Thursday, September 30, 2010

ഞാവല്‍ മരത്തിന്റെ തണല്‍

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഞാവല്‍ മരം. ഞാവലിന്‌ ഒട്ടേറെ പ്രത്യേകതകളുണ്ട്‌. പന്തലിച്ചു വളരുന്ന മരം നല്ല തണല്‍ വൃക്ഷമാണ്‌. ഞാവല്‍ വളരുന്നതിനു സീമീപം വെള്ളം സമൃദ്ധമായി ലഭിക്കുമെന്ന്‌ ഒരു ചെറു പുസ്‌തകത്തില്‍ വായിച്ചതോര്‍ക്കുന്നു. അന്ന്‌ അത്‌ അത്ര കാര്യമാക്കിയില്ല. പിന്നീട്‌ അതിനെ കുറിച്ച്‌ ഗൗരവതരമായ ആലോചനകള്‍ എന്നെ ചുറ്റിയപ്പോള്‍ ആ പുസ്‌തകം തേടി വീണ്ടും ഞാന്‍ ലൈബ്രറി അരിച്ചു പെറുക്കി. സ്വതവേ വായന കുറവായ ഞാന്‍ ഏറെ പണിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. വായനക്കാരില്‍ ആര്‍ക്കെങ്കിലും അതേ കുറിച്ച്‌ വിവരമുണ്ടെങ്കില്‍ അറിയിക്കുമല്ലോ.
സംസ്‌കൃതത്തില്‍ ജംബു എന്നറിയപ്പെടുന്ന ഈ കൊച്ചു പഴത്തിന്റെ ഇംഗ്ലീഷ്‌ നാമം കേട്ടാല്‍ ആരുമൊന്നു ഞെട്ടും, ബ്ലാക്‌ബെറി.
പാകമായ ഞാവല്‍ പഴത്തിന്‌ കറുപ്പ്‌ കലര്‍ന്ന നീല നിറമാണ്‌. എന്റെ ഭാഷയില്‍ ചവര്‍പ്പു മധുരം. ഞാവല്‍ കഴിച്ചാല്‍ നാവും ചുണ്ടുമെല്ലാം സമാന വര്‍ണമാകും. പതിവായി കഴിച്ചാല്‍ പ്രമേഹരോഗം അകറ്റി നിര്‍ത്താമെന്ന്‌ ആയുര്‍വേദം. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും അത്യുത്തമം. അതിനാല്‍ തന്നെ നാട്ടുവൈദ്യത്തിലും ഞാവലിന്‌ സവിശേഷ സ്ഥാനമുണ്ട്‌. തികച്ചും `ഉപകാരപ്രദമായ മരം'. കുരുവും ഇലകളും
ഔഷധമൂല്യമുള്ളതാണ്‌ . `വേരുകള്‍ ഭൂമിയിലാഴ്‌ത്തി ആകാശം ചുംബിച്ചു നില്‍ക്കുന്ന മരത്തിന്റെ പഴം പക്ഷികളും മനുഷ്യരും ഭക്ഷിക്കുന്നു'. അത്തരമൊരു മരമാണ്‌ റൗദത്തുല്‍ ഉലൂം അറബിക്‌ കോളേജിന്റെ മുഖമുദ്ര. വിജ്ഞാനത്തിന്റെ പൂങ്കാവനം. ഫറൂഖ്‌ കോളേജ്‌ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മാതൃസ്ഥാപനം. മൗലാനാ അബുസ്സബാഹ്‌ അഹ്‌മദ്‌ അലിയെ പരാമര്‍ശിക്കാതിരിക്കാന്‍ വയ്യ. അറബ്‌ മാതൃകയിലുള്ള പള്ളി ഫറൂഖ്‌ കോളേജ്‌ സുച്ഛയത്തിന്റെ മുഖ്യ ആകര്‍ഷണീയതയാണ്‌. അഞ്ചു വര്‍ഷം അവിടെ ചെലവഴിച്ചത്‌ ഏറെ മധുരിക്കുന്ന ഓര്‍മയാണ്‌. പാകമായ ഞാവല്‍ പഴം തിന്നുന്നതു പോലെ. കുറച്ചു കാലം ഹോസ്റ്റല്‍ ജീവിതവും നയിച്ചു.
അടുത്ത കാലത്ത്‌ ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്‌ കടപ്പുറത്ത്‌ ഒത്തുകൂടി. എല്ലാവരും പോകുന്ന വഴിയിലല്ല എന്റെ സഞ്ചാരം എന്ന അധ്യാപകന്റെ ആശീര്‍വാദം അവര്‍ ഓര്‍മിപ്പിച്ചു. ഞാനറിയാതെ എനിക്ക്‌ പ്രോത്സാഹനമായി മാറിയ ഗുരുവിനെ ഞാന്‍ നന്ദിയോടെ സ്‌മരിച്ചു. അന്നു തന്നെ കുറച്ചു പേര്‍ ചേര്‍ന്ന്‌ വയനാട്ടിലേക്ക്‌ ഒരു വിനോദയാത്രയ്‌ക്കും പദ്ധതിയിട്ടു. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്ന്‌ മുഖത്തടിച്ച തണുത്ത വെള്ളം സൗഹൃദത്തിനു ചൂടുപിടിപ്പിച്ചു. വിനോ യാത്രയേക്കാളുപരി അല്‍പ്പം ഗൗരവ ചിന്തകള്‍ പങ്കുവെച്ചും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശിലയിട്ടുമാണ്‌ യാത്ര സമാപിച്ചത്‌. യാത്രക്കെത്തിയവര്‍ക്കും അസൗകര്യം മൂലം വരാന്‍ കഴിയാതിരുന്നവര്‍ക്കും ആശംസകള്‍.
Post a Comment