖുസ്സ (കൂറുമാറിയെന്ന്‌ പശ്ചാത്യരും ആരോഗ്യ കാരണങ്ങളാലെന്ന്‌ ഖദ്ദാഫിയുടെ മകന്‍ സൈഫ്‌ അല്‍ ഇസ്‌ലാമും പറയുന്നു) ആവശ്യപ്പെട്ടത്‌.
ലിബിയയിലെ നിര്‍മാണ മേഖലയിലെ സ്വാധീനവും ഭൂമിശാസ്‌ത്ര പരമായ അടുപ്പവുമാണ്‌ ചൈനക്ക്‌ അവിടെയുള്ള താല്‍പര്യം. പശ്ചാത്യ കമ്പനികളെ കൈവിട്ട്‌ ഖദ്ദാഫി ചൈനീസ്‌ കമ്പനികള്‍ക്ക്‌ കരാറുകള്‍ നല്‌കിയപ്പോള്‍ മാത്രമാണ്‌ പശ്ചാത്യര്‍ക്ക്‌ ലിബിയയില്‍ ജനാധിപത്യത്തിന്റെ അഭാവം നിഴലിച്ചതെന്നത്‌ ശ്രദ്ധേയമാണ്‌. അല്ലെങ്കില്‍ ശഹീദ്‌ ഉമര്‍ മുഖ്‌താറിന്റെ കാലടികള്‍ പതിഞ്ഞ ബന്‍ഗാസിക്ക്‌ പ്രക്ഷോഭം നടത്താന്‍ പശ്ചാത്യ ബോംബ്‌ വര്‍ഷം വേണ്ടിവരുമായിരുന്നില്ല. 50 വന്‍കിട പദ്ധതികളാണ്‌ ചൈനക്ക്‌ ലിബിയയിലുള്ളത്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ ഖദ്ദാഫിയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണ്‌ ഇന്ത്യ, ചൈന. റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളടങ്ങി ബ്രിക്‌സ്‌ കടന്നാക്രമണത്തെ അപലപിച്ചിട്ടുണ്ട്‌.
ഏതായാലും അധിനിവേശ സംഘടനയായ നാറ്റോക്കിടയില്‍ ലിബിയന്‍ ആക്രമണത്തെ ചൊല്ലി ഉടലെടുത്ത രൂക്ഷമായ ഭിന്നത പ്രതീക്ഷക്കു വക നല്‌കുന്നുണ്ട്‌. ഫ്രാന്‍സും ബ്രിട്ടണും ആക്രമണം അധികരിപ്പിക്കണമെന്നാവശ്യപ്പെടുമ്പോഴും അതിന പിന്തുണയ്‌ക്കാന്‍ അധികം ആളില്ല എന്നത്‌ നല്ല കാര്യം തന്നെ
ഇറാഖിലും അഫ്‌ഗാനിസ്‌താനിലും പാഠം പഠിക്കാത്ത അറബ്‌ ലീഗാണ്‌ ലിബിയയില്‍ പറക്കല്‍ നിരോധമെന്ന ആശയം ആദ്യം മുന്നോട്ട്‌ വെച്ചത്‌.
വര്‍ഷങ്ങളായി ഇസ്രാഈല്‍ വ്യോമാക്രമണങ്ങളാല്‍ ദുരിതം പേറുന്ന ഗസ്സയിലും വെസ്റ്റ്‌ ബാങ്കിലും പറക്കല്‍ നിരോധം നടപ്പാക്കണമെന്ന അറബ്‌ ലീഗിന്റെ വൈകിയ രോദനം പക്ഷെ, ആരും കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ഫലസ്‌തീനികളെ പട്ടിണിക്കിട്ടും ബോംബ്‌ വര്‍ഷിച്ചും കൊല്ലുന്നത്‌ പശ്ചാത്യര്‍ നിര്‍വചിക്കുന്ന ലോകസമാധാനത്തിന്‌ ഭീഷണിയല്ലോ.
ഏതായാലും മുഅമ്മര്‍ ഖദ്ദാഫിയില്ലാത്ത ലിബിയ പെട്ടെന്നൊന്നും സ്ഥിരതയിലേക്ക്‌ തിരിച്ചെത്തില്ലെന്നത്‌ ഉറപ്പാണ്‌. പശ്ചാത്യ അധിനിവേശം രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നയിക്കുമെന്ന സൈഫ്‌ അല്‍ ഇസ്‌ലാമിന്റെ മുന്നറിയിപ്പ്‌ മുഖവിലക്കെടുക്കേണ്ടത്‌ തന്നെയാണ്‌. ഖദ്ദാഫിയുടെ നൈതികത ചര്‍ച്ചയില്‍ നിന്ന്‌ മാറ്റി നിര്‍ത്തി ഏതാനും പ്രദേശങ്ങളൊഴികെ സമാധാനപരമായി കഴിയുന്ന ഒരു രാജ്യത്ത്‌ കടന്നു കയറി കലാപം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ആരായുന്നത്‌ ലോക സമാധാനത്തിനു തന്നെ ഭീഷണിയാണ്‌. അന്താരാഷ്‌ട്ര സമൂഹത്തിന്‌ ഭീഷണിയാണെന്ന്‌ കാണിച്ച്‌ ഇറാഖിലെ സദ്ദാം ഹുസൈന്‍ സര്‍ക്കാറിനെ അട്ടിമറിച്ച്‌ പശ്ചാത്യ ജനാധിപത്യമെന്ന സ്വര്‍ഗീയ സ്വാതന്ത്ര്യം ഇറാഖില്‍ നടപ്പാക്കിയപ്പോള്‍ യൂഫ്രട്ടീസും ടൈഗ്രീസും ചുവക്കുന്നതാണ്‌ നാം കണ്ടത്‌. ബഗ്‌ദാദിലെ അമൂല്യ ഗ്രന്ഥ ശേഖരങ്ങളുള്ള ലൈബ്രറിക്കുമേല്‍ പതിച്ച യു എസ്‌ ബോംബുകള്‍ നശിപ്പിച്ചത്‌ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നില്ല. ലോകത്തിന്റെ തന്നെ അത്യപൂര്‍വ അറിവുകളായിരുന്നു. സിവിലിയന്‍ സംരക്ഷണത്തിനെത്തിയ നാറ്റോ പോര്‍വിമാനങ്ങള്‍ തീ തുപ്പിയപ്പോള്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്ന കാഴ്‌ച നാം കണ്ടതാണ്‌. അത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ അധിനവേശം അവസാനിപ്പിക്കപ്പെടുകയും സംഘര്‍ഷങ്ങള്‍ക്ക്‌ ചര്‍ച്ചയിലൂടെ പരിഹാരമാകുകയും വേണം. അതിന്‌ അവസരമുണ്ടകട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ഥിക്കാം. 


ഫോക്കസ്‌, വര്‍ത്തമാനം ഞായറാഴ്‌ച പതിപ്പ്‌
ഏപ്രില്‍ 17 ഞായര്‍ 

Post a Comment