Sunday, September 26, 2010

ഓാ ക്യൂബ!!! ... ഞങ്ങളിനി എങ്ങോട്ട്‌ നോക്കും??

അഫ്‌സല്‍ കോണിക്കല്‍
ക്യൂബന്‍
ചുരുട്ടിന്റെ ഹരം പിടിപ്പിക്കുന്ന പുക മുന്‍പ്‌ ഞങ്ങള്‍ക്ക്‌ ലഹരി മാത്രമായിരുന്നില്ല. സാമ്രാജ്യത്വ ശക്തികളോടുള്ള ചെറുത്തു നില്‍പ്പായിരുന്നു. സോവിയറ്റ്‌ യൂണിയനിലേക്കും ചൈനയിലേക്കും ഞങ്ങള്‍ ആവേശത്തോടെ നോക്കിയ ഒരു കാലമുണ്ടായിരുന്നു വര്‍ണ ശബളിമയുള്ള `സോവിയറ്റ്‌ നാട്‌' കടല പൊതിയാന്‍ പോലും എടുക്കാതെ ഞങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചു. ഇന്ത്യക്ക്‌ എക്കാലവും പ്രധാന ഭീഷണിയായ ചൈനയെ ഞങ്ങള്‍ ആദര്‍ശത്തിന്റെ പേരില്‍ സ്‌നേഹിച്ചു. എന്നാല്‍ തൊണ്ണൂറുകള്‍ കടന്നു പോകാനുള്ള കെല്‍പ്പ്‌ സോവിയറ്റ്‌ യൂണിയന്‌ ഇല്ലാതെ പോയി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിജയമായിരുന്നു അത്‌. ഇന്ത്യന്‍ മണ്ണിനു വേണ്ടിയുള്ള ചൈനീസ്‌ അവകാശവാദം പോലെ ഇന്ത്യയുടെ ഇന്ത്യയുടെ പ്രതിരോധത്തെ ഞങ്ങള്‍ ചുരുക്കിക്കണ്ടു. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ അമേരിക്കയോടടുത്തപ്പോള്‍ ലോക സാമ്രാജ്യത്വമെന്ന പ്രതിനായക സങ്കല്‍പ്പം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഇന്ത്യ-ചൈന ഭായി ഭായി എന്ന നെഹ്‌റു ചിന്തയെ ചതിയിലൂടെ ചൈന ആക്രമിച്ചു തകര്‍ത്തപ്പോഴും ഞങ്ങള്‍ മൗനം വെടിഞ്ഞിരുന്നില്ല. അതിനു ശേഷവും ചൈനയിലേക്ക്‌ നോക്കി വികസന സ്വപ്‌നങ്ങള്‍ കാണാന്‍ ഞങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ശരിയെന്ന്‌ ഞങ്ങള്‍ ധരിച്ചു. പോളണ്ടിന്റെ ആശയത്തകര്‍ച്ചയെകുറിച്ച്‌ ആരെയും മിണ്ടാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ അവിടെ മതവിശ്വാസികള്‍ക്കെതിരെ നടന്ന പീഡനങ്ങള്‍ പുറംലോകമറിഞ്ഞപ്പോള്‍ എന്തിന്‌ ജീവനില്ലാത്ത മതം എന്നു ഞങ്ങള്‍ ആശ്വസിച്ചു. കേരളവും ഇന്ത്യയും മറന്നു സ്വപ്‌നം കാണാന്‍ മാത്രം കമ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍ അന്നുണ്ടായിരുന്നു. എല്ലാം മറക്കേണ്ടി വന്നപ്പോഴും ആശ്വാസമായി ക്യൂബയുണ്ടായിരുന്നു. ലോക സമ്രാജ്യത്തിന്റെ കടക്കല്‍ പ്രതിരോധമായി ഞങ്ങളതിനെ കണ്ടു. ഇറാഖിലെ, അഫ്‌ഗാനിസ്‌താനിലെ, ഫലസ്‌തീനിലെ തുടങ്ങി ലോകമെങ്ങുമുള്ള സമ്രാജ്യത്വ അധിനിവേശങ്ങള്‍ നിങ്ങള്‍ എതിര്‍ത്തു.കാസ്‌ട്രോയും പിന്നെ ഷാവേസും ലോകമെങ്ങും ആവേശം സൃഷ്‌ടിച്ചു. കമ്യൂണിസ്റ്റ്‌ സ്വഗമായി ക്യൂബ നിലനിന്നു. ഓ.. ഫലസ്‌തീന്‍ നിന്റെ കണ്ണീര്‍ ഞങ്ങള്‍ ഉള്‍ക്കൊണ്ടു. ഞങ്ങളുടെ സമ്മേളന പോസ്റ്ററുകളില്‍ ഇ എം എസിനും ചെഗ്വേരക്കും ഫിഡല്‍ കാസ്‌ട്രോക്കുമൊപ്പം യാസര്‍ അറഫാത്തിന്റെയും ചിത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നിരന്നു. അതു കണ്ട്‌ മുസ്‌ലിം ലീഗ്‌ പോലും ഒരു വേള വിരണ്ടു. എങ്കിലും കാസ്‌ട്രോ....... വിപ്ലവത്തിന്റെ പ്രവാചകാ...... താങ്കള്‍ പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. നെജാദിന്റെ ഹോളോകാസ്റ്റ്‌ നിഷേധം ശരിയല്ലെന്ന വാദം ആര്‍ക്കും എതിര്‍വാദമുന്നയിക്കാവുന്നതു മാത്രമാണ്‌. എന്നാല്‍ ഇസ്രാഈലികള്‍ക്ക്‌ നിലനില്‍പ്പിന്‌ അര്‍ഹതയുണ്ടെന്ന്‌ താങ്കള്‍ പറഞ്ഞപ്പോള്‍ അവിടെയുള്ള ഫലസ്‌തീനികള്‍ക്ക്‌ അതില്ലേ എന്ന്‌ ഞങ്ങള്‍ ന്യായമായും സംശയിച്ചു. ഗസ്സ മുനമ്പിനെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി
മാറ്റിയ ജൂത രാഷ്‌ട്രത്തിന്റെ രക്ത ദാഹം താങ്കള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? ഗസ്സയിലേക്കു നീങ്ങിയ സഹായക്കപ്പല്‍ കൂട്ടത്തെ ആക്രമിച്ച്‌ ജൂത സൈന്യം ഒന്‍പത്‌ സന്നദ്ധ പ്രവര്‍ത്തകരെ വധിച്ച വിവരം സോഷ്യോ-ലിബറല്‍ ക്യൂബന്‍ സര്‍ക്കാര്‍ താങ്കളില്‍ നിന്ന്‌ മറച്ചുവെച്ചുവോ? യാസര്‍ അറഫാത്തിന്റെ ചിത്രങ്ങള്‍ക്കു പകരം ഷിമോണ്‍ പെരസിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും യഹൂദ്‌ ബാരകിന്റെയും ചിത്രങ്ങള്‍ ഞങ്ങള്‍ പതിക്കേണ്ടി വരുമോ?
ഓാ ക്യൂബ!!! ... ഞങ്ങളിനി എങ്ങോട്ട്‌ നോക്കും??

