Sunday, September 19, 2010

അമിത വേഗതയിലൊതുങ്ങുന്ന റോഡപകടങ്ങള്‍ജനീറ്റ മറിയം
സംസ്ഥാനത്ത്‌ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി പെരുകി വരികയാണ്‌. മാരകമായി പരുക്കേല്‍ക്കുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണത്തിന്‌ കണക്കില്ല. ജീവിതകാലം മുഴുവന്‍ നരകിക്കാനാണ്‌ ഇവരുടെ വിധി. അമിത വേഗമാണ്‌ മിക്ക റോഡപകടങ്ങള്‍ക്കും കാരണമെന്നാണ്‌ വിലയിരുത്തല്‍. കൂടുതല്‍ അപകടങ്ങളും ഇരുചക്രങ്ങള്‍ ഉള്‍പ്പെട്ടതായതിനാല്‍ കുറ്റം ബൈക്ക്‌ യാത്രികരിലാണ്‌ പലപ്പോഴും ആരോപിക്കപ്പെടാറുള്ളത്‌.
അതേസമയം നമ്മുടെ നാട്ടിലെ റോഡുകളുടെ നിലവാരവും ശാസ്‌ത്രീയതയും ഒരു വിധത്തിലും ചച്ചയാവാറില്ല. മാധ്യമ ചിന്തയും മറ്റെന്തെങ്കിലും ഉപരിപ്ലവ കാരണങ്ങളില്‍ ഉടക്കുന്നു. റോഡപകടങ്ങള്‍ക്ക്‌ യഥാര്‍ഥ പരിഹാരം റോഡുകളുടെ ഉപരിതലം ടാറിംഗ്‌ നടത്തുക മാത്രമായിരുന്നെങ്കില്‍ ദുരന്തങ്ങള്‍ ഏറ്റവും കുറയേണ്ടിയിരുന്നത്‌ കഴിഞ്ഞ ദിവസം നാലു പേരുടെ ജീവനെടുത്ത കോഴിക്കോട്‌ ബൈപ്പാസ്‌ റോഡിലായിരുന്നു. എന്നാല്‍ സംസ്ഥാനത്ത്‌ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന മേഖലയാണ്‌ രാമനാട്ടുകര മുതല്‍ മലാപ്പറമ്പ്‌ വരെയുള്ള ബൈപ്പാസ്‌. താരതമ്യേന നല്ല ഉപരിതലവും ദൂരക്കാഴ്‌ചയും ഈ റോഡിനുണ്ട്‌. എന്നാല്‍ വേഗത്തില്‍ വരുന്ന വാഹനം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ റോഡിന്റെ പ്രതലം ശരിയായ വിധത്തിലല്ലാത്തത്‌ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്‌. ബൈക്കപകടങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതില്‍ പലപ്പോഴും റോഡുകള്‍ക്കും നിര്‍ണായക പങ്കുണ്ട്‌. സംസ്ഥാനത്തെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡുകളുടെ കണക്കെടുക്കാന്‍ ഒരു കൈ തന്നെ വേണ്ടതില്ലാത്ത അവസ്ഥയാണ്‌.
ഒരു വാഹനം എത്ര വരെ വേഗത്തില്‍ പോകാമെന്ന സൈന്‍ ബോഡുകള്‍ മിക്ക സ്ഥലത്തുമില്ല. ഉണ്ടെങ്കില്‍ തന്നെ അവ കാണണമെങ്കില്‍ വാഹനം നിര്‍ത്തി നോക്കേണ്ട അവസ്ഥയാണ്‌.
`കുപ്രസിദ്ധമായ' ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെ സംസ്ഥാനത്ത്‌ ഉണ്ടായ റോഡപകടങ്ങള്‍ക്ക്‌ കണക്കില്ല. ജപ്പാന്‍ കുഴികളില്‍ വീണ്‌ മരിച്ചവരും പരുക്കേറ്റവരും നിരവധി.
സര്‍ക്കാറിന്‌ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പിരിഞ്ഞു കിട്ടുന്ന നികുതിയാണ്‌ റോഡ്‌ ടാക്‌സ്‌. എന്നാല്‍ റോഡുകള്‍ നന്നാക്കാനും ശാസ്‌ത്രീയമായി വികസിപ്പിക്കാനും പണം ഇല്ലെന്നാണ്‌ സര്‍ക്കാര്‍ വാദം. റോഡ്‌ ടാക്‌സ്‌ പൂര്‍ണമായും മറ്റു മേഖലകളില്‍ ചെലവഴിച്ച്‌ റോഡ്‌ നിര്‍മാണത്തിന്‌ സ്വകാര്യ മേഖലയെ ആശ്രയിക്കുക എന്നതാണ്‌ പുതിയ പ്രവണത. അതിനാല്‍ തന്നെ സ്വകാര്യ പങ്കാളിത്തമില്ലാത്ത റോഡുകളുടെ സ്ഥിതി ദയനീയമാണു താനും.
റോഡ്‌ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യയും ഉപരിതലത്തിന്റെ ഘടനയും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ തയ്യാറായാല്‍ തന്നെ ഒരു പരിധിവരെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും. മാത്രമല്ല വ്യക്തമായ സൈന്‍ ബോഡുകളും മുന്നറിയിപ്പു ബോഡുകളും സ്ഥാപിച്ചാല്‍ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാകും. ബോധവത്‌കരണവും വേഗ നിയന്ത്രണവും ഇതോടൊപ്പം നടപ്പാക്കിയാല്‍ റോഡുകള്‍ ചോരക്കളമാകുന്ന അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്‌. മറിച്ച്‌ `അമിത വേഗമാണ്‌ അപകട കാരണം' എന്ന പ്രയോഗത്തിലൊതുങ്ങേണ്ടതല്ല മലയാളിയുടെ ജീവന്‍
Post a Comment