Monday, November 8, 2010

മാറ്റം പ്രതീക്ഷിച്ച ജനതയുടെ രോഷം

തെരഞ്ഞെടുപ്പ്‌ ഒരു ഭരണാധികാരിയെ വിലയിരുത്തപ്പെടുന്ന സമയമാണ്‌. വി എസ്‌ അച്യുതാനന്ദന്റെ കാര്യത്തില്‍ മാത്രമല്ല ബാരക്‌ ഒബാമക്കും അങ്ങിനെ തന്നെ. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊള്ളാന്‍ ഭരണ കക്ഷിക്ക്‌ പ്രയാസമായെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക്‌ ജയിച്ചവരെ അഭിനന്ദിച്ച്‌ തടിതപ്പാനുള്ള ചങ്കൂറ്റം ഒബാമ കാണിച്ചു. മാറ്റത്തിനൊരു വോട്ട്‌ (വോട്ട്‌ ഫോര്‍ ചെയ്‌ഞ്ച്‌) എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഒബാമ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. അച്ചന്‍ ബുഷ്‌ തുടങ്ങി വെച്ച യുദ്ധമുന്നണി ചെക്കന്‍ ബുഷ്‌ വ്യാപിപ്പിച്ചപ്പോള്‍ പൊറുതി മുട്ടിയ അമേരിക്കന്‍ ജനത സ്വതസിദ്ധമായ വംശീയബോധം മാറ്റിവെച്ച്‌ നിറം നോക്കാതെ വോട്ടു ചെയ്‌തു. ഒബാമ ജയിച്ചു. സാങ്കേതികത്വത്തില്‍ ബുഷ്‌ പിടിച്ചു തൂങ്ങിയെങ്കിലും അമേരിക്കന്‍ ജനത ഒബാമയെ തോളിലേറ്റുകയായിരുന്നു. ഇറാഖ്‌, അഫ്‌ഗാന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന ഒബാമയുടെ വാഗ്‌ദാനം ഏറെക്കുറെ പാലിക്കപ്പെടുമെന്ന്‌ പ്രതീതി പരന്ന ഘട്ടത്തിലാണ്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. എന്നാല്‍ യുദ്ധനയത്തില്‍ കാര്യമായ മാറ്റം ഒബാമ വരുത്തിയില്ലെന്നതാണ്‌ യാഥാര്‍ഥ്യം. പെന്റഗണ്‍ മേധാവി റോബര്‍ട്ട്‌ ഗേറ്റ്‌സിനെയോ ജനറല്‍ ഡേവിഡ്‌ പെട്രോസിനെയോ നീക്കം ചെയ്യാന്‍ ഒബാമ തയ്യാറായിട്ടില്ല. ഇറാഖില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിച്ചെങ്കിലും അഫ്‌ഗാനിസ്ഥാനിലേക്ക്‌ കൂടുതല്‍ സൈന്യത്തെ വിനിയോഗിക്കാനാണ്‌ ഒബാമ തുനിഞ്ഞത്‌. മാത്രമല്ല ഇരുരാജ്യങ്ങളിലും ശക്തമായ തിരിച്ചടിയാണ്‌ അമേരിക്കക്ക്‌ നേരിടേണ്ടി വന്നത്‌. അഫ്‌ഗാനിസ്ഥാനില്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി കര്‍ശന നിലപാടുകളുമായി മുന്നോട്ട്‌ വന്നപ്പോള്‍ ജനാധിപത്യത്തിന്റെ പൂന്തോപ്പാക്കി മാറ്റിയെന്ന്‌ അമേരിക്ക അവകാശപ്പെടുന്ന ഇറാഖില്‍ മാര്‍ച്ച്‌ ഏഴിനു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഇതുവരെ സര്‍ക്കാര്‍ രൂപീകരണം സാധ്യമായിട്ടില്ല.
വാര്‍ ഓണ്‍ ടെററും ഗ്വാണ്ടനാമോ തടവറയും ഒബാമയുടെ വാഗ്‌ദത്ത ലംഘനങ്ങളായി തുടരുകയാണ്‌. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ ലോകം മുഴുവന്‍ എതിര്‍ത്തിട്ടും അമേരിക്കന്‍ രഹസ്യതാല്‍പര്യം മാത്രമാണ്‌ അത്‌ നിലനിര്‍ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.