അവസാനത്തെ ആശയായിരുന്നു അവിടം. സമ്രാജ്യത്ത സിണ്ടിക്കേറ്റ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ഇനിയും ഞങ്ങള്‍ വിശ്വസിക്കാതിരുന്നോട്ടെ!.
തൊഴിലില്ലാപ്പട തൊഴിലില്ലാപ്പട പെരുകിയത്രെ! ക്യൂബന്‍ സര്‍ക്കാര്‍ സ്വകാര്യമേഖലയെ തുറന്നു വിട്ടിരിക്കുകയാണു പോലും! സര്‍ക്കാര്‍ ജോലി ചെയ്‌ത്‌ അരപ്പട്ടിണിയുമായി കഴിഞ്ഞ ജനങ്ങള്‍ക്ക്‌ ഇത്‌ ആശ്വാസം നല്‌കിയത്രേ.
ഓാ ക്യൂബ!!!
ഇതൊക്കെ ശരിയാണെങ്കില്‍ എന്തിനായിരുന്നു ഇത്രയും കാലം ജനങ്ങളെ ബുദ്ധിമുട്ടച്ചത്‌? പിന്നെയെന്താണ്‌ വിപ്ലവം? ആര്‍ക്കാണ്‌ വിപ്ലവത്തിന്റെ നേട്ടം? ഞങ്ങളുടെ നാട്ടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഐ എന്നൊരു പാര്‍ട്ടിയുണ്ട്‌. ഇന്ത്യ ഭരിച്ച, ഭരിക്കുന്ന പാര്‍ട്ടി. നെഹ്‌റു , മകള്‍ ഇന്ദിര, അവരുടെ മകന്‍ രാജീവ്‌ ........... കുടുംബവാഴ്‌ചയെന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ അവരെ പരിഹസിച്ചു. സഹോദരന്‍ റൗളിന്‌ അധികാരം നല്‌കി
താങ്കളും അത്‌ ശരിയെന്ന്‌ തെളിയിച്ചു. വടക്കന്‍ കൊറിയയില്‍ കിം ജോ ഇല്‍ പിതാവില്‍ നിന്ന്‌ കിട്ടിയ അധികാരം പിന്തുടര്‍ച്ചാവകാശമായി മകനു നല്‌കി. ലോക കമ്യൂണിസം ചിലരുടെ തറവാട്ടു സ്വത്താണോ? ഇതൊന്നും നേരത്തെ അറിഞ്ഞില്ലല്ലോ എന്റെ ദൈവമേ....
Post a Comment