Friday, February 4, 2011

ബിന്‍ അലിയുടെ ഗതി മുബാറക്കിലൂടെ കടന്നു പോയാല്‍

ജനുവരി 14. സ്വാതന്ത്ര്യത്തിനും അസ്‌തിത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ചരിത്രം മാത്രമല്ലെന്ന്‌ തെളിയിക്കുകയായിരുന്നു ടുണീഷ്യന്‍ ജനത. പ്രത്യേകിച്ചും യുവാക്കള്‍. ഇരുപതു വര്‍ഷത്തിലേറെ പ്രസിഡന്റ്‌ സ്ഥാനത്തിരുന്ന പ്രസിഡന്റ്‌ സൈനുല്‍ ആബിദീന്‍ ബിന്‍ അലി നാടുവിട്ടത്‌ അന്നാണ്‌. സഊദി അറേബ്യയിലാണ്‌ ഇയാള്‍ അഭയം പ്രാപിച്ചത്‌. തുടര്‍ന്നാണ്‌ അറബ്‌ മേഖലയിലെ ദീര്‍ഘകാല ഭരണാധികാരികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കമായത്‌.
30 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്‌ സ്ഥാനമൊഴിയാതെ പ്രക്ഷോഭം
അവസാനിക്കില്ലെന്നാണ്‌ ഈജിപ്‌ത്‌ പ്രതിപക്ഷം നല്‌കുന്ന മുന്നറിയിപ്പ്‌. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള എല്ലാ അടവുകളും മുബാറക്ക്‌ പയറ്റുന്നുണ്ട്‌. ഇസ്രാഈലുമായുള്ള അവിശുദ്ധ കൂട്ടികെട്ടാണ്‌ മുപ്പതു വര്‍ഷത്തെ മുബാറക്ക്‌ ഭരണത്തിന്റെ നിലനില്‍പ്പ്‌ സാധ്യമായത്‌. ഒരാഴ്‌ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ്‌ വിവരം. മാധ്യമ നിയന്ത്രണങ്ങള്‍ മൂലം അറിയപ്പെടാത്ത മരണങ്ങള്‍ നിശബ്‌ദ രക്തസാക്ഷിത്തമായി അവശേഷിക്കും. എങ്കിലും ഇനി ഒരു പ്രാവശ്യം കൂടി ഭരണത്തില്‍ തുടരാന്‍ ശ്രമിക്കില്ലെന്ന മുബാറക്കിന്റെ പ്രസ്‌താവന അടിയറവായി കണക്കാക്കാം. 2013ല്‍ കാലാവധി അവസാനിക്കുന്നതോടെ മൂന്നു പതിറ്റാണ്ടു നീണ്ട ഭരണത്തില്‍ നിന്ന്‌ വിടപറയുമെന്ന്‌ യമന്‍ പ്രസിഡന്റ്‌ അലി അബ്‌ദുല്ല സാലിഹിനും പറയേണ്ടി വന്നു. ഈജിപ്‌ത്‌ സുരക്ഷാ സൈന്യത്തിലും പൊലീസിലുമുള്ള ഒരു വിഭാഗം തിരിഞ്ഞു നിന്നതും തങ്ങളുടെ ഗോഡ്‌ഫാദര്‍മാരായ പശ്ചാത്യര്‍ കൈവിട്ടതും മുബാറക്കിന്‌ വിനയായി. കെയ്‌റോ നഗരമധ്യത്തിലെ തഹ്‌രിര്‍ ചത്വരത്തില്‍ പത്തുലക്ഷം പേരാണ്‌ പ്രതിഷേധ റാലിയില്‍ ഇന്നലെ ബുധന്‍) ഒത്തു കൂടിയത്‌. തലസ്ഥാനം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ബലംപ്രയോഗിക്കില്ലെന്നാണ്‌ സൈന്യം വ്യക്തമാക്കിയത്‌. സൈനിക ടാങ്കുകളിലും തോക്കിന്‍ കുഴയലിലും കയറിയിരുന്നുള്ള പ്രതിഷേധം ലോകത്ത്‌ തന്നെ ആദ്യമായിരിക്കുമെന്നു വേണം അനുമാനിക്കാന്‍.
രാജ്യത്തെ മറ്റു വന്‍നഗരങ്ങളായ അലക്‌സാണ്ട്രിയയിലും സൂയസിലും പ്രക്ഷോഭം ശക്തമാണ്‌. അലക്‌സാണ്ട്രിയയിലെ സ്ഥിതി കലാപ സമാനമാണ്‌. മന്ത്രിസഭ പിരിച്ചു വിട്ട മുബാറക്കിന്റെ നടപടി പ്രക്ഷോഭകാരികള്‍ മുഖവിലക്കെടുത്തിട്ടില്ല.
ജനരോഷം ശമിപ്പിക്കാന്‍ 