അമേരിക്കന്‍ ജനതയുടെ ലോക വീക്ഷണത്തില്‍ വന്ന കാതലായ മാറ്റത്തെയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്‌. ലോകത്തെവിടെയും തങ്ങളുടെ മേധാവിത്വം പുരുന്നതില്‍ അഭിമാനം കൊണ്ടിരുന്നു ശരാശരി അമേരിക്കക്കാരന്‌ പുറത്തേക്കു നോക്കാനുള്ള അവസരമാണ്‌ സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കിയത്‌. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ച്ചയോടെ ആരംഭിച്ച യുദ്ധ നയം കുളം തോണ്ടിയ സാമ്പദ്‌ വ്യവസ്ഥക്കു മീതെയാണ്‌ മാന്ദ്യത്തിന്റെ ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ചത്‌. മുന്‍ഗാമികള്‍ ചെയ്‌തു വെച്ചത്‌ ഒരു വിധം കരക്കടുപ്പിക്കാനുള്ള ഒബാമയുടെ ശ്രമം മാന്ദ്യത്തില്‍ തട്ടി തകരുകയും ചെയ്‌തു. ദേശീയ തൊഴിലില്ലാഴ്‌മ നിരക്ക്‌ 9.6 ശതമാനത്തില്‍ തട്ടിനില്‍ക്കുകയാണെന്നാണ്‌ യു എസ്‌ ബ്യൂറോ ഓഫ്‌ ലേബര്‍ സ്റ്റാറ്റിറ്റിക്‌സ്‌ നല്‌കുന്ന വിവരം. തൊഴില്‍ സൃഷ്‌ടിപ്പിനായി വിപണിയിലേക്ക്‌ ബില്യണ്‍ കണക്കിന്‌ ഡോളറുകള്‍ ഒഴുക്കിവിട്ടെങ്കിലും വര്‍ധിച്ച തൊഴിലില്ലാഴ്‌മ നിരക്കു തിരുത്താന്‍ അത്‌ പര്യാപ്‌തമായിട്ടില്ല. യുവ വോട്ടര്‍മാരുടെ എണ്ണം എട്ടു ശതമാനത്തോളം കുറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നതാണ്‌ വാസ്‌തവം. തൊഴില്‍ രംഗത്തെ തകര്‍ച്ച റിപ്പബ്ലിക്കന്‍മാര്‍ മുതലെടുത്തതായാണ്‌ തെരഞ്ഞെടുപ്പു ഫലം നല്‌കുന്ന സൂചന. 2008ല്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക്‌ ലഭിച്ച മുതിര്‍ന്ന പൗരന്‍മാരുടെ വോട്ട്‌ 48 ശതമാനമായിരുന്നെങ്കില്‍ 2010ല്‍ അത്‌ 58 ശതമാനമായി ഉയര്‍ന്നു. ഒബാമയുടെ സ്വന്തം `സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി' പാളിയതാണ്‌ ഗണ്യമായ വോട്ടു ചേര്‍ച്ചക്ക്‌ ഇടയാക്കിയത്‌. റിപ്പബ്ലിക്കന്‍മാരുടെ കുതിച്ചു ചാട്ടത്തിന്‌ കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പു ഫലത്തോട്‌ സാദൃശ്യമുണ്ട്‌.
പുറം കരാര്‍ നല്‌കുന്നതിനെതിരെ കടുത്ത നടപടികളാണ്‌ ഒബാമ ഭരണകൂടം സ്വീകരിച്ചത്‌. ഇന്ത്യയിലെ ബാംഗ്ലൂര്‍ ആണ്‌ ഇക്കാര്യത്തില്‍ വെല്ലുവിളിയെന്നായിരുന്നു യു എസ്‌ പ്രസിഡന്റ്‌ പ്രഖ്യാപിച്ചത്‌. സംഗതി ശരിയാണെങ്കിലും ലോകമമ്പാടും പ്രവര്‍ത്തിക്കുന്ന യു എസ്‌ കമ്പനികള്‍ ശതകോടികളാണ്‌ വിവിധ രാജ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന വരുമാനത്തിലൂടെ യു എസിലേക്ക്‌ നികുതിയിനത്തില്‍ ഒഴുക്കുന്നതെന്ന കാര്യം ഒബാമ സൗകര്യപൂര്‍വം മറക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന്‌ കരകയറ്റാന്‍ ഇത്യാതി നടപടികള്‍ കൊണ്ട്‌ കഴിയാതിരുന്നത്‌ തെരഞ്ഞെടുപ്പില്‍ നന്നായി പ്രതിഫലിച്ചു. 
