Friday, November 5, 2010

പ്രവാസി വോട്ടവകാശം: ലക്ഷ്യം ഇനിയും അകലെ

രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെന്ന പോലെ ഭരണകൂടത്തെ തീരുമാനിക്കുന്നതിലും തങ്ങള്‍ക്ക്‌ പങ്കുവേണമെന്ന്‌ പ്രവാസി സമൂഹം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‌കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം നിറവേറ്റിയെന്ന മട്ടിലാണ്‌ പ്രവാസി വോട്ടവകാശ ബില്‍ അവതരിപ്പിച്ചത്‌.
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ പ്രവാസികളുടെ വോട്ട്‌ ഇനിയും അകലെയാണെന്ന വസ്‌തുത ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്‌. വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള ഏതൊരു പൗരനും (പ്രവാസിയാണെങ്കിലും) തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ട്‌ ചെയ്യാം എന്ന സാമാന്യ തത്വത്തെ ഊതിപ്പെരുപ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവാസി വോട്ടവകാശ ബില്‍. 
ലിസ്റ്റില്‍ നിന്ന്‌ പേര്‌ വെട്ടിമാറ്റപ്പെടാത്ത പ്രവാസികള്‍ തെരഞ്ഞെടുപ്പു സമയത്ത്‌ മുന്‍പും വോട്ട്‌ ചെയ്യാറുണ്ട്‌. അതിന്‌ പ്രത്യേക നിയമ പരിരക്ഷ ആവശ്യമില്ലായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട പ്രവാസി വോട്ട്‌ പ്രവര്‍ത്തന പഥത്തിലെത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നത്‌ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച്‌ ലജ്ജാകരം തന്നെ. ഇനി പുതിയ നിയമമനുസരിച്ച്‌ വോട്ടവകാശമുണ്ടായാല്‍ തന്നെ അര ചാണ്‍ വയറു നിറയ്‌ക്കാന്‍ കടല്‍ കടന്നവന്‍ പൈസ മുടക്കി വോട്ട്‌ ചെയ്യാന്‍ ഇങ്ങെത്തുമെന്ന്‌ വിചാരിക്കുന്നത്‌ ശുദ്ധ മണ്ഡത്തരമല്ലേ?
പ്രവാസി വോട്ടും ജനാധിപത്യവും
ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യമുള്ള രാജര്യമാണ്‌ ഇന്ത്യ. ജനാധിപത്യം ഏറെക്കുറേ അതിന്റെ പൂര്‍ണതയോടെ നിലനില്‍ക്കുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്ന്‌. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ലോക രാജ്യങ്ങളില്‍ മികച്ച ഭരണ സംവിധാനങ്ങളിലൊന്നു തന്നെയാണ്‌ ഇന്ത്യയിലേത്‌. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണ്‌ വിദേശങ്ങളില്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്നത്‌. അവര്‍ നാട്ടിലേക്കയക്കുന്ന പണമാണ്‌ കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ. ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തെ സാമൂഹ്യ-വ്യവസായിക-ജീവകാരുണ്യ മേഖലകളില്‍ ക്രിയാത്മക സേവനം ചെയ്യുന്നവരാണ്‌. പല പ്രദേശങ്ങളിലും പ്രവാസി വോട്ട്‌ കൂടി ഉള്‍പ്പെട്ടാല്‍ അത്‌ തെരഞ്ഞെടുപ്പു ഫലത്തെ തന്നെ സ്വാധീനിക്കും. ആ പ്രവാസികളെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്‌ ജനാധിപത്യ വിരുദ്ധംതന്നെയാണ്‌. യഥാര്‍ത്ഥത്തില്‍ പ്രവാസികളെ പരിഹസിക്കുകയാണ്‌ പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യയിലെ മിക്ക രാഷ്‌ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്‌ വിരോധാഭാസമാണ്‌.
തടസ്സം നിലവിലുള്ള നിയമം
തെരഞ്ഞെടുപ്പിനു മുമ്പ്‌ ആറുമാസമെങ്കിലും തുടര്‍ച്ചയായി അതാതു പ്രദേശങ്ങളില്‍ താമസിച്ചവര്‍ക്കു മാത്രമേ ഇന്ത്യന്‍ തെരഞ്ഞെടുപ്പു നിയമമനുസരിച്ച്‌ വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. 1-6 മാസം അവധിക്ക്‌ നാട്ടിലെത്തുന്ന പ്രവാസികളെ ഈ ഗണത്തില്‍ പെടുത്താനാകില്ല. മാത്രമല്ല പ്രവാസികളെ തെരഞ്ഞെടുപ്പു കണക്കെടുപ്പില്‍ `മറ്റുള്ളവര്‍' എന്ന പട്ടികയിലാണ്‌ ചേര്‍ത്തിരിക്കുന്നത്‌. മറ്റുള്ളവര്‍ എന്ന വിഭാഗം എന്താണെന്ന്‌ ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല. മാത്രമല്ല എല്ലാ പ്രവാസി വീടുകളെയും ദാരിദ്ര്യ രേഖക്കു മുകളിലാക്കി ആനുകൂല്യങ്ങള്‍ തടയന്ന സമീപനമാണ്‌ സര്‍ക്കാറുകള്‍ സ്വീകരിച്ചു പോരുന്നത്‌.
മിക്ക ലോക രാജ്യങ്ങളിലും പ്രവാസികള്‍ക്ക്‌ വോട്ടവകാശമുണ്ട്‌. ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ, സുഡാന്‍ തുടങ്ങി ജനാധിപത്യത്തില്‍ പിച്ച വെക്കുന്ന രാജ്യങ്ങള്‍ പോലും തങ്ങളുടെ പൗരന്‍മാര്‍ക്ക്‌ വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക്‌ വോട്ടെടുപ്പ്‌ `നാട്ടിലെ കാര്യം' മാത്രമായി അവശേഷിക്കുകയാണ്‌.
പ്രവാസി വോട്ട്‌ എങ്ങനെ
1-ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ള പൗരന്‍മാര്‍ക്ക്‌ വോട്ടവകാശം നല്‌കുക.
2- വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും എംബസി നിശ്ചയിക്കുന്ന സ്ഥലങ്ങളിലും വോട്ട്‌ ചെയ്യാനുള്ള സൗകര്യമൊരുക്കുക
3- സാങ്കേതിക സൗകര്യങ്ങള്‍ ഉപോയഗപ്പെടുത്തി ഓണ്‍ലൈന്‍ ആയി വോട്ട്‌ ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതിനായി പ്രവാസികള്‍ക്ക്‌ പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡും നമ്പറും നല്‌കാം.
4- ഓണ്‍ലൈന്‍ വോട്ടിംഗ്‌ സാധ്യമാകാത്ത സ്ഥലങ്ങളില്‍ പോസ്റ്റല്‍ വോട്ടിംഗിന്‌ സൗകര്യമൊരുക്കുക. പോസ്റ്റല്‍ ബാലറ്റുകള്‍ അതാത്‌ രാജ്യങ്ങളിലെ എംബസികള്‍ വഴി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിക്കാം.
5- വോട്ടെടുപ്പിന്‌ സൗകര്യമൊരുക്കാന്‍ അതാതു രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായം തേടാവുന്നതാണ്‌. (നിലവില്‍ ഇത്തരത്തില്‍ വോട്ടവകാശം നല്‌കുന്ന രാജ്യങ്ങള്‍ ഇങ്ങനെയാണ്‌ ചെയ്‌തു പോരുന്നത്‌.
Post a Comment