വ്യോമസേന മേധാവിയും വ്യോമയാന മ
ന്ത്രിയുമായ അഹമ്മദ്‌ ഷഫീഖിനെ പ്രധാനമന്ത്രിയായും
വിശ്വസ്‌തനും രഹസ്യാന്വേഷണ വിഭാഗം തലവനുമായ
ഉമര്‍ സുലൈമാനെ വൈസ്‌ പ്രിസഡന്റുമായി മുബാറക്ക്‌ നിയമിച്ചിരുന്നു. ഇതും ഫലം ചെയ്‌തില്ല.ഈജിപ്‌ത്‌ ചരിത്രത്തിലാദ്യമായാണ്‌ വൈസ്‌ പ്രസിഡന്റ്‌ പദവി. മാത്രമല്ല സുലൈമാനെതിരായ വധശ്രമം സംഭവം കൂടുതല്‍ പ്രശ്‌നത്തിലേക്കാണ്‌ നീങ്ങുന്നതെന്നതിന്റെ തെളിവാണ്‌.
അതേസമയം ഈജിപ്‌തിന്റെ പലഭാഗങ്ങളിലും
കൊള്ളയും പിടിച്ചുപറിയും വ്യാപകമായതായി
റിപ്പോര്‍ട്ടുണ്ട്‌. ബദല്‍ സംവിധാനമില്ലാതെ രാഷ്‌ട്ര നേതൃത്വം നിലംപതിച്ചാലുണ്ടാകുന്ന പ്രത്യാഘാതം ഇതിലും ഭീകരമായിരിക്കുമെന്നതാണ്‌ അയല്‍ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തുന്നത്‌.
ഈജിപ്‌തിനെ തുടര്‍ന്ന്‌ യമനിലും ജോര്‍ദാനിലും
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കമായിട്ടുണ്ട്‌. യമനില്‍ പുതിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായാണ്‌ വിവരം. ജോര്‍ദാനില്‍ സര്‍ക്കാറിനെ അബ്‌ദുല്ല രാജാവ്‌ പിരിച്ചുവിട്ടു. യമനില്‍ അലി അബുദുല്ല സാലിഹിന്റെ നില പരുങ്ങലിലാണ്‌. സഊദി അറേബ്യയും യു എ ഇയും കുവൈത്തും പരസ്യമായി മുബാറക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. തങ്ങള്‍ക്കു മീതെയും ജനരോഷത്തിന്റെ വാള്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ ആശങ്കയോടെ നോക്കിക്കാണുന്നുണ്ട്‌. എന്നാല്‍ ജനാധിപത്യത്തേക്കാള്‍ വികസനാത്മകമാണ്‌ ഇവിടങ്ങളിലെ ഭരണമെന്നത്‌ നേട്ടം തന്നെ. എന്നാല്‍ ടുണീഷ്യയിലും യമനിലും ഈജിപ്‌തിലും ജനകീയ ഏകാതിപത്യം നിലനിര്‍ത്താന്‍ പശ്ചാത്യര്‍ ശ്രമിച്ചത്‌ ഭരണാധികാരികളുടെ പുരോഗമന നിലപാടുകള്‍ പരിഗണിച്ചാണ്‌. 95 ശതമാനത്തിലധികം മുസ്‌ലിംകളുള്ള ഈ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്‌ അവര്‍ നല്‌കിയത്‌. ഇസ്‌ലാം പരസ്യ വിനിമയത്തിനുള്ള പറ്റുന്ന ചരക്കല്ലെന്ന ധാരണയുണ്ടാക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. ഏകാതിപതികളായ പൂര്‍വ്വകാല രാജാക്കന്‍മാര്‍ തൊഴിലാളികളുടെ ജീവനെടുത്തു പണികഴിപ്പിച്ച നിര്‍മിതികള്‍ക്ക്‌ സംസ്‌കാരങ്ങളുടെ ഉച്ഛിഷ്‌ടമെന്ന്‌ ഓമനപ്പേരിട്ടു വിളിക്കുന്ന ആധുനിക സമൂഹത്തിന്‌ ഇതത്ര പ്രയാസമുള്ള കാര്യമല്ല. നാഗരികതകള്‍ ഒരിക്കലും സംസ്‌കാരമല്ലെന്ന തിരിച്ചറിവ്‌ മനുഷ്യസമൂഹത്തിനു കൈവരാന്‍ നാം ഇനിയും കാത്തിരിക്കേണ്ടി വരും. ഇത്തരം ജനകീയ ചെറുത്തു നില്‍പ്പുകള്‍ അതിനു കാരണമാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. 
Post a Comment