മെക്‌സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ റിഗ്‌ പൊട്ടിത്തെറിച്ച്‌ കടലില്‍ എണ്ണ പരന്നത്‌ ലൂസിയാന, ഫ്‌ളോറിഡ തുടങ്ങിയ യു എസ്‌ പ്രവിശ്യകളിലെ പരിസ്ഥിതിക്ക്‌ സാരമായ കേടുപാടുകളാണുണ്ടാക്കിയത്‌. ഇനിയും ദുരന്തത്തില്‍ നിന്ന്‌ മേഖല മുക്തിപ്രാപിച്ചിട്ടില്ല. എന്നാല്‍ അമേരിക്കക്കാരനെ സംബന്ധിച്ചിടത്തോളം ഉടമകളായ ബ്രിട്ടീഷ്‌ കമ്പനിയെ കൊണ്ട്‌ മാന്യമായ നഷ്‌ടപരിഹാരം പോലും കൊടുപ്പിക്കാന്‍ ഒബാമ സര്‍ക്കാറിന്‌ സാധിച്ചില്ല എന്നത്‌ വളരെ നാണക്കേടുണ്ടാക്കുന്നുണ്ട്‌. 
തങ്ങള്‍ പ്രത്യകതകളുള്ള ജനതായണെന്നാണ്‌ അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഇപ്പോഴും കരുതിപ്പോരുന്നത്‌. മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണിബ്ലയര്‍ പ്രധാനമന്ത്രിസ്ഥാനത്തുള്ള വിടവാങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞത്‌ പ്രത്യേകതകളുള്ള ജനതയായ (സ്‌പെഷ്യല്‍ പീപ്പിള്‍) ബ്രിട്ടീഷുകാര്‍ക്ക്‌ നേതൃത്വം നല്‌കാനായതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ്‌. ലോക പൊലീസ്‌ എന്ന സ്വകാര്യ അഹങ്കാരം കൊണ്ടു നടക്കുന്ന അമേരിക്ക ബ്രിട്ടണുമായി നടത്തിയ നയതന്ത്ര നീക്കങ്ങളും എണ്ണ ചോര്‍ച്ച വിഷയത്തില്‍ കാര്യമായ ഫലം ചെയ്‌തില്ല. മാത്രമല്ല മെക്‌സിക്കന്‍ ഉള്‍ക്കടല്‍ തീരങ്ങളിലുണ്ടായ പരിസ്ഥിതി ആഘാതം പരിഹരിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ്‌ സൂചന. പുറമേ മേഖലയില്‍ നിന്നുള്ള കടല്‍ വിഭവങ്ങള്‍ പൂര്‍ണ ഭക്ഷ്യയോഗ്യമല്ലെന്ന ആശങ്ക ലൂസിയാന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പങ്കുവെക്കുന്നു. കടലിലേക്കു പരന്ന 4.9 ദശലക്ഷം ഗാലന്‍ എണ്ണ പാടകെട്ടുന്നത്‌ തടയാന്‍ 19 രാജ്യങ്ങളില്‍ നിരോധിച്ച കൊടിയ വിഷമായ കോറെക്‌സിറ്റ്‌ ഡിസ്‌പെര്‍സന്‍സ്‌ 1.9 ദശലക്ഷം ഗാലനാണ്‌ ഉപയോഗിച്ചതെന്ന്‌ ബി പി തന്നെ സമ്മതിച്ചിട്ടുണ്ട്‌. ഇവ മനുഷ്യനിലും കടല്‍-വന്യജീവികളിലും മാരക ദോഷഫലങ്ങളാണ്‌ സൃഷ്‌ടിക്കുകയെന്ന്‌ ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്‌. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ദുരന്തം സാമ്പത്തികമായും മാനസികമായും അമേരിക്കന്‍ ജനതയെ തകര്‍ത്തിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്നും കരകയറാന്‍ ഇന്നും രാജ്യത്തിനു സാധിച്ചില്ലെന്നത്‌ വോട്ടിലൂടെ പ്രതിഫലിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ.
(വര്‍ത്തമാനം ദിനപത്രം ഞായറാഴ്‌ച പതിപ്പ്‌/ ഫോക്കസ്‌ - 7-11-2010)
Post a Comment